ADVERTISEMENT

അബുദാബി∙ 2019 ഏകദിന ലോകകപ്പ് ഫൈനൽ പോലെ മത്സരം ‘‍ടൈ’ ആയില്ല, കളി സൂപ്പർ ഓവറിലേക്കും നീണ്ടില്ല. അന്നു ലോർഡ്സിൽ വീണ കണ്ണുനീരിന് കിവീസ് ഇംഗ്ലണ്ടിനു കണക്കു തീർത്തു കൊടുത്തു. മത്സരത്തിന്റെ ബഹുഭൂരിഭാഗം സമയവും ഇംഗ്ലണ്ടിനെ ‘മോഹിപ്പിച്ച’ കിവീസ് അവസാന ഓവറുകളിലെ അവിസ്മരണീയ ബാറ്റിങ്ങിലൂടെ വിജയം പിടിച്ചെടുത്തു. 

ഇംഗ്ലണ്ടിനെ 5 വിക്കറ്റിനു കീഴടക്കിയ ന്യൂസീലൻഡ്, ആദ്യമായി ട്വന്റി20 ലോകകപ്പ് ഫൈനലിൽ. സ്കോർ– ഇംഗ്ലണ്ട്: 20 ഓവറിൽ 166–4; ന്യൂസീലന്‍ഡ് 19 ഓവറിൽ 167–5. ടോസ്- ന്യൂസീലൻഡ്. വ്യാഴാഴ്ച നടക്കുന്ന ഓസീസ്– പാക്കിസ്ഥാൻ 2–ാം സെമിയിലെ വിജയികൾ ഫൈനലിൽ കിവീസിനെ നേരിടും. 

47 പന്തിൽ 4 വീതം ഫോറും സിക്സും അടക്കം 68 റൺസോടെ പുറത്താകാതെ നിന്ന ഡാര്‍യിൽ മിച്ചെൽ, 11 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 27 റൺസെടുത്ത ജിമ്മി നീഷം എന്നിവരുടെ പ്രകടനമാണു കിവീസ് ജയത്തിൽ നിർണായകമായത്.  

അവസാന 4 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ 57 റൺസാണു കിവീസിനു വേണ്ടിയിരുന്നത്. എന്നാൽ ക്രിസ് ജോർദാൻ എറിഞ്ഞ 17–ാം ഓവറിൽ 2 സിക്സർ അടക്കം 19 റൺസ് അടച്ച ജിമ്മി നീഷം കിവീസിനെ മത്സരത്തിൽ തിരികെ എത്തിച്ചു. എക്സ്ട്ര അടക്കം 23 റൺസാണ് ആ ഓവറിൽ ജോർദാൻ വഴങ്ങിയത്.

markwoodcelbs

18–ാം ഓവറിൽ 14 റൺസ് വിട്ടു നൽകിയെങ്കിലും അവസാന പന്തിൽ നീഷത്തെ ആദിൽ റാഷിദ് പുറത്താക്കിയതോടെ കളി വീണ്ടും മുറുകി. പക്ഷേ, ക്രിസ് വോക്സിന്റെ 19–ാം ഓവറിൽ 2 സിക്സും ഒരു ഫോറും അടക്കം 19 റൺസെടുത്ത മിച്ചെൽ, അവസാന ഓവറിനു മുൻപുതന്നെ കിവീസിനെ ജയത്തിലെത്തിച്ചു.

ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റൻ 4 ഓവറിൽ 22 റൺസിനും ക്രിസ് വോക്സ് 31 റൺസിനും 2 വിക്കറ്റ് വീതം വീഴ്ത്തി. ആദിൽ റാഷിദിനും ഒരു വിക്കറ്റ് കിട്ടി. 

∙ ആദ്യം മുട്ടിക്കളി, പിന്നെ അടിയോടടി

വേഗം കുറഞ്ഞ വിക്കറ്റിൽ താരതമ്യേന ഉയർന്ന ടോട്ടൽ പിന്തുടർന്ന കിവീസിന്, പിഞ്ച് ഹിറ്റർ മാർട്ടിൻ ഗപ്ട്ടിലിനെ (3 പന്തിൽ ഒരു ഫോർ അടക്കം 4) ആദ്യ ഓവറിൽത്തന്നെ നഷ്ടമായത് കനത്ത തിരിച്ചടിയായി. ക്രിസ് വോക്സിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിലെ പിഴവാണു പുറത്താകലിനു വഴി തെളിച്ചത്. ഗപ്ട്ടിലിന്റെ ബാറ്റിൽ ഉരസിയ പന്ത് മോയിൻ അലിയുടെ കൈകളിൽ.‌

രക്ഷാപ്രവർത്തനത്തിന്റെ സൂചന നൽകിയ ക്യാപ്റ്റൻ കെയ്ൻ വില്യംസനും (11 പന്തിൽ 5) വോക്സിന്റെതന്നെ പന്തിൽ സമാനമായ രീതിയിൽ പുറത്തായതോടെ 2.4 ഓവറിൽ 13–2 എന്ന സ്കോറിലായ കിവീസ് കടുത്ത സമ്മർദത്തിലായി. വില്യംസൻ എഡ്ജ് ചെയ്ത പന്ത് ആദിൽ റാഷിദാണു പിടികൂടിയത്.

