ധാക്ക∙ ‘ഇനി ഷഹീൻ അഫ്രീദിയെ ആർക്കുവേണം? വെറും നാലടി നടന്ന് സ്പിന്നറായ മുഹമ്മദ് നവാസ് എറിഞ്ഞ പന്തിന്റെ വേഗം 148 കിലോമീറ്ററാണ്’ – ധാക്കയിൽ നടന്ന പാക്കിസ്ഥാൻ – ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരത്തിനു പിന്നാലെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടൊരു പോസ്റ്റാണിത്. ബംഗ്ലദേശിനെതിരായ മത്സരത്തിൽ മുഹമ്മദ് നവാസ് എറിഞ്ഞ ഒരു പന്തിന്റെ വേഗം മണിക്കൂറിൽ 148 കിലോമീറ്റർ രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഇത്. പന്തുകളുടെ വേഗം അളക്കുന്നതിൽ വന്ന പാളിച്ചയാണ് ക്രിക്കറ്റ് ചരിത്രത്തിലെ ‘അതിവേഗ പന്തു’കളുടെ പിറവിക്ക് കാരണമായത്!
അതിലും വിസ്മയിപ്പിച്ചത് ഹസൻ അലിയാണ്. താരത്തിന്റെ ഒരു ബോളിന്റെ വേഗം രേഖപ്പെടുത്തിയത് 219 കീലോമീറ്ററാണ്! ബംഗ്ലദേശ് ഇന്നിങ്സിലെ രണ്ടാം ഓവർ ബോൾ ചെയ്യാനെത്തിയപ്പോഴാണ് ഹസൻ അലി 219 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞതായി രേഖപ്പെടുത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ ബോളർമാരായി പരിഗണിക്കപ്പെടുന്ന ഓസീസ് താരങ്ങളായ ബ്രെറ്റ് ലീ, ഷോൺ ടെയ്റ്റ്, പാക്കിസ്ഥാൻ താരം ശുഐബ് അക്തർ തുടങ്ങിയവരെയെല്ലാം ‘കടത്തിവെട്ടിയ’ പ്രകടനമായി ഇത്.
പാക്കിസ്ഥാൻ താരങ്ങളുടെ അതിവേഗ പന്തുകൾ സമൂഹമാധ്യമങ്ങളിൽ ഉടനടി വൈറലാകുകയും ചെയ്തു. ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സഹിതമാണ് ആരാധകർ ഈ അതിവേഗ പന്തുകളെ ഏറ്റെടുത്തത്. എന്തായാലും വേഗമളക്കുന്നതിൽ വന്ന പിഴവ് ആരാധകർക്കിടയിൽ രസകരമായ ചർച്ചയ്ക്ക് വഴിയൊരുക്കി.
മത്സരത്തിൽ പാക്കിസ്ഥാൻ നാലു വിക്കറ്റിന് ബംഗ്ലദേശിനെ തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 127 റൺസ്. പാക്കിസ്ഥാൻ ചെറുതായി പതറിയെങ്കിലും നാലു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. ബംഗ്ലദേശിന്റെ മൂന്നു വിക്കറ്റ് പിഴുത ഹസൻ അലി കളിയിലെ കേമനുമായി.
English Summary: Hasan Ali delivers 219 kph, spinner Muhammad Nawaz clocks 148 kph in glaring speed gun error