സിക്സടിച്ചത് ‘ഇഷ്ടപ്പെട്ടില്ല’; ബംഗ്ലദേശ് താരത്തെ ‘എറിഞ്ഞുവീഴ്ത്തി’ അഫ്രീദി- വിഡിയോ

afif-hossain-shaheen-afridi
അഫീഫ് ഹുസൈനെ എറിഞ്ഞുവീഴ്ത്തുന്ന ഷഹീൻ അഫ്രീദി (ട്വിറ്റർ ചിത്രം)
SHARE

ധാക്ക∙ തന്റെ പന്തിൽ സിക്സടിച്ച ബംഗ്ലദേശ് താരത്തെ തൊട്ടടുത്ത പന്തിൽ അനാവശ്യമായി ‘എറിഞ്ഞുവീഴിച്ച്’ പാക്കിസ്ഥാൻ താരം ഷഹീൻ അഫ്രീദി. ധാക്കയിൽ നടന്ന പാക്കിസ്ഥാൻ – ബംഗ്ലദേശ് രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ രണ്ടാം ഓവറിൽ ബംഗ്ലദേശ് താരം അഫീഫ് ഹുസൈൻ സിക്സർ നേടിയിരുന്നു. ഇതിന്റെ കലിപ്പിൽ തൊട്ടടുത്ത പന്തിലാണ് ക്രീസിൽ നിൽക്കുകയായിരുന്ന അഫീഫ് ഹുസൈനെ ഷഹീൻ അഫ്രീദി പന്തുകൊണ്ട് എറിഞ്ഞത്.

ആദ്യ മത്സരം തോറ്റ ബംഗ്ലദേശ് പരമ്പരയിൽ ‘ജീവൻ’ നിലനിർത്താൻ വിജയം കൂടിയേ തീരൂ എന്ന അവസ്ഥയിലാണ് രണ്ടാം ട്വന്റി20ക്ക് ഇറങ്ങിയത്. ഇത്തവണ ടോസ് നേടിയ അവർ തിരഞ്ഞെടുത്തത് ബാറ്റിങ്. ബംഗ്ലദേശ് ഇന്നിങ്സിലെ ആദ്യ ഓവറിൽത്തന്നെ ഷഹീൻ അഫ്രീദി ഓപ്പണർ സയ്ഫ് ഹസ്സനെ ഗോൾ‍ഡൻ ഡക്കാക്കി. അടുത്ത ഓവറിൽ മുഹമ്മദ് വാസിം ജൂനിയർ മുഹമ്മദ് നയീമിനെയും (എട്ടു പന്തിൽ 2) പുറത്താക്കിയതോടെ രണ്ട് ഓവറിൽ രണ്ടിന് അഞ്ച് റൺസ് എന്ന നിലയിലായി ബംഗ്ലദേശ്.

ഇതിനു പിന്നാലെയാണ് അഫീഫ് ഹുസൈൻ കളത്തിലെത്തുന്നത്. മൂന്നാം ഓവറിലെ ആദ്യ പന്ത് നേരിട്ട ബംഗ്ലദേശ് താരം ഷാന്റോ സിംഗിളെടുത്തു. അടുത്ത പന്ത് നേരിട്ട അഫീഫ് ഹുസൈൻ തകർപ്പനൊരു സിക്സറിലൂടെയാണ് അക്കൗണ്ട് തുറന്നത്.

എന്നാൽ, ഈ സിക്സറിന്റെ കലിയാണ് അടുത്ത പന്തിൽ ഷഹീൻ അഫ്രീദി തീർത്തത്. അടുത്ത പന്ത് നേരെ ബോളറുടെ കൈകളിലേക്ക് തട്ടിയിട്ട അഫീഫ് ഹുസൈൻ ക്രീസിൽത്തന്നെ നിൽക്കുമ്പോഴാണ് പന്തെടുത്ത അഫ്രീദി ബാറ്റർക്കുനേരെ അത് വലിച്ചെറിഞ്ഞത്. ക്രീസിൽ തിരിഞ്ഞുനിൽക്കുകയായിരുന്ന ഹുസൈന്റെ കാലിലാണ് ഏറുകൊണ്ടത്.

ഏറുകൊണ്ട ഉടൻ താരം നിലത്തുവീണുപോയി. ഓടിയെത്തിയ ഷഹീൻ അഫ്രീദി ക്ഷമാപണം നടത്തിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ അഫ്രീദിക്കെതിരെ ആരാധകർ കടുത്ത വിമർശനമാണ് നടത്തിയത്. തന്റെ പന്തിൽ അഫീഫ് ഹുസൈൻ സിക്സറടിച്ചതിൽ പ്രകോപിതനായാണ് അഫ്രീദി മനഃപൂർവം പന്ത് വലിച്ചെറിഞ്ഞതെന്നാണ് അവരുടെ ആരോപണം. എന്തായാലും ഈ മത്സരവും ജയിച്ച പാക്കിസ്ഥാൻ പരമ്പര സ്വന്തമാക്കി.

English Summary: Shaheen Afridi loses cool after being hit for six, hurts Bangladesh player with wild throw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS