ലോകകപ്പിലെ 7 കളിയിൽ 6 ടോസ്, 6 ജയം; ‘ടോസ്ട്രേലിയ’ അല്ല ഓസ്ട്രേലിയ തന്നെ!

australia
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കായി ഗ്ലെൻ മാക്സ്‌വെൽ വിജയറൺ നേടിയപ്പോൾ ഡ്രസിങ് റൂമിനു പുറത്ത് ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് (ഇടത്), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (വലത്) എന്നിവരുടെ ആഹ്ലാദം.
SHARE

ട്വന്റി20 ക്രിക്കറ്റിൽ കളി ജയിക്കണമെങ്കിൽ കുറച്ചു ഭാഗ്യം കൂടി വേണം. ഈ ടൂർണമെന്റിൽ ആ ഭാഗ്യം എന്നെ വളരെ നന്നായി കടാക്ഷിച്ചു’ – ലോകകപ്പ് ട്രോഫി സ്വീകരിച്ച ശേഷം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞതിലുണ്ട് ഈ ലോകകപ്പിന്റെ രത്‌നച്ചുരുക്കം. ഇത്തവണ 7 മത്സരങ്ങളിൽ 6 തവണയും ഫിഞ്ചിനു ടോസ് കിട്ടി. ഫൈനൽ ഉൾപ്പെടെ ടോസ് കിട്ടിയ 6 കളിയിലും ജയം ഓസീസിനൊപ്പം നിന്നു. ദുബായ് പിച്ചിൽ ടോസ് കിട്ടിയാൽ ജയവും കൂടെപ്പോരുമെന്ന കണക്കിനിടയിലും ഓസീസ് ജയം ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തുന്നു. 

ലോക തോൽവി

ഏറ്റവുമൊടുവിൽ കളിച്ച 5 ട്വന്റി20 പരമ്പരകളും തോറ്റാണ് ആരോൺ ഫിഞ്ചും സംഘവും ലോകകപ്പിനെത്തിയത്. ബംഗ്ലദേശിനോടു 4–1നു തോറ്റ സംഘത്തിൽ ഫിഞ്ച്, ഗ്ലെൻ മാക്സ്‌വെൽ, വാർണർ ഉൾപ്പെടെയുള്ളവർ ഇല്ലായിരുന്നുവെങ്കിലും ആ തോൽവിയുടെ ആഘാതം വലുതായിരുന്നു. അതിനു തൊട്ടു മുൻപു വെസ്റ്റിൻഡീസിനോടും തോറ്റു. ന്യൂസീലൻഡ്, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളോടും ട്വന്റി20 പരമ്പര നഷ്ടപ്പെട്ടതോടെ ക്രിക്കറ്റ് വിദഗ്ധർ ഓസീസിനെ എഴുതിത്തള്ളി. 

ഷെയിം ഷെയിം

2015ൽ ഏകദിന ലോകകപ്പിൽ ജേതാക്കളായശേഷം നാണക്കേടിന്റെ പടുകുഴിയിലേക്കാണ് ഓസീസ് വീണത്. 2016ലെ ട്വന്റി20 ലോകകപ്പിൽ സെമിയിലെത്താതെ പുറത്ത്. 2017ലെ ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്. 2019ലെ ഏകദിന ലോകകപ്പിൽ സെമി തോൽവി. ടെസ്റ്റിൽ ഇന്ത്യ 2 പരമ്പരകളിലാണ് അവരെ തോൽപിച്ചു വിട്ടത്. 2018ൽ പന്തുചുരണ്ടൽ വിവാദത്തിലൂടെ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും പരിശീലകൻ ഡാരൻ ലേമാനും നാണംകെട്ടു.

പടക്കുതിരകൾ

ഈ തിരിച്ചടികൾക്കിടയിലും ചില പ്രധാന താരങ്ങളിൽ സിലക്ടർമാരും പരിശീലകൻ ലാംഗറും അർപ്പിച്ച വിശ്വാസം ലോകകപ്പിൽ അവർക്കു കരുത്തായി. ഐപിഎലിൽ ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒടുവിൽ പ്ലേയിങ് ഇലവനിൽനിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ഡേവിഡ് വാർണറെ ലോകകപ്പിൽ തുറുപ്പുചീട്ടാക്കി. ഐപിഎലിൽ ചെന്നൈയ്ക്കായി തിളങ്ങിയ പേസർ ജോഷ് ഹെയ്സൽവുഡിനെ സ്ട്രൈക്ക് ബോളറാക്കി. മാത്യു വെയ്ഡിന്റെ ബിഗ് ബാഷ് പരിചയസമ്പത്തിനെ കയറഴിച്ചുവിട്ടു. 

മൾട്ടി ഡൈമൻഷൻ

ഗ്ലെൻ മാക്സ്‌വെൽ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയ്നിസ് എന്നിവരെ മൾട്ടി ഡൈമൻഷനൽ താരങ്ങളായി ഉപയോഗിച്ചു. ബാറ്റുകൊണ്ട് അടിച്ചു തകർക്കാൻ മാത്രമല്ല, പവർപ്ലേയിൽ സ്ലോ ബോളറായും മാക്സ്‍വെലിനെ കളത്തിലിറക്കി. ആദ്യ 2 മത്സരങ്ങൾക്കുശേഷം സൈഡ് ബെഞ്ചിലിരുത്തിയെങ്കിലും ഫൈനലിൽ 3–ാം സ്ഥാനത്തേക്കു പ്രമോഷൻ നൽകിയും 6–ാം ബോളറായും മാർഷിനെ അവതരിപ്പിച്ചു. സ്റ്റോയ്നിസിനെ പന്തേൽപിക്കാതെ ബാറ്റിങ്ങിൽ മാത്രം നിയോഗിച്ചു. 

ലോകകപ്പ് എന്ന വലിയ വേദിയിൽ, കിട്ടിയ അവസരം മുതലാക്കി ഓസീസ് ചാംപ്യൻമാരായി. 5 തവണ ഏകദിന ലോകകപ്പും 2 തവണ ചാംപ്യൻസ് ട്രോഫിയും നേടിയ ടീമിന്റെ കയ്യിലേക്കിതാ ഒടുവിൽ ട്വന്റി20 ലോകകപ്പും. മറ്റൊരു ദിവസം ആർക്കും തോൽപിക്കാൻ പറ്റുന്ന ടീമായിരിക്കാം ഒരുപക്ഷേ, ഓസീസ്. പക്ഷേ, ഫൈനലിൽ അവർ അജയ്യരായിരുന്നു.

ഓസ്ട്രേലിയ TOP STARS

റൺസ്

ഡേവിഡ് വാർണർ 289

മിച്ചൽ മാർഷ് 185

ആരോൺ ഫിഞ്ച് 135

വിക്കറ്റ്

ആദം സാംപ 13

ജോഷ് ഹെയ്‌സൽവുഡ് 11

മിച്ചൽ സ്റ്റാർക് 9

ബാറ്റിങ് ശരാശരി

മാർക്കസ് സ്‌റ്റോയ്‌നിസ് 80.00

മിച്ചൽ മാർഷ് 61.66

ഡേവിഡ് വാർണർ 48.16

ബോളിങ് ഇക്കോണമി

ആഷ്ടൻ ആഗർ 5.62

ആദം സാംപ 5.81

English Summary: T20; Australia and Toss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA