ഇന്ത്യ–ന്യൂസീലൻഡ് പരമ്പര അർഥശൂന്യം: തുറന്നടിച്ച് കിവീസ് താരം മക്‌ലീനഘൻ

mcclenaghan-india-new-zealand
മിച്ചൽ മക്‌ലീനഘൻ, ഇന്ത്യയുടെയും ന്യൂസീലൻഡിന്റെയും താരങ്ങൾ (ട്വിറ്റർ ചിത്രങ്ങൾ)
SHARE

ക്രൈസ്റ്റ്ചർച്ച്∙ ട്വന്റി20 ലോകകപ്പിനു തൊട്ടുപിന്നാലെ സംഘടിപ്പിച്ച ഇന്ത്യ–ന്യൂസീലൻഡ് പരമ്പര അർഥശൂന്യമെന്ന് തുറന്നടിച്ച് ന്യൂസീലൻഡ് താരം മിച്ചൽ മക്‌ലീനഘൻ. ലോകകപ്പ് ഫൈനൽ കളിച്ച ന്യൂസീലൻഡ് ടീമിനെ ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളത്തിലിറങ്ങാൻ നിർബന്ധിതരാക്കിയ പരമ്പര, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കെയാണ് മക്‌ലീനഘന്റെ പരാമർശം പുറത്തുവന്നത്.

ട്വിറ്ററിൽ ഒരു ഇന്ത്യൻ ആരാധകന്റെ കമന്റിനുള്ള മറുപടിയിലാണ് ഇന്ത്യ–ന്യൂസീലൻഡ് പരമ്പരയെ മക്‌ലീനാഘൻ ‘അർഥശൂന്യം’ എന്ന് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ പോസ്റ്റിനു താഴെ മക്‌ലീനഘൻ കമന്റിട്ടിരുന്നു. ഇതിനു താഴെയാണ് ഒരു ഇന്ത്യൻ ആരാധകൻ ന്യൂസീലൻഡിനെതിരെ ഇന്ത്യ ട്വന്റി20 പരമ്പര നേടിയ കാര്യം മക്‌ലീനഘനെ ഓർമിപ്പിച്ചത്. ഈ കമന്റിനോട് മക്‌ലീനഘൻ പ്രതികരിച്ചത് ഇങ്ങനെ;

‘അവർ തോറ്റോ? ലോകകപ്പ് ഫൈനലിൽ തോറ്റ് 72 മണിക്കൂറിനുള്ളിൽ അവർ കളിക്കേണ്ടി വന്ന ആ അർഥശൂന്യമായ പരമ്പരയല്ലേ? മാത്രമല്ല, സ്വന്തം നാട്ടിൽ 10 ദിവസത്തെ വിശ്രമം ലഭിച്ച ഒരു ടീമിനെതിരെ അഞ്ച് ദിവസം കൊണ്ട് മൂന്നു മത്സരങ്ങളല്ലേ കളിക്കേണ്ടി വന്നത്?’ – മക്‌ലീനഘൻ കുറിച്ചു.

നവംബർ 14ന് ദുബായിൽ ട്വന്റി20 ലോകകപ്പ് ഫൈനൽ കളിച്ച ന്യൂസീലൻഡ് ടീം, തൊട്ടുപിന്നാലെ ഇന്ത്യയിലെത്തി നവംബർ 17ന് ഒന്നാം ട്വന്റി20 മത്സരം കളിച്ചിരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം രണ്ടാം ട്വന്റി20 കളിച്ച കിവീസ്, ഇന്ന് മൂന്നാം ട്വന്റി20ക്കും ഇറങ്ങും. തുടർച്ചയായ ഈ മത്സര ക്രമമാണ് ഇന്ത്യ–കിവീസ് പരമ്പരയെ ‘അർഥശൂന്യ’മെന്ന് വിശേഷിപ്പിക്കാൻ മക്‌ലീനഘനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ന്യൂസീലൻഡിനായി 2012ൽ അരങ്ങേറ്റ മത്സരം കളിച്ച മക്‌ലീനഘൻ 48 ഏകദിനങ്ങളും 29 ട്വന്റി20 മത്സരങ്ങളും കളിച്ചു. 2018ലായിരുന്നു അവസാന മത്സരം.

English Summary: Mitchell McClenaghan terms ongoing India-New Zealand T20I series 'meaningless'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA