ADVERTISEMENT

കാൻപുർ∙ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ കാൻപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ആരാധകരുടെ ശ്രദ്ധ കവർന്ന് ഇരു ടീമുകളിലെയും ഒരേ പേരുകാർ തമ്മിലുള്ള പോരാട്ടം. ന്യൂസീലൻഡ് താരം രചിൻ രവീന്ദ്രയും ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുമാണ് കളത്തിൽ നേർക്കുനേരെത്തിയത്. മത്സരത്തിൽ ‘ന്യൂസീലൻഡിന്റെ രവീന്ദ്ര’ ബാറ്റു ചെയ്യുമ്പോഴാണ് പന്തെറിയാൻ ‘ഇന്ത്യയുടെ രവീന്ദ്ര’ എത്തിയത്. ഒടുവിൽ രചിൻ രവീന്ദ്രയെ ജഡേജ പുറത്താക്കുകയും ചെയ്തു.

ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര കാൻപുരിലാണ് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസീലൻഡിന് നാലാം വിക്കറ്റ് നഷ്ടമായതോടെയാണ് രചിൻ രവീന്ദ്ര ക്രീസിലെത്തുന്നത്. ഏതാനും ഓവറുകൾ പ്രതിരോധിച്ചുനിന്ന രചിനെ, ഇന്നിങ്സിലെ 111–ാം ഓവറിലാണ് രവീന്ദ്ര ജഡേജ പുറത്താക്കിയത്. രവീന്ദ്ര ജഡേജയുടെ പന്തിന്റെ ഗതിയറിയാതെ ബാറ്റുവച്ച രചിൻ ക്ലീൻ ബൗൾഡാവുകയായിരുന്നു. അരങ്ങേറ്റ ഇന്നിങ്സിൽ 23 പന്തുകളിൽ രണ്ടു ഫോറുകൾ സഹിതം രചിൻ രവീന്ദ്ര നേടിയത് 13 റൺസ്.

മത്സരത്തിൽ രവീന്ദ്ര ജഡേജയ്ക്ക് ലഭിച്ച ഏക വിക്കറ്റും രചിൻ രവീന്ദ്രയുടേതാണ്. മത്സരത്തിലാകെ 33 ഓവറുകൾ എറിഞ്ഞ രവീന്ദ്ര ജഡേജ, 57 റൺസ് വഴങ്ങിയാണ് രചിൻ രവീന്ദ്രയുടെ വിക്കറ്റെടുത്തത്.

∙ കിവീസ് ക്രിക്കറ്റിന്റെ ഭാവി താരം

രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ തെൻഡുക്കൽറിന്റെയും കടുത്ത ആരാധകരായ മാതാപിതാക്കൾ ഇഷ്ട താരങ്ങളുടെ പേരുകൾ കൂട്ടിയിണക്കി മകനിട്ട പേരാണു രചിൻ. കിവീസ് ടീമിലെ പുതുമുഖമാണ് ഇരുപത്തിയൊന്നുകാരനായ രചിൻ. രാജ്യാന്തര ട്വന്റി20യിൽ മുൻപും ജഴ്സിയണിഞ്ഞിട്ടുണ്ട്. 2016ലെ അണ്ടർ 19 ഏകദിന ലോകകപ്പിലും മിന്നും പ്രകടനമാണു നടത്തിയത്. ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ രവി കൃഷ്ണമൂർത്തിയാണു പിതാവ്.

ന്യൂസീലൻഡ് ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്നയാളാണ് ഇരുപത്തൊന്നുകാരനായ ഈ ബാറ്റിങ് ഓൾറൗണ്ടർ. ഇടങ്കയ്യൻ മുൻനിര ബാറ്റ്സ്മാനായ രചിന്റെ ഓഫ് സ്പിന്നും ഫലപ്രദമാണ്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ സിസ്റ്റം ആർക്കിടെക്ടായിരുന്ന രചിന്റെ പിതാവ് രവി കൃഷ്ണമൂർത്തി തൊണ്ണൂറുകളിൽ വെല്ലിങ്ടണിലെത്തിയതാണ്. ഇദ്ദേഹം സ്ഥാപിച്ച ഹട് ഹോക്ക് ക്ലബ് കിവീസ് താരങ്ങൾക്ക് ഇന്ത്യയിൽ ക്രിക്കറ്റ് പരിശീലന സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 4 വർഷവും ഇന്ത്യയിലെത്തി പരിശീലിച്ചവരിലൊരാളാണ് രചിൻ. ഇത് സ്പിൻ ബോളിങ്ങിനെ നേരിടാൻ പാകപ്പെടുത്തുന്നതായിരുന്നു.

ആന്ധ്രപ്രദേശിലെ അനന്ത്പുരിലെ റൂറൽ ഡവലപ്മെന്റ് ട്രസ്റ്റിലായിരുന്നു പരിശീലനം. ആന്ധ്രപ്രദേശ് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകരും രചിന്റെ പ്രകടന മികവ് സാക്ഷ്യപ്പെടുത്തുന്നു. ന്യൂസീലൻഡ് ടീം അംഗങ്ങളായ ജിമ്മി നീഷം, ടോം ബ്ലൻഡൽ എന്നിവരും മുൻപ് ക്ലബ്ബിനൊപ്പം പരിശീലനത്തിന് ഇന്ത്യയിലെത്തിയിട്ടുണ്ട്.

അണ്ടർ 19 കാലത്തുതന്നെ കിവീസ് ക്രിക്കറ്റ് കേന്ദ്രങ്ങളിൽ ശ്രദ്ധ നേടിയ താരമാണ് രചിൻ. അണ്ടർ 19 വിഭാഗത്തിൽ 2016, 2018 ലോകകപ്പുകളിൽ ന്യൂസീലൻഡിനായി കളിച്ചിരുന്നു. ന്യൂസീലൻഡിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമുകളിലൊന്നായ വെല്ലിങ്ടൺ ഫയർ ബേഡ്സിന്റെ കളിക്കാരനാണ്.

English Summary: Jadeja wins the battle of the Ravindras, cleans up Rachin through the gate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com