ADVERTISEMENT

അബുദാബി∙  കിനാവു കണ്ടതു വെറുതെയായി; ന്യൂസീലൻഡ് വീണ്ടും ഇന്ത്യയുടെ സ്വപ്നം തകർത്തു. കിവീസിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിക്കുമെന്നും നെറ്റ് റൺറേറ്റിലെ മേൽക്കൈ വഴി ട്വന്റി20 ലോകകപ്പ് സെമിയിൽ കടക്കാമെന്നുമുള്ള ഇന്ത്യയുടെ പ്രതീക്ഷ അസ്ഥാനത്തായി. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്നു നമീബിയയെ നേരിടുക എന്ന ജോലി കൂടി തീർക്കണം. പക്ഷേ, ആ മത്സരത്തിൽ ജയിച്ചാലും ഒരു കാര്യവുമില്ല. രവീന്ദ്ര ജഡേജ പറഞ്ഞതു പോലെ  ‘ബാഗുമെടുത്ത് നാട്ടിലേക്കു മടങ്ങാം.’ കഴിഞ്ഞ ഏകദിന ലോകകപ്പിലും ഈ വർഷം നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ഇന്ത്യയുടെ അന്തകരായിരുന്നു ന്യൂസീലൻഡ്.

‘ഒരു വെടിക്ക്’ അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും ഒരുമിച്ചു ലോകകപ്പിൽനിന്നു പുറത്താക്കിയ ന്യൂസീലൻഡ് ഗ്രൂപ്പ് രണ്ടിൽനിന്നു പാക്കിസ്ഥാനു പിന്നിൽ സെമി യോഗ്യത നേടിയ 2–ാം ടീമായി. ഗ്രൂപ്പ് ഒന്നിൽനിന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേരത്തേ സെമി ഉറപ്പിച്ചിരുന്നു. ഇന്നലെ ഒന്നാന്തരം ബോളിങ് പ്രകടനത്തിലൂടെ അഫ്ഗാനിസ്ഥാനെ ചുരുങ്ങിയ സ്കോറിലൊതുക്കിയ കിവീസ് 11 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: അഫ്ഗാനിസ്ഥാൻ – 20 ഓവറിൽ 8ന് 124, ന്യൂസീലൻഡ് – 18.2 ഓവറിൽ 2ന് 125. 

സൂപ്പർ 12ലെ 5 കളികളിൽ 4 എണ്ണവും ജയിച്ചാണു ന്യൂസീലൻഡിന്റെ സെമി പ്രവേശം. അഫ്ഗാനിസ്ഥാനെതിരെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടരുമ്പോഴും അവരുടെ പ്രഫഷനൽ സമീപനം പ്രകടമായിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (40*) അപരാജിത ഇന്നിങ്സിലൂടെ ഒരിക്കൽക്കൂടി ടീമിനെ വിജയത്തിലേക്കു നയിച്ചു. 4–ാം നമ്പർ ബാറ്റർ ഡെവൺ കോൺവേ (36*), മാർട്ടിൻ ഗപ്റ്റിൽ (28) ‍എന്നിവരുടെ ഭേദപ്പെട്ട ഇന്നിങ്സുകൾ കൂടി ചേർന്നതോടെ വലിയ പരുക്കുകളില്ലാതെ അനായാസ വിജയം. അഫ്ഗാനിസ്ഥാനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ച സ്പിന്നർമാർ റാഷിദ് ഖാനും മുജീബുർ റഹ്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും ന്യൂസീലൻഡിനെ പിടിച്ചുകെട്ടാൻ അതൊന്നും മതിയായിരുന്നില്ല.

nzlcelebrations
നായ്‌ബിനെ പുറത്താക്കിയ ഇഷ് സോധിയെ കിവീസ് നായകൻ കെയ്ൻ വില്യംസൻ അഭിനന്ദിക്കുന്നു.

ടോസ് നേടിയപ്പോൾ വൻ സ്കോർ പടുത്തുയർത്താമെന്ന വ്യാമോഹത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനെ കിവീസ് ബോളർമാർ വരിഞ്ഞു മുറുക്കി. പവർപ്ലേ പൂർത്തിയാകും മുൻപു തന്നെ 3 മുൻനിര ബാറ്റർമാർ പുറത്തായതോടെ അഫ്ഗാനിസ്ഥാന്റെ തന്ത്രം പാളി. ട്രെന്റ് ബോൾട്ടും ടിം സൗത്തിയും ആദം മിൽനെയും ഷോർട്ട് ബോളുകളും ബൗൺസറുകളും തന്ത്രപൂർവം ഉപയോഗിച്ചതോടെ ഫുൾപിച്ച് പന്തുകളിൽപോലും അഫ്ഗാൻ ബാറ്റർമാർ പുറത്തായി.

മധ്യനിര ബാറ്റർ നജീബ് സാദ്രാനു മാത്രമാണു ചെറുത്തുനിൽക്കാനായത്. 48 പന്തുകളിൽനിന്ന് 73 റൺസ് കുറിച്ച നജീബ് 6 ഫോറും 3 സിക്സും നേടി. ഗുൽബുദീൻ നായിബിനൊപ്പം (18 പന്തിൽ 15) 4–ാം വിക്കറ്റിൽ 37 റൺസും മുഹമ്മദ് നബിക്കൊപ്പം (20 പന്തിൽ 14 റൺസ്) 5–ാം വിക്കറ്റിൽ 59 റൺസും നജീബ് കൂട്ടിച്ചേർത്തു. എന്നാൽ, 18–ാം ഓവറിന്റെ അവസാന പന്തിൽ നബിയെ സൗത്തി സ്വന്തം ബോളിങ്ങിൽ പിടികൂടി. ബോൾട്ട് എറിഞ്ഞ അടുത്ത ഓവറിലെ 2–ാം പന്തിൽ സാദ്രാനും 4–ാം പന്തിൽ കരീം ജനത്തും (2) പുറത്തായതോടെ ഡെത്ത് ഓവറുകളിൽ സ്കോറിങ് കൂട്ടാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ജിമ്മി നീഷം എറിഞ്ഞ അവസാന ഓവറിൽ 2 റൺസ് മാത്രമാണ് അഫ്ഗാനിസ്ഥാനു നേടാനായത്.

റാഷിദ് ഖാന് 400 വിക്കറ്റ്

ട്വന്റി20 ക്രിക്കറ്റിൽ 400 വിക്കറ്റെടുക്കുന്ന നാലാമത്തെ ബോളറെന്ന നേട്ടം അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ സ്വന്തമാക്കി. ഡ്വെയ്ൻ ബ്രാവോ, ഇമ്രാൻ താഹിർ, സുനിൽ നരെയ്ൻ എന്നിവരാണു മറ്റുള്ളവർ. ഏറ്റവും വേഗത്തിൽ (289 മത്സരം) ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണു റാഷിദ്.

English Summary: T20 World Cup: New Zealand vs Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com