ADVERTISEMENT

ഷാർജ∙ ഇന്ത്യൻ ടീമിൽ സഹതാരമായിരുന്ന രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെക്കുറിച്ച് രസകരമായ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് കൂടിയായ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. രാഹുൽ ദ്രാവിഡ് വീട്ടിൽ കടുപ്പക്കാരനായതിനാൽ എങ്ങനെയെങ്കിലും വീട്ടിൽനിന്ന് മാറ്റാനുള്ള അദ്ദേഹത്തിന്റെ മകന്റെ അഭ്യർഥന മാനിച്ചാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി നിയമിച്ചതെന്ന് ഗാംഗുലി പറഞ്ഞു. 40–ാമത് ഷാർജ രാജ്യാന്തര ബുക്ക് ഫെസ്റ്റിവലിൽ സംസാരിക്കുമ്പോഴാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

‘രാഹുൽ ദ്രാവിഡിന്റെ മകൻ എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ അദ്ദേഹം ഭയങ്കര കടുപ്പക്കാരനാണെന്നും എന്തെങ്കിലും പണികൊടുത്ത് വീട്ടിൽനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് ദ്രാവിഡിനെ വിളിച്ച് ഇന്ത്യൻ ടീമിന്റെ പരിശീലകച്ചുമതല ഏറ്റെടുക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടത്’ – ഗാംഗുലി വിശദീകരിച്ചു.

കളത്തിലെയും പുറത്തെയും സൗഹൃദം ദ്രാവിഡിനെ പരിശീലക ചുമതല ഏൽപ്പിക്കുന്നതിൽ എപ്രകാരമാണ് സഹായകരമായതെന്നും ഗാംഗുലി വിശദീകരിച്ചു.

‘ഞങ്ങൾ ഒരുമിച്ചു വളർന്നവരാണ്. ഒരേ സമയത്ത് ക്രിക്കറ്റിൽ വന്ന് കൂടുതൽ സമയവും ഒരുമിച്ച് ജീവിച്ചവർ. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിന്റെ പരിശീലകച്ചുമതലയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാൻ അത്ര ബുദ്ധിമുട്ടുണ്ടായില്ല’ – ഗാംഗുലി പറഞ്ഞു.

ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തെക്കുറിച്ചും ഗാംഗുലി മനസ്സു തുറന്നു. പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം തന്റെയോ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജയുടെയോ കൈകളിലല്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

‘ഇതൊന്നും ഇന്ത്യയുടെയോ പാക്കിസ്ഥാന്റെയോ ക്രിക്കറ്റ് ബോർഡുകളുടെ കൈകളിൽ നിൽക്കുന്ന കാര്യങ്ങളല്ല. ഐസിസി ടൂർണമെന്റുകളിൽ ഇരു രാജ്യങ്ങളും ഇപ്പോൾ മത്സരിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പരകൾ നിർത്തിവച്ചിരിക്കുകയാണല്ലോ. അത് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരുകളാണ്. അല്ലാതെ അക്കാര്യം എന്റെയോ റമീസിന്റെയോ കൈകളിലല്ല’ – ഗാംഗുലി പറഞ്ഞു.

English Summary: I got a call from Rahul Dravid's son saying his father was being too strict and that he needed to be taken away: Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com