ADVERTISEMENT

ദുബായ്∙ പാക്കിസ്ഥാൻ ഇതിഹാസ പേസർ ശുഐബ് അക്തറിന്റെ പ്രവചനം ‘ഒത്തില്ല’! രണ്ടാം സെമിയിലെ ത്രില്ലർ പോരാട്ടത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനു കീഴടക്കി ഓസ്ട്രേലിയ ട്വന്റി20 ലോകകപ്പ് ഫൈനലിൽ. സ്കോർ– പാക്കിസ്ഥാൻ 20 ഓവറിൽ 176–4; ഓസീസ് 19 ഓവറിൽ 177–5. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ന്യൂസീലൻഡാണ് ഓസീസിന്റെ എതിരാളികൾ. 

പാക്കിസ്ഥാൻ– ന്യൂസീലൻഡ് ഫൈനലിനായാണു കാത്തിരിക്കുന്നതെന്നും, ഫൈനലിൽ പാക്കിസ്ഥാനെ നേരിടുന്നതിൽ ന്യൂസീലൻഡിന് കടുത്ത മാനസിക സമ്മർദം ഉണ്ടാകുമെന്നുമായിരുന്നു അക്തറുടെ പ്രവചനം. എന്നാൽ, ട്വന്റി20യിൽ ‘അസാധ്യമായി ഒന്നുമില്ല’ എന്ന ക്രിക്കറ്റിന്റെ ആപ്തവാക്യം ഗ്രൗണ്ടിൽ ഭംഗിയായി നടപ്പാക്കി ഓസീസ് ഫൈനൽ ബെർത്ത് സ്വന്തമാക്കി. ടൂർണമെന്റിൽ പാക്കിസ്ഥാന്റെ ആദ്യ തോൽവിയാണിത്. 

ഒന്നാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് പുറത്തെടുത്ത പോരാട്ടവീര്യത്തിന്റെ തനി ആവർത്തനമായിരുന്നു രണ്ടാം സെമിയിൽ ഓസീസിന്റെതും. 12.2 ഓവറിൽ 96 റൺസ് ചേർക്കുന്നതിനിടെ 5 മുൻനിര ബാറ്റർമാരെ നഷ്ടമായ ഓസീസ് തോൽവിയെ അഭിമുഖീകരിച്ചതാണ്. 

എന്നാൽ, മാർക്കസ് സ്റ്റോയ്നിസ് (31 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം പുറത്താകാതെ 40), മാത്യു വെയ്ഡ് (17 പന്തിൽ 2 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 41) എന്നിവരുടെ അവിസ്മരണീയ ബാറ്റിങ് ഓസീസിനെ വിജയത്തിലെത്തിച്ചു. അതും ഒരു ഓവർ ബാക്കിനിൽക്കെ.

19–ാം ഓവറിലെ അവസാന പന്തിൽ ക്രിസ് വോക്സിനെ ഫോറടിച്ചാണ് ഡാർയിൽ മിച്ചെൽ ആദ്യ സെമിയിൽ ന്യൂസീലൻഡിനെ ജയത്തിലെത്തിച്ചതെങ്കിൽ, 19–ാം ഓവറിലെ അവസാന പന്തിൽ ഷഹീൻ അഫ്രീദിയെ സിക്സടിച്ച് വെയ്ഡ് ഓസീസിനെ ജയത്തിലെത്തിച്ചു. തോൽവിയെ അഭിമുഖീകരിച്ചതിനു ശേഷം ന്യൂസീലൻഡും ഓസീസും മത്സരം 5 വിക്കറ്റിനു ജയിച്ചെന്നതു മറ്റൊരു യാദൃശ്ചികത.

∙ തകർത്തടിച്ച് സ്റ്റോയ്നിസ്– വെയ്ഡ് സഖ്യം

5 വിക്കറ്റ് ശേഷിക്കെ, അവസാന 5 ഓവറിൽ 62 റൺസാണ് ഓസീസിനു വേണ്ടിയിരുന്നത്. മാർക്കസ് സ്റ്റോയ്നിസ്– മാത്യു വെയ്ഡ് സഖ്യം 16–ാം ഓവറിൽ 12 റൺസും 17–ാം ഓവറിൽ 13 റൺസും നേടിയതോടെ അവസാന 18 പന്തിൽ ഓസീസിനു വേണ്ടത് 37 റൺസ്.‌ഹസൻ അലിയുടെ 18–ാം ഓവറിൽ 15 റൺസ് പിറന്നതോടെ ഓസീസ് ജയപ്രതീക്ഷയിലായി. അതുവരെ പാക്കാസ്ഥാനായിരുന്നു മത്സരത്തിൽ മേൽക്കൈ. ഓസീസ് ജയത്തിന് അവസാന 2 ഓവറിൽ വേണ്ടത് 22 റൺസ്. 

