ADVERTISEMENT

 

ഓർമയുണ്ടോ ? ഈ ചിത്രം. ഈ ചിത്രത്തിന് വഴിവച്ച ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദത്തിന് ഇന്ന് 40 വയസ്

 

ബോഡിലൈൻ സീരീസ്, അണ്ടർ ആം വിവാദം, പന്തയവിവാദങ്ങൾ എന്നിവപോലെതന്നെ ക്രിക്കറ്റിനു നാണക്കേടുണ്ടാക്കിയ സംഭവമാണ് പെർത്ത് വിവാദം. പെർത്ത് വിവാദത്തിനു വഴിയൊരുക്കിയത് 1981-82 ലെ പാക്കിസ്‌ഥാന്റെ ഓസ്‌ട്രേലിയൻ പര്യടനമായിരുന്നു. 

ആ പരമ്പരയിൽ മൂന്നു ടെസ്‌റ്റുകളാണ് ഉൾപ്പെടുത്തിയിരുന്നത് - പെർത്ത്, ബ്രിസ്‌ബെയ്‌ൻ, മെൽബൺ എന്നിവിടങ്ങളിലായിരുന്നു വേദികൾ. ഇതിലെ ആദ്യ ടെസ്‌റ്റിൽതന്നെ ക്രിക്കറ്റിനു നാണക്കേടുണ്ടാക്കിയ ആ സംഭവവും നടന്നു: മിയാൻദാദ്-ലിലെ ഏറ്റുമുട്ടൽ.

1981 നവംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിനെത്തിയ പാക്ക് ക്രിക്കറ്റ് സംഘം മഹാരഥൻമാർ നിറഞ്ഞ ടീമായിരുന്നു. നായകൻ ജാവേദ് മിയാൻദാദ്. പാക്ക് നായകനായശേഷം മിയാൻദാദിന്റെ ആദ്യത്തെ വിദേശപരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിന് ഉണ്ടായിരുന്നു. ഇമ്രാൻ ഖാൻ, സർഫ്രസ് നവാസ് എന്നീ വമ്പൻമാർ നിറഞ്ഞ ടീമിന്റെ ഏറ്റവും വലിയ തലവേദന ടീമിലെ ഗ്രൂപ്പിസമായിരുന്നു. അങ്ങനെ എന്തുകൊണ്ടും ‘ശ്രദ്ധേയ’മായിരുന്നു ഓസ്‌ട്രേലിയയിലെത്തിയ പാക്ക് ക്രിക്കറ്റ് ടീം. മിയാൻദാദിനെ നായകനാക്കിയതിൽ ടീമംഗങ്ങളിൽ പലർക്കും എതിർപ്പുണ്ടായിരുന്നു.

1981 നവംബർ 13. പരമ്പരയിലെ ആദ്യ മൽസരം. പെർത്ത് വാക്കാ (ഡബ്ല്യുഎസിഎ) ഗ്രൗണ്ടിൽ ആരംഭിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ പാക്കിസ്‌ഥാൻ 180 റൺസിനു പുറത്താക്കി. നിസാരമെന്നു തോന്നിയ സ്‌കോർ പിന്തുടർന്ന പാക്കിസ്‌ഥാനു പക്ഷേ പിടിച്ചുനിൽക്കാനായില്ല. 

വെറും 62 റൺസിനിടെ പാക്ക് ടീമിനെ ആതിഥേയർ കെട്ടുകെട്ടിച്ചു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്കു കുതിച്ചു. ടെസ്‌റ്റിന്റെ നാലാം ദിവസം. നവംബർ 16. എട്ടു വിക്കറ്റ് നഷ്‌ടത്തിൽ ഓസ്‌ട്രേലിയ 424 നു രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌തു. പാക്കിസ്‌ഥാന് 543 റൺസിന്റെ വിജയലക്ഷ്യം. പക്ഷേ 27 റൺസ് എടുക്കുന്നതിനിടയിൽ രണ്ടു പാക്ക് വിക്കറ്റുകൾ തെറിച്ചു. നായകൻ മിയാൻദാസ് ക്രീസിലെത്തുന്നു. ടീമിനെ കരകയറ്റാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്തു. മൻസൂർ അക്‌തറുമൊപ്പം നല്ലൊരു കൂട്ടുകെട്ടിലേക്കു നീങ്ങവേ ക്രിക്കറ്റിലെ കറുത്ത ഇന്നിങ്‌സിനു വഴിതെളിയുകയായി.

