ADVERTISEMENT

മുംബൈ∙ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള രാഹുൽ ദ്രാവിഡിന്റെ വരവോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പദ്ധതിയിടുന്ന മാറ്റങ്ങളുടെ ഭാഗമായി, ഏകദിനത്തിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ നായകൻ എത്തിയേക്കും. നായക സ്ഥാനത്തിന്റെ സമ്മർദ്ദങ്ങളിൽനിന്ന് അകന്ന് ബാറ്റിങ് മികവു വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോലിയെ ഏകദിന ടീമിന്റെ ചുമതയിൽനിന്ന് നീക്കാൻ ബിസിസിഐ തയാറെടുക്കുന്നുവെന്നാണ് വിവരം. ഇക്കാര്യം വിരാട് കോലിയുമായി സംസാരിക്കാൻ ബിസിസിഐ ഉന്നതർ തയാറെടുക്കുന്നതായി ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ട്വന്റി20 ടീമിന്റെ നായക ചുമതല ഒഴിഞ്ഞതിനു പിന്നാലെയാണ് ഏകദിനത്തിലും കോലിയെ മാറ്റാൻ നീക്കം നടക്കുന്നത്.

ന്യൂസീലൻഡിനെതിരെ ഈ മാസം ആരംഭിക്കുന്ന പര്യടനത്തിൽ ഏകദിന പരമ്പര ഇല്ലാത്തിനാൽ ഏകദിന ക്യാപ്റ്റന്റെ കാര്യം സിലക്ടർമാർ ഇതുവരെ ചർച്ച െചയ്തിരുന്നില്ല. ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരാട് കോലി രാജിവച്ച സാഹചര്യത്തിൽ പുതിയ നായകനായി രോഹിത് ശർമയെ നിയോഗിച്ചിരുന്നു. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽനിന്ന് വിരാട് കോലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ അജിൻക്യ രഹാനെ ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഏകദിന ടീമിലും അഴിച്ചുപണി വരുന്നത്.

ന്യൂസീലൻഡിന്റെ ഇന്ത്യൻ പര്യടനത്തിനുശേഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ ടീം പോകുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോഴാകും പുതിയ ക്യാപ്റ്റന്റെ കാര്യം ചർച്ചയാകുക.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ മാനദണ്ഡമാക്കിയാൽ, ട്വന്റി20ക്കു പിന്നാലെ രോഹിത് ശർമ തന്നെ ഏകദിന ടീമിന്റെയും നായക സ്ഥാനത്ത് എത്തും. കെ.എൽ. രാഹുൽ തന്നെ വൈസ് ക്യാപ്റ്റനുമാകും. 

മഹേന്ദ്രസിങ് ധോണി നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ 2017 ജനുവരിയിലാണ് വിരാട് കോലി ഇന്ത്യൻ ഏകദിന, ട്വന്റി20 ടീമുകളുടെ നായകനായത്. അതിനു മുൻപ് 2015ൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ധോണി അപ്രതീക്ഷിതമായി ടെസ്റ്റ് നായകപദവി രാജിവച്ചപ്പോൾ കോലിയെ പിൻഗാമിയായി സിലക്ടർമാർ പ്രഖ്യാപിച്ചിരുന്നു.

ഏകദിനത്തിൽ 95 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്. അതിൽ 65 മത്സരങ്ങൾ ജയിച്ചപ്പോൾ 27 മത്സരങ്ങൾ തോറ്റു. ഇന്ത്യയെ 90ൽ അധികം മത്സരങ്ങളിൽ നയിച്ചിട്ടുള്ള ക്യാപ്റ്റൻമാരിൽ കൂടിയ വിജയശതമാനവും കോലിക്കുതന്നെ. കൂടുതതൽ മത്സരങ്ങളിൽ ഇന്ത്യയ്ക്കു വിജയം സമ്മാനിച്ച കണക്കിൽ ടെസ്റ്റിലും കോലി തന്നെ ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻ.

ഐസിസി ടൂർണമെന്റുകളിൽ ഒരിക്കൽപ്പോലും ഇന്ത്യയ്ക്കു കിരീടം സമ്മാനിക്കാനായിട്ടില്ല എന്നതാണ് ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ ഏറ്റവും മോശം റെക്കോർഡ്. 2017ലെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാനോടു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. 2019 ഏകദിന ലോകകപ്പ് സെമിയിലും ഈ വർഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ന്യൂസീലൻഡിനോടും തോറ്റു. ഇതിനു പിന്നാലെയാണ് ട്വന്റി20 ലോകകപ്പിൽ സെമി പോലും കാണാതെ പുറത്തായത്.

English Summary: BCCI wants to relieve Virat Kohli of ODI captaincy burden, will have a conversation with him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com