19–ാം ഓവറിലെ ആദ്യ 2 പന്തിൽ 2 റൺസ് മാത്രം വഴങ്ങിയ ഷഹീൻ അഫ്രീദി നന്നായാണു തുടങ്ങിയത്. എന്നാൽ 3–ാം പന്തിൽ വെയ്‌ഡിന്റെ അനായാസ ക്യാച്ച് ഹസൻ അലി നിലത്തിട്ടതിനു പാക്കിസ്ഥാനു ‘വലിയ വില’ കൊടുക്കേണ്ടിവന്നു. 3–ാം പന്തിൽ ഡബിൾ ഓടിയെടുത്ത വെയ്ഡ് പിന്നീടുള്ള 3 പന്തുകളിൽ തുടർച്ചയായി സിക്സറടിച്ച് ഓസീസിനെ ജയത്തിലെത്തിച്ചത് അവശ്വസനീയതയോടെ നോക്കി നിൽക്കാനേ പാക്കിസ്ഥാൻ താരങ്ങൾക്കും ആരാധകർക്കും കഴിഞ്ഞുള്ളു. വെയ്ഡാണു കളിയിലെ താരം.

അർധ സെഞ്ചുറിക്ക് ഒരു റൺസ് അകലെ പുറത്തായ ഓപ്പണർ ഡേവിഡ് വാർണർ (30 പന്തിൽ 3 വീതം ഫോറും സിക്സും അടക്കം 49), മിച്ചൽ മാർഷ് (22 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 28 എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്കോറർമാർ. ആരോൺ ഫിഞ്ച് (ഒരു പന്തിൽ 0), സ്റ്റീവ് സ്മിത്ത് (6 പന്തിൽ ഒരു ഫോർ അടക്കം 5), ഗ്ലെൻ മാക്സ്‌വെൽ (10 പന്തിൽ 7) എന്നിവർ നിരാശപ്പെടുത്തി. 

ആദ്യ ഓവറിൽത്തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ഷഹീൻ അഫ്രീദി ഓസീസിനെ ‍ഞെട്ടിച്ചു. പിന്നീടുവീണ 4 വിക്കറ്റുകളും ഷദാബ് ഖാനാണു സ്വന്തമാക്കിയത്. ഷദാബിന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച് ഹാരിസ് റൗഫിനു ക്യാച്ച് നല്‍കി മാക്സ്‌വെൽ മടങ്ങുമ്പോൾ 96–5 എന്ന സ്കോറിലായിരുന്നു ഓസീസ്. പിന്നീട് ഒത്തുചേർന്ന സ്റ്റോയ്നിസ്– വെയ്ഡ് സഖ്യം 40 പന്തിൽ അടിച്ചെടുത്തത് 81 റൺസാണ്! 26 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ഷദാബ് ഖാനാണു പാക്ക് ബോളർമാരിൽ മികച്ചു നിന്നത്. ഷഹീൻ അഫ്രീദി 4 ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. 

∙ സമാൻ– റിസ്വാൻ കരുത്തിൽ പാക്കിസ്ഥാൻ

അർധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനാണ് (52 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 67) പാക്കിസ്ഥാൻ ടോപ് സ്കോറർ. ഫഖർ സമാൻ (32 പന്തിൽ 3 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 55), ക്യാപ്റ്റൻ ബാബർ അസം (34 പന്തിൽ 5 ഫോർ അടക്കം 39) എന്നിവരും തിളങ്ങി.

10 ഓവറിൽ 79 റൺസ് ചേർത്തതിനു ശേഷമാണ് അസം– റിസ്വാൻ സഖ്യം വേർപിരിഞ്ഞത്. ആദം സാംപയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡേവിഡ് വാർണർക്കു ക്യാച് നൽകിയായിരുന്നു അസമിന്റെ പുറത്താകൽ. മിച്ചൽ സ്റ്റാർക്കാണു പിന്നീടു റിസ്വാനെ വീഴ്ത്തിയത്. റിസ്വാനു പകരം എത്തിയ് ആസിഫ് അലി (0) നേരിട്ട ആദ്യ പന്തിലും, ശുഐബ് മാലിക് (1) നേരിട്ട രണ്ടാം പന്തിലും പുറത്തായെങ്കിലും ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ച സമാൻ പാക്കിസ്ഥാനെ മികച്ച ടോട്ടലിൽ എത്തിച്ചു. 

ഓസീസിനായി മിച്ചെൽ സ്റ്റാർക് 4 ഓവറിൽ 38 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ആദം സാംപ 4 ഓവറിൽ 22 റൺസ് വഴങ്ങയും, പാറ്റ് കമ്മിൻസ് 30 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

 

English Summary: Pakistan vs Australia, 2nd Semi-Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com