 

∙ കടുത്ത ഉരസൽ

ഓസ്‌ട്രേലിയയുടെ ഫാസ്‌റ്റ് ബോളർ ഡെന്നിസ് ലിലെ മിയാൻദാദിനു നേരേ പന്തെറിയുന്നു. മിയാൻദാദ് പന്ത് അടിച്ചു റൺസിനായി ഓടുമ്പോൾ ലിലെ കരുതിക്കൂട്ടി മുന്നിൽ കയറിനിന്നു. ഇരുവരും പരസ്‌പരം മുട്ടി. ലിലെ മിയാദാദിന്റെ കാലിൽ ഒരു തൊഴി. മിയാൻദാദ് വിടുമോ? ബാറ്റ് ഉയർത്തി ലിലെയുടെ നേർക്കു പാഞ്ഞു. അടി വീഴുമെന്നു കണ്ടപ്പോൾ അംപയർമാർ ഇടപെട്ടു. 

ഓസീസ് നായകൻ ഗ്രെഗ് ചാപ്പൽ ഓടിയെത്തി. ഇരുവരെയും തടഞ്ഞു. അംപയർ ടോണി ക്രാഫ്‌റ്റിനു വഴക്കു ശാന്തമാക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു.

എന്നാൽ ‘മിയാൻദാദിന്റെ മുന്നിൽ താൻ അബദ്ധത്തിൽ പെട്ടുപോയതാണെന്ന് ലിലെ ആണയിട്ടു. ‘എന്നെ ബാറ്റുകൊണ്ടു തള്ളിയപ്പോൾ ഞാനും ചെറുതായൊന്നു തള്ളിയെന്നു മാത്രം’- മൽസരശേഷം ലിലെ പറഞ്ഞു. ഉരുളയ്‌ക്ക് ഉപ്പേരിപോലെ മിയാൻദാദും തട്ടിവിട്ടു- ‘ലിലെയാണ് ആരംഭിച്ചത്. എന്നെ തെറി വിളിച്ചു, പിന്നെ തൊഴിച്ചു. അപ്പോൾ ഞാൻ തള്ളിനീക്കുകയേ ചെയ്‌തുള്ളൂ’.

വിവാദമുണ്ടാക്കാൻ ഇരുവരും ഒട്ടും മോശക്കാരായിരുന്നില്ലെന്നു ക്രിക്കറ്റ് പ്രേമികൾക്കു നന്നായി അറിയാം. സംഭവം നടന്നയുടൻ അധികൃതർ 220 ഓസ്‌ട്രേലിയൻ ഡോളർ ലിലെക്കു പിഴയിട്ടു. എന്നാൽ ഓസ്‌ട്രേലിയൻ കാണികൾപോലും ലിലെയുടെ പ്രവർത്തിക്കു കൂട്ടുനിന്നില്ല. മുൻ ഓസിസ് താരങ്ങളും ലിലെയെ കൈവിട്ടു. കീത്ത് മില്ലറെപ്പോലുള്ള വെറ്ററൻ ക്രിക്കറ്റർമാർ ലിലെയ്ക്കു നൽകിയ പിഴ കുറവാണെന്ന് അഭിപ്രായപ്പെട്ടു. 

മുൻ ക്യാപ്‌റ്റൻ ബോബ് സിംപ്‌സൺ ഇങ്ങനെ പറഞ്ഞു ‘‘ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇത്തരമൊരു അസഹ്യമായ പ്രകടനം ഇതിനുമുൻപു കണ്ടിട്ടില്ല.’’ സ്വയം കുറ്റപ്പെടുത്താനേ ലിലെയ്ക്കു കഴിയൂ എന്നു മുൻ ഓസീസ് നായകൻ ഇയാൻ ചാപ്പൽ തുറന്നടിച്ചു. ലിലെയെ ഓസ്‌ട്രേലിയൻ ടീമിൽനിന്ന് എന്നന്നേക്കുമായി പുറത്താക്കിയേ തീരൂ എന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് പ്രേമികൾ പോലും ആവശ്യപ്പെട്ടു.

