ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഒരിക്കൽക്കൂടി കടുത്ത പ്രതിസന്ധിയിലാക്കിയ ലൈംഗിക വിവാദത്തിൽ കുരുങ്ങിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടിം പെയ്ൻ ദേശീയ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു. ലൈംഗിക വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം നടത്തിയതിനു പിന്നാലെയാണ് മുപ്പത്താറുകാരനായ ടിം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. പെയ്ൻ നാലു വർഷം മുൻപ് സഹപ്രവർത്തകയായിരുന്ന സ്ത്രീക്ക് തന്റെ നഗ്ന ചിത്രങ്ങളും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും അയച്ചെന്നാണ് ആരോപണം.

രാജിക്കാര്യം പ്രഖ്യാപിക്കാൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയ പെയ്ൻ കണ്ണീരോടെയാണ് സംസാരിച്ചത്. നായകസ്ഥാനം ഒഴിയുമെങ്കിലും ടീമിന്റെ ഭാഗമായി തുടരുമെന്നും പെയ്ൻ സ്ഥിരീകരിച്ചു.

‘ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനം ഞാൻ രാജിവയ്ക്കുകയാണ്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. പക്ഷേ, എനിക്കും കുടുംബത്തിനും ഓസ്ട്രേലിയൻ ക്രിക്കറ്റിനും ഇത് അത്യാവശ്യമാണ്’ – പെയ്ൻ പറഞ്ഞു.

‘ഏതാണ്ട് നാലു വർഷം മുൻപാണ് ‌എന്റെ സഹപ്രവർത്തകയ്ക്ക് മേൽപ്പറഞ്ഞ സന്ദേശങ്ങൾ ഞാൻ അയച്ചത്. അന്ന് തന്നെ ആ വിഷയത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ വിശദമായ അന്വേഷണം നടത്തിയതാണ്. ആ അന്വേഷണത്തോട് ഞാൻ പൂർണമായും സഹകരിച്ചതുമാണ്. ഓസീസ് ബോർഡിനു പുറമെ ടാസ്മാനിയ എച്ച്ആർ വിഭാഗം നടത്തിയ അന്വേഷണത്തിലും ഞാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു’ – പെയ്ൻ വിശദീകരിച്ചു.

‘അന്ന് എന്നെ കുറ്റവിമുക്തനാക്കിയിട്ടും സംഭവിച്ച കാര്യങ്ങളിൽ ഞാൻ ഖേദം പ്രകടിപ്പിച്ചതാണ്. ഇപ്പോഴും എനിക്കതിൽ ഖേദമുണ്ട്. അന്ന് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും എല്ലാം ക്ഷമിച്ച് എന്നോടൊപ്പം ഉറച്ചുനിന്നു. ആ സംഭവം അവിടെ അവസാനിച്ചെന്നും ഇനി പൂർണമായും ക്രിക്കറ്റിൽ ശ്രദ്ധിക്കാനുമാണ് കഴിഞ്ഞ 3–4 വർഷവും ഞാൻ ശ്രമിച്ചത്.’ – പെയ്ൻ പറഞ്ഞു.

‘പക്ഷേ, അന്ന് ഞാൻ അയച്ച സന്ദേശങ്ങൾ പുറത്തായത് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. ഒരുതരത്തിൽ പറഞ്ഞാൽ, 2017ൽ ഞാൻ അയച്ച സന്ദേശങ്ങൾ ഒരു ഓസ്ട്രേലിയൻ നായകനു ചേർന്നതല്ലെന്ന് മനസ്സിലാക്കുന്നു. എന്റെ ഭാര്യയ്ക്കും കുടുംബത്തിനും ആ സഹപ്രവർത്തകയ്ക്കും ഞാൻ നിമിത്തമുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നു. ഓസീസ് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളോടും ആരാധകരോടും മാപ്പു ചോദിക്കുന്നു’ – പെയ്ൻ പറഞ്ഞു.

ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് അയച്ച സന്ദേശത്തിലാണ് താൻ ഉടനടി ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കുന്നതായി ആദ്യം ടിം പെയ്ൻ അറിയിച്ചത്. സ്വന്തം കുടുംബത്തിന്റെയും ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെയും നന്മയെക്കരുതിയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള പെയ്നിന്റെ തീരുമാനമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ റിച്ചാർഡ് ഫ്ര്യൂഡെൻസ്റ്റീൻ വ്യക്തമാക്കി. പെയ്നിന്റെ രാജി ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചതായും പുതിയ ക്യാപ്റ്റന്റെ കാര്യത്തിൽ സിലക്ടർമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയ പന്തു ചുരണ്ടൽ വിവാദത്തിന്റെ തുടർച്ചയായാണ് 2018ൽ ടിം പെയ്നെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകനായി നിയമിച്ചത്. അന്ന് ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ഓസ്ട്രേലിയൻ ടീമിന്റെ നായകൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവരുടെ നേതൃത്വത്തിൽ പന്തിൽ കൃത്രിമം കാട്ടിയതായി തെളിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്.

English Summary: ‘Deeply sorry for the pain I’ve caused’: Paine breaks down as he quits amid sexting scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com