ADVERTISEMENT

ദുബായ്∙ പാക്കിസ്ഥാന്റെ വെറ്ററൻ താരം മുഹമ്മദ് ഹഫീസിന്റെ ‘കൈവിട്ട’ പന്തിൽ സിക്സടിച്ച ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ ഓപ്പണർ കൂടിയായ പാർലമെന്റ് അംഗം ഗൗതം ഗംഭീർ. ക്രിക്കറ്റ് കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് വാർണറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗംഭീർ വിമർശിച്ചു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയിലാണ് ഹഫീസിന്റെ ‘കൈവിട്ട’ പന്ത് വാർണർ ഗാലറിയിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 176 റൺസ്. 177 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 8–ാം ഓവറിലാണ് വിവാദത്തിന് കാരണമായ സംഭവം.

മത്സരത്തിൽ തന്റെ ആദ്യ ഓവർ എറിയാനായി എത്തിയത് പാക്കിസ്ഥാന്റെ വെറ്ററൻ താരം മുഹമ്മദ് ഹഫീസ്. ക്രീസിൽ 17 പന്തിൽ 24 റൺസുമായി ഇൻ  ഫോം ബാറ്റർ ഡേവിഡ് വാർണർ.

ഓവറിലെ ആദ്യ പന്തിൽ ഹഫീസിനു പിഴച്ചു. കയ്യിൽനിന്ന് നിയന്ത്രണം വിട്ട് തെന്നിത്തെറിച്ച പന്ത് ബോളർക്ക് അധികം മുന്നിലല്ലാതെ പിച്ച് ചെയ്തു. രണ്ടാമതും പിച്ച് ചെയ്ത് പുറത്തേക്കു നീങ്ങവേ വാർണർ ക്രീസ് വിട്ട് പുറത്തിറങ്ങി. മൂന്നാമത്തെ പിച്ചിനു മുൻപേ പന്ത് നേരേ ഗാലറിയിലേക്ക്. പന്ത് രണ്ടു തവണ പിച്ച് ചെയ്തതിനെ തുടർന്ന് അംപയർ നോബോൾ അനുവദിച്ചു; ഫ്രീഹിറ്റും. അടുത്ത പന്തിൽ വാർണർ ‍ഡബിൾ നേടിയതോടെ ഓസീസിന് ആകെ ലഭിച്ചത് ഒൻപതു റൺസ്!

എന്നാൽ, ഹഫീസിന്റെ കയ്യിൽനിന്ന് നിയന്ത്രണം വിട്ടുവന്ന പന്താണെന്ന് തിരിച്ചറിഞ്ഞിട്ടും അത് സിക്സടിച്ച വാർണറിനെ രൂക്ഷമായ ഭാഷയിലാണ് ഗൗതം ഗംഭീർ വിമർശിച്ചത്.

‘കളിയുടെ മാന്യതയ്ക്ക് ഒട്ടും നിരക്കാത്ത തീർത്തും ദയനീയമായ പ്രകടനമായിപ്പോയി വാർണറിന്റേത്. ലജ്ജാകരം. രവിചന്ദ്രൻ അശ്വിന്റെ അഭിപ്രായമെന്താണ്?’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

∙ അംപയർ‌ക്കു പിഴച്ചു; വാർണർക്കും !

പന്ത് ബാറ്റിൽ തൊടാതെ കടന്നുപോയിട്ടും അംപയറുടെ തീരുമാനം റിവ്യൂ ചെയ്യാതെ വാർണർ എന്തിനു മടങ്ങി? പാക്കിസ്ഥാനെതിരായ  മത്സരത്തിൽ  ഡേവിഡ് വാർണറുടെ (49) പുറത്താകൽ ഓസീസിനു തുടക്കത്തിൽ തിരിച്ചടിയായിരുന്നു. ഷദബ് ഖാന്റെ പന്തിൽ ഷോട്ടിനു ശ്രമിച്ചു പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന്റെ കയ്യിൽ. പാക്കിസ്ഥാന്റെ അപ്പീൽ അംഗീകരിച്ച് അംപയർ ഔട്ട് വിളിച്ചു. ‍ഡിആർഎസ് റിവ്യൂ അവസരം ബാക്കിയുണ്ടായിട്ടും അതിനു നിൽക്കാതെ വാർണർ മടങ്ങുകയും ചെയ്തു. പിന്നീട് ടെലിവിഷൻ റീപ്ലേയിലാണു പന്ത് ബാറ്റിലുരസിയില്ലെന്നു വ്യക്തമായത്. 

English Summary: Gautam Gambhir slams David Warner for hitting Hafeez’s bizarre delivery for a six

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com