ADVERTISEMENT

ദുബായ്∙ രാജ്യാന്തര ട്വന്റി20യിൽ ഇനി ‘കോലിപ്പട’ ഇല്ല. ഇന്ത്യൻ പരീശീലക സ്ഥാനത്തു തല പുകയ്ക്കാൻ രവി ശാസ്ത്രിയും! നായകനായി ട്വന്റി20യിലെ അവസാന രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ വിരാട് കോലിക്കും, പരീശീലകന്റെ റോളിൽ അവസാന മത്സരത്തിനെത്തിയെ ശാസ്ത്രിക്കും നമീബിയയ്ക്കെതിരായ 9 വിക്കറ്റ് ജയത്തോടെ ഇന്ത്യൻ സഹതാരങ്ങൾ ഉചിതമായ യാത്രയയപ്പു നൽകി. സ്കോർ: നമീബിയ 20 ഓവറിൽ 132–8; ഇന്ത്യ 15.2 ഓവറിൽ 136–1.

സൂപ്പർ 12ലെ ആദ്യ 2 മത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസീലൻഡിനോടും വമ്പൻ തോൽവികൾ ഏറ്റുവാങ്ങിയെങ്കിലും, പിന്നീട് അഫ്ഗാനിസ്ഥാൻ, സ്കോട്‌ലൻഡ്, നമീബിയ എന്നീ ടീമുകൾക്കെതിരെ നേടിയ വൻ ജയങ്ങളോടെ മുഖം രക്ഷിച്ചെടുത്തു എന്ന ആശ്വാസത്തിൽ ഇന്ത്യൻ താരങ്ങൾക്കു നാട്ടിലേക്കു മടങ്ങാം; പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിനും ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന പുതിയ ‘ക്യാപ്റ്റനും’ കീഴിൽ പുതിയ തന്ത്രങ്ങൾക്കു കോപ്പു കൂട്ടാം!

ഞായറാഴ്ച ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനെ കീഴടക്കിയതോടെതന്നെ ഇന്ത്യ ട്വന്റി20 ലോകകപ്പിൽനിന്നു പുറത്തായിരുന്നു. ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് രണ്ടിൽനിന്ന് പാക്കിസ്ഥാനും ന്യൂസീലൻഡും സെമി ഫൈനലിനു യോഗ്യത നേടുകയും ചെയ്തു. 

രോഹിത് ശർമ (37 പന്തിൽ 7 ഫോറും 2 സിക്സും അടക്കം 56), കെ.എൽ. രാഹുൽ (36 പന്തിൽ 4 ഫോറും 2 സിക്സും അടക്കം പുറത്താകാതെ 54) എന്നിവർ തകർത്തടിച്ചപ്പോൾ 28 പന്തുകൾ ബാക്കി നിൽക്കെ നമീബിയയ്ക്കെതിരെ ഇന്ത്യ ലക്ഷ്യത്തിലെത്തി. പവർപ്ലേ ഓവറുകളിൽ രോഹിത്– രാഹുൽ സഖ്യം 54 റൺസ് എടുത്തതോടെ തന്നെ ഇന്ത്യ മികച്ച വിജയം ഉറപ്പിച്ചിരുന്നു. രാഹുലുമൊത്ത് ആദ്യ വിക്കറ്റിൽ 86 റൺസ് ചേർത്തതിനു ശേഷമാണു രോഹിത് പുറത്തായത്. 

ക്യാപ്റ്റന്റെ ചുമതലയുള്ള അവസാന മത്സരത്തിൽ, തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പർ സൂര്യകുമാർ യാദവിനു നൽകിയ കോലി ബാറ്റിങ്ങിന് ഇറങ്ങാതിരുന്നതും ശ്രദ്ധേയമായി. 18 പന്തിൽ 4 ഫോർ അടക്കം 24 റൺസ് എടുത്ത സൂര്യകുമാർ രാഹുലിനൊപ്പം പുറത്താകാതെനിന്നു. 

നേരത്തെ,  നമീബിയ 4.3 ഓവറിൽ വിക്കറ്റു പോകാതെ 33 റൺസെടുത്തതിനു ശേഷമാണ് ഇന്ത്യ മത്സരത്തിൽ പിടി മുറുക്കിയത്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ 4 ഓവറിൽ 20 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ 4 ഓവറിൽ 16 റൺസ് വഴങ്ങിയും 3 വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്ര 19 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.വരുൺ ചക്രവർത്തിക്കു പകരം മത്സരത്തിന് ഇറങ്ങിയ രാഹുൽ ചാഹർ 4 ഓവറിൽ 30 റൺസ് വഴങ്ങി, വിക്കറ്റൊന്നും കിട്ടിയതുമില്ല. 4 ഓവറിൽ 39 റൺസ് വഴങ്ങിയ മുഹമ്മദ് ഷമിക്കും വിക്കറ്റില്ല. 

ഓൾറൗണ്ടർ ഡേവിഡ് വീസെയാണ് (25 പന്തിൽ 2 ഫോർ അടക്ക 26) നമീബിയയുടെ ടോപ് സ്കോറർ. വാൻ ലിങ്കനെ (15 പന്തിൽ 2 ഫോർ അടക്കം 14) മുഹമ്മദ് ഷമിയുടെ കൈകളിലെത്തിച്ച് ബുമ്രയാണ് നമീബിയയുടെ തകർച്ചയ്ക്കു തുടക്കമിട്ടത്. ഓപ്പണർ സ്റ്റീഫൻ ബാർഡിനെ (21 പന്തിൽ ഒന്നു വീതം ഫോറും സിക്സും അടക്കം 21) ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. 

ക്രെയിഗ് വില്യംസ് (4 പന്തിൽ 0), ക്യാപ്റ്റൻ ജെറാർദ് എരാസ്മസ് (20 പന്തിൽ ഒരു ഫോർ അടക്കം 12), നിക്കോളാസ് ലോഫ്റ്റി ഈറ്റൻ (5 പന്തിൽ 9), ജൊനാഥൻ സ്മിത്ത് (9 പന്തിൽ ഒരു ഫോർ അടക്കം 9), ക്യാപ്റ്റൻ സേൻ ഗ്രീൻ (ഒരു പന്തിൽ 0), യാൻ ഫ്രൈലിൻക് (15 പന്തിൽ പുറത്താകാതെ 15), റൂബെൻ ട്രംപൽമാൻ (6 പന്തിൽ ഒന്നു വീതം ഫോറും സിക്സും അടക്കം പുറത്താകാതെ 13) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ പ്രകടനം.

∙ വെൽഡൺ ക്യാപ്റ്റൻ

50 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചതിനു ശേഷമാണു വിരാട് കോലി നായക സ്ഥാനം ഒഴിയുന്നത്. ഇന്നു നമീബിയയ്ക്കെതിരെ അടക്കം, 30 വിജയങ്ങളാണ് ക്യാപറ്റൻ എന്ന നിലയിൽ കോലി ഇന്ത്യയ്ക്കു സമ്മാനിച്ചത്. രാജ്യാന്തര ട്വന്റി20 വിജയങ്ങളുടെ കണക്കിൽ മുൻ നായകൻ എം.എസ്. ധോണിക്കു (42 വിജയം) പിന്നിൽ രണ്ടാം സ്ഥാനത്താണു കോലി.

ഇംഗ്ലണ്ട് (2018), ദക്ഷിണാഫ്രിക്ക (2018), ന്യൂസീലൻഡ് (2020), ഓസ്ട്രേലിയ (2020) എന്നീ രാജ്യങ്ങൾക്കെതിരെ ട്വന്റി20 പരമ്പര നേടിയ ഒരേയൊരു ഇന്ത്യൻ ക്യാപ്റ്റനാണു കോലി. രാജ്യാന്തര ട്വന്റി20 റൺവേട്ടക്കാരിൽ ഒന്നാമതും (3227 റൺസ്) കോലി തന്നെ. 

∙ ഇന്ത്യ @ ട്വന്റി20 ലോകകപ്പ്

2007 ജേതാക്കൾ

2009 സെമിയിലെത്താതെ പുറത്ത്

2010 സെമിയിലെത്താതെ പുറത്ത്

2012 സെമിയിലെത്താതെ പുറത്ത്

2014 ഫൈനലിൽ തോറ്റു

2016 സെമിയിൽ പുറത്ത്

2021 സെമിയിലെത്താതെ പുറത്ത്

 

English Summary: India vs Namibia: Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com