ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾത്തന്നെ അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയെന്ന് ഇന്ത്യയുടെ മുൻ താരം സഹീർ ഖാൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പുതുമുഖം വെങ്കടേഷ് അയ്യർക്ക് വൺ‍ഡൗണായി സ്ഥാനക്കയറ്റം നൽകിയത് ചൂണ്ടിക്കാട്ടിയാണ് സഹീറിന്റെ പരാമർശം. ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്തതിനു പിന്നാലെ കെ.എൽ. രാഹുൽ പുറത്തായപ്പോഴാണ് അയ്യരെ ബാറ്റിങ്ങിന് അയച്ചത്. 11 പന്തിൽ രണ്ടു ഫോറുകൾ സഹിതം പുറത്താകാതെ 12 റൺസെടുത്ത അയ്യർ പ്രതീക്ഷ കാത്തു.

തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ പരമ്പര ഉറപ്പാക്കിയതിനു പിന്നാലെയാണ് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് മുൻനിർത്തിയുള്ള ഇന്ത്യയുടെ തയാറെടുപ്പുകളെ സഹീർ ഖാൻ അഭിനന്ദിച്ചത്.

‘അവസരം കിട്ടിയപ്പോൾ വെങ്കടേഷ് അയ്യരെ വൺഡൗണായി പരീക്ഷിച്ചത് ഇന്ത്യ അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇത്തവണ ഇന്ത്യ അയ്യർക്ക് ബാറ്റിങ്ങിന് അവസരം നൽകിയിരുന്നില്ലെങ്കിൽ, അവർ നല്ലൊരു അവസരം പാഴാക്കിയെന്ന് പറയേണ്ടി വരുമായിരുന്നു. എന്തായാലും ഭാവി മുന്നിൽക്കണ്ടുള്ള നല്ലൊരു നീക്കമാണ് മാനേജ്മെന്റ് നടത്തിയത്’ – സഹീർ ഖാൻ പറഞ്ഞു.

അതേസമയം, അടുത്ത ലോകകപ്പിനു മുൻപ് ഇന്ത്യ മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ മുൻ സ്പിന്നർ പ്രഗ്യാൻ ഓജ ചൂണ്ടിക്കാട്ടി. 

‘നമ്മുടെ മധ്യനിരയിലെ പ്രശ്നങ്ങളാണ് ഏറ്റവും വേഗത്തിൽ പരിഹരിക്കേണ്ടത്. ഐസിസി ടൂർണമെന്റുകളിൽ തുടർച്ചയായി നമ്മെ വലയ്ക്കുന്നതും മധ്യനിരയിലെ പ്രശ്നങ്ങളാണ്. ആ പ്രശ്നം പരിഹരിച്ചാൽ ബാക്കിയെല്ലാം ശരിയാകും. നമ്മുടെ മുൻനിര ബാറ്റിങ്ങും ബോളിങ്ങും മികച്ചതാണ്. പക്ഷേ, മധ്യനിര ഒന്നുകൂടി ശരിയാകാനുണ്ട്’ – ഓജ ചൂണ്ടിക്കാട്ടി.

‘ട്വന്റി20 ലോകകപ്പിൽ സംഭവിച്ചതു നോക്കൂ. രോഹിത് ശർമയും കെ.എൽ. രാഹുലും പെട്ടെന്നു പുറത്തായ രണ്ടു മത്സരങ്ങളിലും മധ്യനിര തകർന്നു. പാക്കിസ്ഥാനെതിരെയും ന്യൂസീലൻഡിനെതിരെയും നമ്മൾ അതു കണ്ടു. മധ്യനിരയിലെ പ്രകടനം മോശമായത് നമ്മുടെ സെമി സാധ്യതകളെയും ബാധിച്ചു’ – ഓജ പറഞ്ഞു.

English Summary: Zaheer Khan praises move to promote Venkatesh Iyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com