ADVERTISEMENT

കാൻപുർ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അംപയർ നിതിൻ മേനോനുമായി തർക്കിച്ച രവിചന്ദ്രൻ അശ്വിനെതിരെ മുൻ താരങ്ങൾ രംഗത്ത്. നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടാണെങ്കിലും എതിർ ടീമിന്റെ താരങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ശരിയല്ലെന്ന് മുൻ താരങ്ങളായ ഇർഫാൻ പഠാൻ, സൈമൻ ഡൂൽ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ നിയമവശങ്ങളെക്കുറിച്ച് അസാമാന്യ ധാരണയുള്ള താരമാണ് അശ്വിൻ. അദ്ദേഹം ക്രിക്കറ്റ് നിയമങ്ങൾ ലംഘിക്കുമെന്ന് കരുതാനും വയ്യ. എങ്കിലും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് സ്വന്തം ബോളിങ്ങിന്റെ താളം കളയാനേ ചിലപ്പോൾ ഉപകരിക്കൂവെന്ന് ഇർഫാൻ പഠാൻ മുന്നറിയിപ്പു നൽകി.

ഒന്നാം ടെസ്റ്റിന്റെ 3–ാംദിനത്തിൽ‌ അശ്വിനും അംപയർ നിതിൻ മേനോനും തമ്മിലുണ്ടായ വാക്കുതർക്കം ശ്രദ്ധ നേടിയിരുന്നു. കിവീസ് നായകൻ കെയ്ൻ വില്യംസനെതിരെ പതിവുശൈലി വിട്ട് എറൗണ്ട് ദ് വിക്കറ്റിൽ പന്തെറിഞ്ഞ അശ്വിൻ ബോളിങ്  പൂർത്തിയാക്കിയശേഷം മുന്നോട്ടു നടന്നതിനെച്ചൊല്ലിയായിരുന്നു (ഫോളോ ത്രൂ) തർക്കം. ബോളിങ്ങിനുശേഷം അശ്വിൻ തനിക്കു മുന്നിലൂടെ നടന്നുനീങ്ങുന്നതു കാഴ്ച മറയ്ക്കുന്നതായി അംപയർ പലതവണ മുന്നറിയിപ്പു നൽകി. ഇതാണ് അശ്വിനെ പ്രകോപിപ്പിച്ചത്. ബോളിങ്ങിനുശേഷം നിയമാനുസൃതമായ ഫോളോ ത്രൂ മാത്രമാണു താൻ നടത്തുന്നതെന്നായിരുന്നു അശ്വിന്റെ വാദം. ഈ സാഹചര്യത്തിലാണ് മുൻ താരങ്ങൾ നിലപാട് വ്യക്തമാക്കിയത്.

ഇർഫാൻ പഠാൻ: ‘അശ്വിന്റെ ഒരു കയ്യിൽ എപ്പോഴും ക്രിക്കറ്റിന്റെ നിയമ പുസ്തകം കാണും. അത്രയ്ക്ക് കൃത്യമാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ. അതുകൊണ്ട് എന്തു വിഷയത്തിലും സ്വന്തം നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കും. ഞാൻ നിയമത്തിനുള്ളിലാണ് നിൽക്കുന്നത്. പിന്നെ എന്താണ് കുഴപ്പം? വേണമെങ്കിൽ അംപയർ അൽപം ബുദ്ധിമുട്ടട്ടെ – ഇതായിരിക്കും അശ്വിന്റെ ചിന്ത.

‘നോക്കൂ, ഇക്കാര്യത്തിൽ അശ്വിന്റെ നിലപാടിൽ തെറ്റില്ല. അദ്ദേഹം അക്കാര്യത്തിൽ ആവശ്യത്തിന് പരിശീലനവും നേടിയിട്ടുണ്ടാകും. ആ നിയമ വശം വീണ്ടും വീണ്ടും പരിശോധിച്ച് പഠിച്ചിട്ടുമുണ്ടാകും. ഒരു കാര്യം ഉറപ്പാണ്. രവിചന്ദ്രൻ അശ്വിനെ പരിശീലിപ്പിക്കുമ്പോഴും അദ്ദേഹം ബോൾ ചെയ്യുന്ന സമയത്ത് കളി നിയന്ത്രിക്കുമ്പോഴും പരിശീലകനും അംപയറിനും പണി കൂടും. ഡൽഹി ക്യാപിറ്റൽസിൽ റിക്കി പോണ്ടിങ് ഇക്കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ടി. ഇപ്പോൾ രാഹുൽ ദ്രാവിഡിന്റെ ഊഴമാണ്.’ 

‘പക്ഷേ, എന്തിനാണ് അദ്ദേഹം ഇതിനൊക്കെ ശ്രമിക്കുന്നത് എന്നതാണ് ചോദ്യം. ബാറ്ററുടെ ശ്രദ്ധ മാറ്റുകയാണോ ലക്ഷ്യം? പന്ത് ബാറ്റർ നേരിട്ടുകഴിഞ്ഞാൽപ്പിന്നെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുള്ള താരത്തിന്റെ മുന്നിലേക്കു പോകുന്നത് എന്തിനാണ്? ഇന്ത്യൻ പിച്ചുകളിൽ ഇത്തരം ഒരുപാടു കാര്യങ്ങൾ ചെയ്താൽ ഒരുപക്ഷേ സ്വന്തം താളം തന്നെ നഷ്ടമാകും. എന്തൊക്കെ തന്ത്രങ്ങൾ പുറത്തെടുത്താലും സ്വന്തം ഇത്തരം സംഭവങ്ങൾ സ്വന്തം ബോളിങ്ങിനെ ബാധിച്ചാലോ?’

സൈമണ്‍ ഡൂൽ: ‘ഈ വിഷയത്തിൽ അശ്വിനാണ് ശ്രദ്ധാകേന്ദ്രം. അംപയറും മാച്ച് റഫറിയും നൽകുന്ന വിവരം വച്ച്, ബോളിങ്ങിനുശേഷം അശ്വിൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന ടോം ലാതത്തിന്റെ മുന്നിലേക്കു പോകുന്നതാണ് പ്രശ്നം. അതിലൊരു പ്രശ്നമുണ്ട്. അത് നിയമപുസ്തകങ്ങളിൽ പ്രതിപാദിക്കുന്ന ഡെയ്ഞ്ചർ ഏരിയയാരിക്കില്ല. ബോൾ ചെയ്ത ശേഷം അശ്വിൻ മുന്നിലേക്കു വരുന്നതിനാൽ എനിക്ക് ഒന്നും കാണാനാകുന്നില്ലെന്നാകും നിതിൻ മേനോൻ പറഞ്ഞത്. നോ‍ൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബാറ്ററെ തടസ്സപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടിയിട്ടുണ്ടാകും.’

‘അതാണ് ശരിക്കും പ്രശ്നം. അശ്വിൻ മനഃപൂർവം ചെയ്തതായിരിക്കില്ല. പക്ഷേ, നിതിൻ മേനോൻ ചൂണ്ടിക്കാട്ടിയ പ്രശ്നം അതാണ്. നോൺ സ്ട്രൈക്കറെ സംബന്ധിച്ച് ബുദ്ധിമുട്ടിക്കുന്ന കാര്യമാണ് അശ്വിൻ ചെയ്തത്. അശ്വിന്റെ തന്ത്രം കൊള്ളാം. പക്ഷേ, അദ്ദേഹം നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബാറ്ററെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്. അയാളോട് അൽപം കൂടി മാറിനിൽക്കാനും പറയാനാകില്ല.’

English Summary: Former cricketers react to R Ashwin's controversial follow-through

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com