ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പിനു ശേഷം യുഎഇയിൽനിന്നു മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യയിൽനിന്ന് 5 കോ‍ടി രൂപ വിലമതിക്കുന്ന 2 ആഡംബര വാച്ചുകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. നവംബർ 14നു രാത്രി മുംബൈ വിമാനത്താവളത്തിൽവച്ചാണു സംഭവം നടന്നതെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.  

വാച്ചുകളുടെ വിലവിവരം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹാർദിക്കിനു കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കിവീസിനെതിരെ നാളെ തുടങ്ങുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നാലെ ഹാർദിക് കസ്റ്റംസ് വിഭാഗവുമായും കുഴപ്പത്തിലായെന്നാണു വിവരം. 

കസ്റ്റംസ് നിയമ പ്രകാരം ഒരു യാത്രക്കാരനു വിദേശത്തുനിന്ന് 50,000 രൂപവരെ വിലവരുന്ന വസ്തുക്കൾ കസ്റ്റംസ് നികുതി ഒടുക്കാതെ നാട്ടിലേക്കു കൊണ്ടുവരാം. ‍എന്നാൽ നാട്ടിലേക്കു കൊണ്ടുവരുന്ന വസ്തുക്കളുടെ മൂല്യം 50,000ൽ അധികമാണെങ്കിൽ, ഇക്കാര്യം കസ്റ്റംസിനെ അറിയിക്കണം. 36 ശതമാനം വരെ നികുതിയാണ് കസ്റ്റംസ് ഇതിനു ചുമത്തുക.

ആഡംബര വാച്ചുകൾ ശേഖരിക്കുന്നതിൽ ഹാർദിക് നേരത്തെ മുതൽ തൽപരനാണെന്നതാണു മറ്റൊരു രസകരമായ വസ്തുത. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ ചില വാച്ചുകൾ ഹാർദിക്കിന്റെ ശേഖരത്തിലുണ്ട്. 5 കോടിയിലധികം വിലവരുന്ന പാറ്റെക് ഫിലിപ് നോട്ടിലസ് പ്ലാറ്റിനം 5711 ഉം ഇക്കൂട്ടത്തിൽപ്പെടും. ഹോളിവുഡ് താരവും കൊമേഡിയനുമായ കെവിൻ ഹാർട്ട്, റാപ്പർ ഡ്രേക് തുടങ്ങി വളരെക്കുറച്ചു സെലിബ്രിറ്റികൾക്കു മാത്രമാണ് ഹാർദിക്കിനെ കൂടാത ഈ വാച്ചുള്ളത്. 

അതേ സമയം തന്റെ വാച്ചിന്റെ വില 5 കോടി അല്ലെന്നും ഒന്നരക്കോടി രൂപയാണെന്നുമുള്ള വിശദീകരണത്തോടെ ഹാർദിക് പാണ്ഡ്യയും രംഗത്തെത്തി. വിമാനത്താവളത്തിലെത്തിയപ്പോൾ കസ്റ്റംസ് അധികൃതരെ സ്വമേധയാ വിവരങ്ങൾ ധരിപ്പിച്ചെന്നും വാച്ചിനുള്ള കസ്റ്റംഡ് ഡ്യൂട്ടി അടച്ചതിനു ശേഷമാണു പുറത്തിറങ്ങിയതെന്നുമുള്ള വിശദീകരണ കുറിപ്പ് ഹാർദിക് ഇന്നു രാവിലെ ട്വിറ്ററിൽ പങ്കുവച്ചു. 

 

English Summary: Custom officials seize two luxury watches worth 5 crores from Indian cricketer Hardik Pandya at airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com