ADVERTISEMENT

അങ്ങനെ ആ സ്വപ്നവും പൊലിഞ്ഞു...! എന്തൊക്കെയായിരുന്നു നമ്മുടെ പ്രതീക്ഷകൾ. വിരാട് കോലി, രോഹിത് ശർമ, കെ.എൽ. രാഹുൽ തുടങ്ങി മാനംമുട്ടെ പേരുകേട്ട ബാറ്റർമാർ, ഋഷഭ് പന്തെന്ന കൊലകൊല്ലി, ജസ്പ്രീത് ബുമ്രയെന്ന ബോളർ, രവീന്ദ്ര ജഡേജയെന്ന ഓൾറൗണ്ടർ, മികച്ച റെക്കോർഡുകൾ... എല്ലാം ബാക്കിയാക്കി, ട്വന്റി20 ക്രിക്കറ്റ് ലോകകപ്പെന്ന ദുബായ്പ്പൂരത്തിൽ നിന്ന് നിരാശയോടെ ആടയാഭരണങ്ങൾ അഴിച്ചുവച്ചുകഴിഞ്ഞു, ഇന്ത്യൻ ടീം. നമീബിയയ്ക്കെതിരായ അവസാന കളിക്കു മുൻപേ വിധി തീരുമാനമായതിനാൽ അക്കളി ചടങ്ങായെന്നു മാത്രം. തലേന്ന് ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനെ നിലം തൊടാതെ അടിയറവു പറയിച്ചതോടെ ഒറ്റയടിക്ക് ഇന്ത്യയും അഫ്ഗാനും പുറത്തായിക്കഴിഞ്ഞതാണല്ലോ. 

പശു ചത്ത് മോരിലെ പുളിയും പോയിട്ട് തൊഴുത്തിന്റെ പ്രൗ‍ഢിയെപ്പറ്റി പറഞ്ഞിരുന്നിട്ടു കാര്യമില്ല. ഇനി ഇന്ത്യൻ ക്രിക്കറ്റിന് പുതുയുഗമാണെന്ന ശരാശരി ആരാധകന്റെ പതിവു പ്രതീക്ഷയോടെ കാത്തിരിക്കാം. ഇനിയും വിജയങ്ങളുടെ കാളകളെ തെളിച്ചുകൊണ്ട് ഇന്ത്യൻ ടീം ഇതുവഴിയേ വരുമെന്ന് നമുക്കു സ്വപ്നം കാണാം. രവി ശാസ്ത്രിയുടെ യുഗം കഴിഞ്ഞ്, ഇന്ത്യയുടെ പൊൻമതിലായ രാഹുൽ ദ്രാവിഡ് എന്ന കോച്ചിന്റെ കീഴിൽ പുതിയ തുടക്കത്തിനു തയാറെടുക്കട്ടെ ടീം. കോലിയുടെ ക്യാപ്റ്റൻസിയിലുള്ള അവസാന ട്വന്റി20 മത്സരമായിരുന്നല്ലോ നമീബിയയ്ക്കെതിരെ. പുതിയ നായകനായി രോഹിത് ശർമ വന്നുകഴിഞ്ഞു. ഒരു ക്യാപ്റ്റനും ടീമിനെ ഒറ്റയ്ക്കു ചുമലിലേറ്റാനാകില്ലെന്നും വിജയങ്ങളിലേക്കു കയറേണ്ടത് ടീമിന്റെ കൂട്ടുത്തരവാദിത്തമാണെന്നും എല്ലാവരും തിരിച്ചറിയുമ്പോഴേ വിജയങ്ങൾ തുടർക്കഥകളാകൂ എന്ന് ടീം ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. 

ഇപ്പോഴത്തെ ട്വന്റി20 റാങ്കിങ്ങിലെ ആദ്യ 6 സ്ഥാനക്കാരിൽപ്പെട്ട നാലുപേരും ലോകകപ്പ് സെമിയിലേക്കു മുന്നേറി. ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനൊപ്പം പാക്കിസ്ഥാനും (2) ന്യൂസീലൻഡും (4) ഓസ്ട്രേലിയയും (6). മൂന്നാം സ്ഥാനക്കാരായ ഇന്ത്യയും അഞ്ചാമതുള്ള ദക്ഷിണാഫ്രിക്കയുമാണ് സെമി കാണാതെ സ്റ്റാൻഡ് വിട്ടത്. തങ്ങളുടെ ഗ്രൂപ്പിൽ നാലു ജയങ്ങളോടെ 8 പോയിന്റ് നേടിയെങ്കിലും നെറ്റ് റൺറേറ്റിന്റെ കുറവിലാണ് മൂന്നാമതായത് എന്നെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കു ന്യായം പറയാം. ഇംഗ്ലണ്ട് ആദ്യ സ്ഥാനക്കാരായും ഓസീസ് രണ്ടാമതായും സെമിയിലേക്കു മാർച്ച് ചെയ്തു.

