ADVERTISEMENT

കാൻപുർ ∙ അഞ്ച് വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ മണ്ണിൽ സന്ദർശക ടീമിന്റെ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ടുമായി ശ്രദ്ധ നേടിയ മത്സരത്തിൽ, ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡ് ശക്തമായ നിലയിൽ. ഇന്ത്യ ഉയർത്തിയ 345 റൺസ് പിന്നിടുന്നു ന്യൂസീലൻഡ്, രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ, വിക്കറ്റ് നഷ്ടം കൂടാതെ 129 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ വിൽ യങ് (75), ടോം ലാഥം (5) എന്നിവർ ക്രീസിൽ. 10 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 216 റൺസ് മാത്രം പിന്നിലാണ് ന്യൂസീലൻഡ്.

സ്പിന്നർമാരെ ഇറക്കി കളംപിടിക്കാമെന്ന ഇന്ത്യയുടെ മോഹം തകർത്താണ് ന്യൂസീലൻഡ് ഓപ്പണർമാർ ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്തത്. ഇതുവരെ 57 ഓവറുകൾ നേരിട്ടാണ് ഇരുവരും 129 റൺസ് കൂട്ടിച്ചേർത്തത്. ഇന്ത്യയ്ക്കായി അശ്വിൻ – ജഡേജ – അക്ഷർ പട്ടേൽ ത്രയം ഇതിനകം 41 ഓവറുകൾ ബോൾ ചെയ്തെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല.

2016ൽ ഇംഗ്ലണ്ടിന്റെ അലസ്റ്റയർ കുക്ക് – ഹസീബ് സമീദ് സഖ്യം ചെന്നൈയിൽ 103 റൺസ് കൂട്ടുകെട്ട് തീർത്തശേഷം, ഇന്ത്യൻ മണ്ണിൽ വിദേശ ടീമിന്റെ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത് ഇതാദ്യം. ഇന്ത്യയിൽ ന്യൂസീലൻഡിന്റെ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത് ഇത് ഏഴാം തവണ മാത്രം. ഇതിൽ രണ്ടു തവണ കൂട്ടുകെട്ടിന്റെ ഭാഗമായ ഏക താരമായി ടോം ലാഥം.

∙ ‘ശ്രേയസ്സാ’യി അയ്യരുടെ സെഞ്ചുറി

നേരത്തെ, അരങ്ങേറ്റം കൊഴുപ്പിച്ച് സെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസ് അയ്യരുടെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 345 റൺസെടുത്തത്. 111.1 ഓവറിലാണ് ഇന്ത്യ 345 റൺസെടുത്തത്. അരങ്ങേറ്റത്തിലെ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ ഇന്ത്യയുടെ ടോപ് സ്കോററായി. അയ്യർ 171 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 105 റൺസെടുത്തു. ന്യൂസീലൻഡിനായി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. കൈൽ ജയ്മിസൻ മൂന്നും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി.

ശ്രേയസ് അയ്യർക്കു പുറമേ രവിചന്ദ്രൻ അശ്വിനാണ് (56 പന്തിൽ 38) രണ്ടാം ദിനം ഇന്ത്യൻ നിരയിൽ തിളങ്ങിയ ഏക താരം. ഉമേഷ് യാദവ് 34 പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ (50), വൃദ്ധിമാൻ സാഹ (1), അക്ഷർ പട്ടേൽ (3), ഇഷാന്ത് ശർമ (0) എന്നിവരാണ് രണ്ടാം ദിനം ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ഇന്നു വീണ ആറു വിക്കറ്റുകളിൽ നാലും ടിം സൗത്തി സ്വന്തമാക്കി. ബാക്കി രണ്ടും അജാസ് പട്ടേലിനാണ്.

അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസ് അയ്യർ തന്നെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ഹീറോ. 171 പന്തുകൾ നേരിട്ട അയ്യർ 13 ഫോറും രണ്ടു സിക്സും സഹിതം 105 റൺസെടുത്താണ് പുറത്തായത്. 157 പന്തിൽ 12 ഫോറും രണ്ടു സിക്സും സഹിതമാണ് അയ്യരുടെ കന്നി ടെസ്റ്റ് സെഞ്ചുറി. അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന 16–ാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ. ന്യൂസീലൻഡിനെതിരെ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവും. അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരം (26 വയസ്സും 355 ദിവസവും), വേഗമേറിയ നാലാമത്തെ അരങ്ങേറ്റ സെഞ്ചുറി എന്നീ നേട്ടങ്ങളും അയ്യർക്ക് സ്വന്തം.

നാലു വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തലേന്നത്തെ അതേ സ്കോറിൽത്തന്നെ ടിം സൗത്തിയാണ് ജഡേജയെ പുറത്താക്കിയത്. ജഡേജ 112 പന്തിൽ ആറു ഫോറുകൾ സഹിതം 50 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റിൽ അയ്യർക്കൊപ്പം 121 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ജഡേജ പുറത്തായത്. അയ്യർ സെഞ്ചുറിയിലെത്തിയതിനു തൊട്ടുപിന്നാലെ 12 പന്തിൽ ഒരു റണ്ണുമായി സാഹയും സൗത്തിക്ക് കീഴടങ്ങി. അയ്യർ (105), അക്ഷർ പട്ടേൽ (3) എന്നിവരെയും പുറത്താക്കി സൗത്തി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ലഞ്ചിനു പിന്നാലെ രവിചന്ദ്രൻ അശ്വിൻ (38), ഇഷാന്ത് ശർമ (0) എന്നിവരെ പുറത്താക്കി അജാസ് പട്ടേൽ ഇന്ത്യൻ പോരാട്ടത്തിന് വിരാമമിട്ടു.

മയാങ്ക് അഗർവാൾ ‍(13), ശുഭ്മൻ ഗിൽ (52), ചേതേശ്വർ പൂജാര (26), അജിൻക്യ രഹാനെ (35) എന്നിവരാണ് ആദ്യ ദിനം പുറത്തായ ഇന്ത്യൻ ബാറ്റർമാർ. 17.4 ഓവറിൽ 69 റൺസ് വഴങ്ങിയാണ് സൗത്തി അഞ്ച് വിക്കറ്റ് പിഴുതത്. കൈൽ ജയ്മിസൻ 23.2 ഓവറിൽ 91 റൺസ് വഴങ്ങി മൂന്നും അജാസ് പട്ടേൽ 29.1 ഓവറിൽ 90 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

English Summary: India vs New Zealand, 1st Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com