 

∙ മാപ്പു പറഞ്ഞ്, തടിയൂരി ലിലെ

എല്ലാവരും കൈവിടുമെന്നായപ്പോൾ ലിലെ ഒടുവിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനോടും (ഇന്നത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ) പാക്ക് ടീമിനോടും മാപ്പു പറഞ്ഞു. ഒടുവിൽ ലിലെയുടെ പിഴയും അൽപം കുറച്ചുകൊടുത്തു. പക്ഷേ അടുത്ത രണ്ടു ഏകദിന മൽസരങ്ങളിൽ നിന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ലിലെയെ വിലക്കി. ലിലെ തനിക്ക് ഏർപ്പെടുത്തിയ വിലക്കു ശരിവച്ചു. 

ശിക്ഷിച്ചാൽ താൻ ക്രിക്കറ്റിനോടു വിടപറയുമെന്നു ലിലെ ആദ്യ ദിവസം പറഞ്ഞെങ്കിലും പിന്നീടു തീരുമാനം മാറ്റി. അതേസമയം മിയാൻദാദിനുമേൽ യാതൊരു ശിക്ഷണ നടപടിയും പാക്ക് ക്രിക്കറ്റ് ബോർഡ് എടുക്കില്ലെന്നു വ്യക്‌തമാക്കി. മിയാൻദാദ് നിരപരാധിയാണെന്ന് അന്നത്തെ ടീം മാനേജർ ഇജാസ് ഭട്ട് പ്രസ്‌താവിച്ചു.

പെർത്ത് വിവാദത്തിലെ നായകൻമാരായ ഇരുവരും പിന്നീട് ഇതിഹാസങ്ങളായി. ഇരുവരും പിന്നീടു തങ്ങളുടെ ആത്മകഥകൾ പ്രസിദ്ധീകരിച്ചു. 2003 ൽ മിയാൻദാദിന്റെ ആത്മകഥ ‘‘കട്ടിങ് എഡ്‌ജ്’’ പുറത്തിറങ്ങി. ലിലെയും അക്കൊല്ലംതന്നെ പുസ്‌തകമിറക്കി. ‘മെനസ്’. ഇരുവരുടെയും പുസ്‌തകങ്ങളിൽ പെർത്ത് സംഭവം പരാമർശിക്കുന്നുണ്ട്. ‘ഞാൻ തെറ്റുകാരനല്ല’ എന്ന് ഇരുവരും പുസ്‌തകത്തിലും ആവർത്തിച്ചു.

വിവാദമായ പെർത്ത് ടെസ്‌റ്റിൽ ഓസ്‌ട്രേലിയ 286 റൺസിനു വിജയിച്ചു. വിവാദമുയർത്തിയ പെർത്ത് ടെസ്‌റ്റിലെ മിയാൻദാദിന്റെ രണ്ട് ഇന്നിങ്‌സുകളിലെയും വിക്കറ്റുകൾ ലിലെ തന്നെയാണു തെറിപ്പിച്ചത്. ലിലെ ആ ടെസ്‌റ്റിൽ ആകെ ആറു വിക്കറ്റുകൾ പിഴുത് ടീമിനെ വിജയത്തിലേക്കു നയിച്ചു. പരമ്പരയും ഓസ്‌ട്രേലിയ നേടി (2-1).

ക്രിക്കറ്റ് ലോകം അപമാനഭാരംകൊണ്ടു തലകുനിച്ച നിമിഷങ്ങളായിരുന്നു പെർത്തിൽ കണ്ടത്. ഫുട്‌ബോളിലും ഹോക്കിയിലുമൊക്കെ കയ്യാങ്കളി പതിവാണെങ്കിലും ക്രിക്കറ്റിൽ അത് അപൂർവമായ സംഭവമായി. അടി നടക്കാതെ പോയത് അംപയർ ക്രിഫ്‌റ്റിന്റെ മാന്യമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമായിരുന്നു.

ക്രിക്കറ്റിന്റെ ബൈബിൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിസ്‌ഡൻ- ക്രിക്കറ്റേഴ്‌സ് അൽമനാക്ക് പെർത്ത് സംഭവത്തെ പിന്നീട് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്

English Summary: One of the most undignified incidents in Test history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com