മറുവശത്ത് ഇന്ത്യയുടെ കാര്യത്തിൽ നെറ്റ് റൺറേറ്റ് പരിഗണനാവിഷയം പോലുമായില്ല. ഗ്രൂപ്പിൽ 5 ജയങ്ങളോടെ പാക്കിസ്ഥാൻ ഒന്നാമതായും 4 ജയങ്ങളോടെ ന്യൂസീലൻഡ് രണ്ടാമൻമാരായും മുന്നേറിയപ്പോൾ ഇന്ത്യക്കുള്ളത് 3 ജയങ്ങളിൽനിന്നുള്ള 6 പോയിന്റു മാത്രം. പാക്കിസ്ഥാനോടും ന്യൂസീലൻഡിനോടും നിലയില്ലാതെ തോറ്റ കോലിപ്പടയ്ക്ക് ദുർബലരോടുള്ള വിജയങ്ങൾ തുണയായില്ലെന്നു സാരം. സ്കോട്‌ലൻഡിനെയും അഫ്ഗാനിസ്ഥാനെയും നമീബിയയെയു മൊക്കെ തോൽപിച്ചെങ്കിലും അതൊന്നും ഗുണകരമായില്ല. ആദ്യ കളിയിൽ പാക്കിസ്ഥാനോടു 10 വിക്കറ്റിനു തോറ്റതോടെ ആത്മവിശ്വാസം നഷ്ടമായ ഇന്ത്യ കിവികൾക്കെതിരെ ഭയന്നാണ് കളിക്കാനിറങ്ങിയതെന്ന് കോലി പോലും പരസ്യമായി വെളിപ്പെടുത്തിക്കഴിഞ്ഞു. അതിൽതന്നെയുണ്ടല്ലോ എല്ലാം! 

സാരമില്ല, എല്ലാവരും പ്രതീക്ഷകൾക്കു പിന്നാലെയാണല്ലോ പായുന്നത്. വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ച കർഷകൻ മാനം തെളിയുമ്പോൾ പുതിയ വിത്തു പാകുന്നതു പോലെ നമ്മൾ വീണ്ടും പ്രതീക്ഷകളുടെ പിച്ചും നോക്കിയിരിക്കുന്നു. 

എന്തായാലും സെമിഫൈനൽ വരെയെത്തിനിൽക്കുന്ന പോരാട്ടക്കളത്തിൽ ഇന്ത്യൻ താരങ്ങളുടെ ആരുടെയും ചിത്രം മുകൾപ്പരപ്പിലില്ലെന്നത് ആരാധകരെ സങ്കടപ്പെടുത്തുന്നുണ്ട്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം 264 റൺസോടെയും ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ 240 റൺസോടെയും നേതൃത്വം നൽകുന്ന റൺ പട്ടികയിൽ ഏഴാം സ്ഥാനത്താണ് (194 റൺസ്) കെ.എൽ. രാഹുൽ. രോഹിത് ശർമ 174 റൺസോടെ 12–ാം സ്ഥാനത്തും. ഇനിയെന്തിനാല്ലേ ബാക്കിയുള്ളവരുടെ കണക്കുകൾ നോക്കുന്നത്.

ബോളിങ്ങിലാകട്ടെ, ജസ്പ്രിത് ബുമ്രയൊക്കെ എത്രയോ പിന്നിലാണ്. പിച്ചിനെ തീ പിടിപ്പിക്കുമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ താരത്തിന് 5 കളിയിൽ 7 വിക്കറ്റുകളാണ് നേടാനായത്. ജഡേജയ്ക്കും ഇതേ കണക്കുകൾ തന്നെ. ഇന്ത്യ ജയിച്ച അവസാന മൂന്നു കളികളിൽ ടീമിലെത്തിയ ആർ. അശ്വിൻ ആറു വിക്കറ്റ് നേടുകയും ചെയ്തപ്പോൾ തലയിൽ മുണ്ടിടേണ്ടത് ആരൊക്കെയാണെന്ന ചോദ്യം അന്തരീക്ഷത്തിൽ പറന്നുനടക്കുന്നുണ്ട്. 

ഇനി സെമിയുടെ പൂരം. ആദ്യ സെമിയിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും രണ്ടാം സെമിയിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയും മുഖാമുഖം നിൽക്കുന്നു. സ്പോർട്സ് മാൻ സ്പിരിറ്റ് വിടാതെ നല്ല ക്രിക്കറ്റിനായി ആവോളം കയ്യടിക്കാം. കയ്യടികൾ കൂടുമ്പോൾ മേളം ഗംഭീരമാകുമെന്നല്ലേ. ക്രിക്കറ്റ് ജയിക്കട്ടെ. അല്ല പിന്നെ! 

English Summary: Team India's Performance in T20 World Cup 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com