ന്യൂഡൽഹി∙ ജീവിതത്തിൽ ഉടനീളം നിറത്തിന്റെ പേരിൽ വേർതിരിവു നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ലെഗ് സ്പിന്നറും കമന്റേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ഇന്ത്യയ്ക്കായി 9 ടെസ്റ്റും 16 ഏകദിനവും കളിച്ചിട്ടുള്ള താരമാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ഇംഗ്ലണ്ട് ക്രിക്കറ്റിലെ വംശീയ വേർതിരിവു വിവാദത്തിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.
‘ജീവിതത്തിൽ ഉടനീളം നിറത്തിന്റെ പേരിൽ വിമർശിക്കപ്പെടുകയും വേർതിരിവു നേരിടേണ്ടിവരികയും ചെയ്ത ആളാണു ഞാൻ. അതുകൊണ്ട് അതുകൊണ്ടുതന്നെ, ഇപ്പോൾ അതു ഞാൻ കാര്യമാക്കാറില്ല. എന്നാൽ ഇതു സംഭവിക്കുന്നതു സ്വന്തം രാജ്യത്തുതന്നെയാണ് എന്നതാണ് ഏറ്റവും കഷ്ടം’– ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വിറ്ററിൽ കുറിച്ചു. വംശീയ വേർതിരിവു നേരിടേണ്ടിവന്നതായി വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ താരമല്ല ലക്ഷ്മൺ ശിവരാമകൃഷ്ണൻ. തമിഴ്നാട് ഓപ്പണർ അഭിനവ് മുകുന്ദും 2017ൽ സമാന അരോപണം ഉയർത്തിയിരുന്നു. ഇന്ത്യയ്ക്കായി 7 ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരമാണ് മുകുന്ദ്.
വംശീയ വേർതിരിവു നേരിട്ടിരുന്നതായുള്ള മുൻ യോർക്ഷർ താരം അസീം റഫീഖിന്റെ വെളിപ്പെടുത്തൽ ഇംഗ്ലിഷ് ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയിരുന്നു.
English Summary: I Have Been Colour Discriminated All My Life: L Sivaramakrishnan