ADVERTISEMENT

സിഡ്നി ∙ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചതിനു പിന്നാലെ, രാജിയിലേക്കു നയിച്ച വിവാദങ്ങളിൽ പ്രതികരണവുമായി ടിം പെയ്ൻ രംഗത്ത്. വിവാദങ്ങൾക്ക് കാരണമായ ആ സന്ദേശങ്ങൾ ഒരിക്കലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, എന്നെങ്കിലും ഒരിക്കൽ അതെല്ലാം പുറത്താകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായി പെയ്ൻ വെളിപ്പെടുത്തി. 2017ൽ അന്നത്തെ ഒരു സഹപ്രവർത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും പുറത്തായതോടെയാണ് ടിം പെയ്ൻ രാജിവയ്ക്കേണ്ടി വന്നത്.

താനയച്ച അശ്ലീല സന്ദേശങ്ങൾ പുറത്തുവിട്ട ‘ഹെറാൾഡ് സണ്ണി’നു നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ടിം പെയ്ന്റെ വിശദീകരണം. ഏതു നിമിഷവും ആ സന്ദേശങ്ങൾ പുറത്തുവന്നേക്കാമെന്ന് താൻ ഭയന്നിരുന്നതായി പെയ്ൻ വെളിപ്പെടുത്തി.

‘ആ പ്രശ്നം അന്നുതന്നെ പരിഹരിച്ചിരുന്നു. പക്ഷേ, ഓരോ ക്രിക്കറ്റ് സീസണിനു മുൻപും, അല്ലെങ്കിലും ഓരോ പ്രധാനപ്പെട്ട ടൂർണമെന്റുകൾക്കു മുൻപും ആ വിഷയം ഉയർന്നുവരും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഞാൻ അയച്ച സന്ദേശങ്ങൾ കൈവശമുണ്ടെന്ന് മാധ്യമങ്ങൾ പലതവണ അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, പുറത്തുവിട്ടില്ല. അവ പുറത്തുവരരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഞാൻ എത്രത്തോളം ആഗ്രഹിച്ചുവോ അതേ തീവ്രതയോടെ തന്നെ അവ പുറത്തുവരുമെന്ന് എനിക്കറിയാമായിരുന്നു’ – പെയ്ൻ പറഞ്ഞു.

പരസ്പര സമ്മതത്തോടെയാണ് അന്ന് അത്തരം സന്ദേശങ്ങൾ കൈമാറിയതെന്നും പെയ്ൻ വെളിപ്പെടുത്തി. താൻ ഓസീസ് ടെസ്റ്റ് ടീമിന്റെ നായകനായിരുന്നില്ലെങ്കിൽ ആ സന്ദേശങ്ങൾ അത്ര വലിയ വിഷയമാണെന്ന് കരുതുന്നില്ലെന്നും പെയ്ൻ അഭിപ്രായപ്പെട്ടു.

‘വർഷങ്ങൾക്കു മുൻപ് പരസ്പര സമ്മതത്തോടെയാണ് ആ സന്ദേശങ്ങൾ കൈമാറിയത്. അത് അത്ര വലിയ വിഷയമാണെന്നും ഞാൻ കരുതുന്നില്ല. ഇത് ഇത്ര വലിയ വിവാദമാകുമെന്നും എനിക്ക് അറിയില്ലായിരുന്നു’ – പെയ്ൻ പറഞ്ഞു.

∙ വിവാദം ഇങ്ങനെ

സഹപ്രവർത്തകയ്ക്കു ലൈംഗികച്ചുവയുള്ള സന്ദേശമയച്ച സംഭവം വാർത്തയായതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ടിം പെയ്ൻ ഓസീസ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കു മൂന്നാഴ്ച ബാക്കി നിൽക്കെയാണു പെയ്ന്റെ തീരുമാനം. 4 വർഷം മുൻപു നടന്ന സംഭവത്തിന്റെ പേരിലാണു പെയ്നു ക്യാപ്റ്റൻ സ്ഥാനം വിടേണ്ടി വന്നത്.

ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിനു മാസങ്ങൾ മുൻപു 2017ൽ ക്രിക്കറ്റ് ടാസ്മാനിയയിലെ ഒരു ജോലിക്കാരിക്കാണു പെയ്ൻ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചത്. അന്നു നടത്തിയ അന്വേഷണത്തിൽ സ്പോർട്സ് ഇന്റഗ്രിറ്റി യൂണിറ്റ് പെയ്നെ വെറുതെ വിട്ടെങ്കിലും പെയ്നും വനിതാ സ്റ്റാഫും തമ്മിലുള്ള സംഭാഷണം കഴിഞ്ഞ ദിവസം മെൽബണിലെ ഹെറാൾഡ് സൺ പത്രം പുറത്തു വിട്ടു. ഇതോടെ രാജി പ്രഖ്യാപനവുമായി പെയ്ൻ രംഗത്തെത്തി. ഹൊബാർട്ടിൽ നടന്ന പത്രസമ്മേളനത്തിൽ, താൻ നായകപദവി വിടുന്ന കാര്യം കണ്ണീരോടെയാണു പെയ്ൻ പ്രഖ്യാപിച്ചത്.

പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള സംസാരം എന്ന രീതിയിൽ സംഭവം ടാസ്മാനിയൻ ക്രിക്കറ്റ് ഗുരുതരമായി എടുത്തിരുന്നില്ല. 2018ൽ മോഷണക്കേസിൽ കുടുങ്ങിയതിനു പിന്നാലെയാണു ജോലിക്കാരി പെയ്നെതിരെ ആരോപണവുമായി രംഗത്തെത്തിയതെന്നു പെയ്നെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ, ഈ വാദങ്ങൾക്കൊന്നും പെയ്നെ രക്ഷിക്കാനായില്ല. 

∙ നാണക്കേടിന്റെ  രണ്ടാം ഇന്നിങ്സ്

2018ൽ പന്തുചുരണ്ടൽ വിവാദത്തിൽ കുടുങ്ങിയ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ അശ്ലീല സന്ദേശ വിവാദം വീണ്ടും നാണക്കേടിലാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും വിലക്ക് നേരിട്ടതിനെത്തുടർന്നു 2018ലാണു പെയ്ൻ ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായത്. അന്നത്തെ പരിശീലകൻ ഡാരൻ ലേമാനും പടിയിറങ്ങേണ്ടി വന്നിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനുശേഷം ആഷസ് പരമ്പര നിലനിർത്തിയതോടെ പെയ്ന്റെ സ്ഥാനമുറച്ചു. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരെ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ആഷസിൽ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു പെയ്ന്റെ ടീം. പെയ്ൻ നയിച്ച 23 ടെസ്റ്റുകളിൽ ഓസ്ട്രേലിയ 11 മത്സരങ്ങൾ ജയിച്ചു, എട്ടെണ്ണം തോറ്റു. സമനില: 4.

English Summary: Knew it was going to come out, as much as I didn't want it to: Tim Paine opens up on sexting controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com