മിച്ചെലിനൊപ്പം ഡെവോൺ കോൺവെ ഒത്തുചേർന്നതോടെ കൂടുതൽ വിക്കറ്റ് നഷ്ടം ഒഴിവാക്കി കിവീസ് പിടിച്ചു നിന്നെങ്കിലും സ്കോറിങ് വേഗത നന്നേ കുറഞ്ഞു. 10 ഓവർ പിന്നിട്ടപ്പോൾ 58–2 എന്ന സ്കോറിലായിരുന്ന കിവീസിന് അവസാന 10 ഓവറിൽ വേണ്ടിയിരുന്നത് 109 റൺസും. റൺറേറ്റ് ഉയർത്തിനുള്ള ശ്രമത്തിനിടെ ഡെവോൺ കോൺവെയെ (38 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 44) ജോസ് ബട്‌ലർ സ്റ്റംപ് ചെയ്തു പുറത്താക്കി. ലിയാം ലിവിങ്സ്റ്റനെ കയറി അടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പുറത്താകൽ. 

ലിവിങ്സ്റ്റനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച ഗ്ലെൻ ഫിലിപ്സ് (4 പന്തിൽ 2) സാം ബില്ലിങ്സിന്റെ കൈകളിൽ അവസാനിച്ചു. പിന്നീട് നീഷം ക്രീസിലെത്തിയതോടെയാണു കളി മാറിയത്. 

∙ തകർത്തടിച്ച് ഇംഗ്ലണ്ട്

നേരത്തെ, ഓപ്പണർമാരായെ ജോണി ബെയർസ്റ്റോ (17 പന്തിൽ 2 ഫോർ അടക്കം 14), ജോസ് ബട്‌ലർ (24 പന്തിൽ 4 ഫോർ അടക്കം 29) എന്നിവരെ 52 റൺസിനിടെ പുറത്താക്കി കിവീസ് ബോളർമാർ ഞെട്ടിച്ചെങ്കിലും ഡേവിഡ് മലാൻ (30 പന്തിൽ 4 ഫോറും ഒരു സിക്സും അടക്കം 41 ), മോയിൻ അലി (38 പന്തിൽ 3 ഫോറും 2 സിക്സും അടക്കം പുറത്താകാതെ 51) എന്നിവർ അവസരത്തിനൊത്ത് ഉയർന്നതോടെയാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. 

ആദം മിൽനെയുടെ പന്തിൽ മനോഹരമായ ഡൈവിങ് ക്യാച്ചിലൂടെ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് ബെയർസ്റ്റോയെ മടക്കിയത്. ബട്‌ലറെ ഇഷ് സോധി വിക്കറ്റിനു മുന്നിൽ കുരുക്കി. 14 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് സ്കോർ 100 പിന്നിട്ടിരുന്നു. 3–ാം വിക്കറ്റിൽ 63 റൺസ് ചേർത്തതിനു ശേഷമാണു മലാൻ– മോയിൻ അലി സഖ്യം വേർ പിരിഞ്ഞത്. 

പിന്നീടു ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റൻ 10 പന്തിൽ ഒന്നു വീതം ഫോറും സിക്സും അടക്കം 17 റണ്‍സെടുത്തു. ക്യാപ്റ്റൻ ഓയിൻ മോർഗൻ 4 പന്തിൽ 2 റൺസോടെ പുറത്താകാതെനിന്നു.  ദക്ഷിണാഫ്രിക്കയ്ക്കെതിരെ സൂപ്പര്‍ 12ലെ അവസാന മത്സരത്തിനിടെ കാലിനു പരുക്കേറ്റ് റിട്ടയേഡ് ഹർട്ടായ ജെയ്സൻ റോയിക്കു പകരം ടീമിലെത്തിയ സാം ബില്ലിങ്സിന് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നില്ല. 

ന്യൂസീലൻഡിനായി ടിം സൗത്തി 4 ഓവറിൽ 23 റൺസും ആദം മിൽനെ 31 റൺസും, ഇഷ് സോധി 32 റൺസും വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 2 ഓവറിൽ 18 റൺസ് വഴങ്ങിയ ജിമ്മി നീഷവും ഒരു വിക്കറ്റ് വീഴ്ത്തി. 

English Summary: England vs New Zealand, 1st Semi-Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com