ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പിനിടെ കടുത്ത സൈബർ ആക്രമണത്തിന് വിധേയനായ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിൽ, ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ മകൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ ഇരുപത്തിമൂന്നുകാരനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഷമി മനഃപൂർവം മോശം പ്രകടനം കാഴ്ചവച്ചതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താരം കടുത്ത സൈബർ ആക്രമണത്തിന് വിധേയനായത്.

ഷമിക്കെതിരായ ആരോപണങ്ങളെയും ട്രോളുകളെയും കടുത്ത ഭാഷയിൽ വിമർശിച്ചും ഷമിയെ പിന്തുണച്ചും കോലി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിരാട് കോലി – അനുഷ്ക ശർമ ദമ്പതികളുടെ മകൾ വാമികയ്‌ക്കെതിരെ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക പീഡന ഭീഷണി മുഴക്കിയത്.

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന രാംനാഗേഷ് ശ്രീനിവാസ് എന്ന ഇരുപത്തിമൂന്നുകാരനാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. രാംനാഗേഷ് ഹൈദരാബാദിൽത്തന്നെ താമസിക്കുന്നയാളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ ഐഐടിയിൽ പഠിച്ചിറങ്ങിയ ആളാണെന്നും റിപ്പോർട്ടുണ്ട്. ഭീഷണിയുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പൊലീസ് രാംനാഗേഷിനെതിരെ കേസെടുത്തത്.

∙ ഭീഷണി ഷമിക്കൊപ്പം നിന്നതിന്!

പാക്കിസ്ഥാനെതിരെ ഇന്ത്യൻ ടീം തോറ്റതിന് ഷമിയുടെ മതവിശ്വാസത്തെ അടിസ്ഥാനമാക്കി ട്രോളുകൾ സൃഷ്ടിച്ചത് ‘നട്ടെല്ലില്ലാത്ത’ പരിപാടിയാണെന്നാണ് കോലി വിമർശിച്ചത്. ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ രണ്ടാം മത്സരത്തിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് കോലി ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഇത്തരത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ കാണുന്നത് ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും ദയനീയമായ അവസ്ഥയാണെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തോട് മുഹമ്മദ് ഷമിക്കുള്ള പ്രതിബദ്ധത മനസ്സിലാക്കാതെ ഇത്തരം ട്രോളുകൾ പടച്ചുവിടുന്നത് വിഷമിപ്പിക്കുന്നുവെന്നും കോലി പറഞ്ഞു. ഇക്കാര്യത്തിൽ മുഹമ്മദ് ഷമിക്ക് തന്റെയും ടീമിന്റെയും 200 ശതമാനം പിന്തുണയുണ്ടെന്നും കോലി പ്രഖ്യാപിച്ചു.

‘എന്റെ കാഴ്ചപ്പാടിൽ ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും ദയനീയമായ കാര്യമാണ് ഒരാളുടെ മതവിശ്വാസത്തിന്റെ പേരിൽ അയാളെ ഉന്നമിടുന്നത്. സ്വന്തം അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, എന്റെ ജീവിതത്തിൽ ആരെയും മതത്തിന്റെ പേരിൽ വേർതിരിച്ചു കാണാൻ ഞാൻ ശ്രമിച്ചിട്ടില്ല’ – കോലി പറഞ്ഞു.

‘മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി എത്രയോ മത്സരങ്ങളിൽ വിജയം സമ്മാനിച്ചിരിക്കുന്നു. ഈ സത്യമൊന്നും അറിയാത്ത ചിലരാണ് സ്വന്തം വിഷമം തീർക്കാൻ അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ തുടരാനാണ് ഇവരുടെ തീരുമാനമെങ്കിൽ, അവർക്കായി എന്റെ ജീവിതത്തിലെ ഒരു മിനിറ്റുപോലും മാറ്റിവയ്ക്കാനാകില്ല. ഞങ്ങളെല്ലാം ഷമിക്കൊപ്പമുണ്ട്. ഞങ്ങൾ 200 ശതമാനവും ഷമിയെ പിന്തുണയ്ക്കുന്നു’ – കോലി പറഞ്ഞു.

English Summary: Hyderabad-based techie arrested for making online rape threats to Virat Kohli's daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com