ADVERTISEMENT

കാൻപുർ ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച് ശ്രേയസ് അയ്യർ – രവീന്ദ്ര ജഡേജ സഖ്യം. പിരിയാത്ത അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി തിളങ്ങിയ അയ്യരുടെയും ജഡേജയുടെയും മികവിൽ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനം നേരത്തേ കളി നിർത്തുമ്പോൾ 84 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ് ഇന്ത്യ. അരങ്ങേറ്റ ടെസ്റ്റിൽ അർധസെഞ്ചുറിയുമായി തിളങ്ങി അയ്യർ 75 റൺസോടെയും 17–ാം ടെസ്റ്റ് അർധസെഞ്ചുറി കണ്ടെത്തിയ രവീന്ദ്ര ജഡേജ 50 റൺസോടെയും ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും 208 പന്തുകളിൽനിന്ന് 113 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

94 പന്തിൽ ആറു ഫോറുകൾ സഹിതമാണ് അയ്യർ കന്നി അർധസെഞ്ചുറി കുറിച്ചത്. മത്സരത്തിലാകെ 136 പന്തുകൾ േനരിട്ട അയ്യർ ഏഴു ഫോറും രണ്ടു സിക്സും സഹിതമാണ് 75 റൺസെടുത്തത്. രവീന്ദ്ര ജഡേജയാകട്ടെ, 99 പന്തിൽ ആറു ഫോറുകൾ സഹിതമാണ് അർധസെഞ്ചുറിയിലെത്തിയത്. നാട്ടിൽ നടക്കുന്ന ടെസ്റ്റുകളിൽ അവസാന അഞ്ച് ഇന്നിങ്സുകളിൽ ജഡേജയുടെ നാലാം അർധസെഞ്ചുറിയാണിത്. 91, 51, 60*, 12, 50* എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്സുകളിൽ ജഡേജയുടെ സ്കോർ.

ഓപ്പണർ ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി അർധസെഞ്ചുറി കുറിച്ചു. 93 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് 52 റൺസെടുത്തത്. ഓപ്പണർമാരായ മയാങ്ക് അഗർവാൾ (13), ശുഭ്മൻ ഗിൽ (52), ചേതേശ്വർ പൂജാര (26), ക്യാപ്റ്റൻ അജിൻക്യ രഹാനെ (35) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ന്യൂസീലൻഡിനായി കൈൽ ജയ്മിസൻ മൂന്നും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ മയാങ്ക് അഗർവാൾ – ശുഭ്മൻ ഗിൽ സഖ്യം ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ടിം സൗത്തി – കൈൽ ജയ്മിസൻ സഖ്യത്തെ ശ്രദ്ധയോടെ നേരിട്ടു തുടങ്ങിയെങ്കിലും, അധികം വൈകാതെ മയാങ്കിനെ ജയ്മിസൻ പുറത്താക്കി. 28 പന്തിൽ രണ്ടു ഫോറുകളോെ 13 റൺസെടുത്ത മയാങ്കിനെ ടോം ബ്ലണ്ടൽ പിടികൂടി.

രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ശുഭ്മൻ ഗിൽ ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ ഓവറിൽ ഗില്ലിനെയും ജയ്മിസൻ പുറത്താക്കി. 93 പന്തുകൾ ‍നേരിട്ട് 52 റൺസെടുത്ത ഗിൽ ക്ലീൻ ബൗൾഡായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 61 റൺസ്.

മൂന്നാം വിക്കറ്റിൽ ചേതേശ്വർ പൂജാര – അ‍ജിൻക്യ രഹാനെ സഖ്യം ശ്രദ്ധയോടെ തുടങ്ങിയെങ്കിലും 38–ാം ഓവറിൽ ടിം സൗത്തി പൂജാരയുടെ പ്രതിരോധം തകർത്തു. 88 പന്തിൽ രണ്ടു ഫോറുകളോടെ 26 റൺസെടുത്ത പൂജാരയെയും ടോം ബ്ലണ്ടൽ പിടികൂടി. സ്കോർ 145ൽ നിൽക്കെ ക്യാപ്റ്റൻ അജിൻക്യ രഹാനെയേയും ജയ്മിസൻ പുറത്താക്കി. 63 പന്തിൽ ആറു ഫോറുകളോടെ 35 റൺസെടുത്ത രഹാനെ ക്ലീൻ ബൗൾഡായി.

വൈസ് ക്യാപ്റ്റനും ക്യാപ്റ്റനും പുറത്തായതിനു പിന്നാലെ ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിനു വഴിയൊരുങ്ങി. ന്യൂസീലൻഡിന്റെ പേസ്, സ്പിൻ ആക്രമണത്തെ കരുതലോടെ നേരിട്ട ഇരുവരും ആദ്യ ദിനം സെഞ്ചുറി കൂട്ടുകെട്ടും പൂർത്തിയാക്കി.

∙ ഇന്ത്യയ്ക്ക് ടോസ് ബാറ്റിങ്

നേരത്തെ, വിരാട് കോലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യയെ നയിക്കുന്ന അജിൻക്യ രഹാനെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചിൽ മൂന്നു സ്പിന്നർമാരുമായാണ് ഇന്ത്യയുടെ പടപ്പുറപ്പാട്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം അക്ഷർ പട്ടേലിനും ടീമിൽ ഇടംലഭിച്ചു. ശ്രേയസ് അയ്യർ ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബോളർമാർ

ന്യൂസീലൻഡ് നിരയിൽ രണ്ടു സ്പിന്നർമാരുണ്ട്. അജാസ് പട്ടേൽ, വിൽ സോമർവിൽ എന്നിവരാണ് കിവീസിനായി സ്പിൻവിഭാഗം കൈകാര്യം ചെയ്യുക. കെയ്ൻ വില്യംസൻ നയിക്കുന്ന ടീമിലേക്ക് കൈൽ ജാമിസനും തിരിച്ചെത്തി. ന്യൂസീലൻഡിനായി ഇന്ത്യൻ വംശജനായ ഓൾറൗണ്ടർ രചിൻ രവീന്ദ്രയും ഇന്ന് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.

English Summary: India vs New Zealand, 1st Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com