ഐപിഎല്ലിന് റീ ‘ടെൻഷൻ’; പൊള്ളാർഡ്, രാഹുൽ, റാഷിദ് അടക്കം ‘അടിമുടി’ മാറ്റം ?

pollard-rashid-rahul
SHARE

ട്വന്റി20പോരാട്ടങ്ങളെ വെല്ലുന്ന അതിനാടകീയ നിമിഷങ്ങളുമായി ത്രില്ലടിപ്പിച്ച കാൻപുർ ടെസ്റ്റിന്റെ ക്രീസിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇന്നിറങ്ങിച്ചെല്ലുന്നത് ഐപിഎൽ പതിനഞ്ചാമൂഴത്തിന്റെപ്രവേശന കവാടത്തിലേയ്ക്കാണ്. താര സമ വാക്യങ്ങളെ അടിമുടി പൊളിച്ചെഴുതുന്ന മെഗാ ലേലത്തിന്റെ തിരനോട്ടമായി ഐപിഎൽ ടീമുകളുടെ റീട്ടെൻഷൻ ലിസ്റ്റ് ഇന്നു പുറത്തുവിടും. 

നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സ് മുതൽ അവസാന സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദ് വരെയുള്ള ടീമുകളിൽ ആരൊക്കെ തുടരുമെന്നും ആരെല്ലാം പിരിയുമെന്നുമുള്ള ആകാംക്ഷയിലാണു ക്രിക്കറ്റ് ലോകം.  

∙ റീട്ടെൻഷനു നൽകണം തീവില

രണ്ടു പുതിയ ഫ്രാഞ്ചൈസികൾ കൂടി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭൂപടത്തിൽ തെളിയുന്നതോടെ നിലവിലെ എട്ടു ടീമുകളിലും നിലനിർത്താവുന്ന താരങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. നിലവിലെ സ്ക്വാഡിൽ നിന്നു നാലു പേരെയാണു ടീമുകൾക്കു റീട്ടെയ്ൻ ചെയ്യാൻ അവസരമുള്ളത്. ഈ നാലിൽ പരമാവധി രണ്ടു വിദേശ താരങ്ങളെ മാത്രമേ അനുവദിക്കൂ. 

മൂന്നു ഇന്ത്യൻ താരങ്ങളെ വരെ നിലനിർത്താം. അൺക്യാപ്ഡ് താരങ്ങളുടെ കാര്യത്തിലും നിബന്ധനയുണ്ട് – രണ്ടു പേരെ വരെ നിലനിർത്താനാണ് അനുമതി. മാർക്കീ താരങ്ങളുൾപ്പെടെ വിശ്വസ്തതാരനിര സ്വന്തമായുണ്ടെങ്കിലും റീട്ടെൻഷൻ സംബന്ധിച്ച കാര്യത്തിൽ ടീമുകൾ നാലുവട്ടം ആലോചിക്കേണ്ടിവരും. മെഗാലേലത്തിന്അനുവദിച്ചിട്ടുള്ള തുകയുടെ നല്ലൊരു പങ്ക് നാലു താരങ്ങൾക്കായി ചെലവിടേണ്ടിവരുമെന്നതാണു കാരണം. ഇത്തവണ മെഗാ താരലേലത്തിനായി ടീമുകൾക്ക് അനുവദിച്ചിട്ടുള്ള ആകെ തുക 90 കോടി രൂപയാണ്. നാലു താരങ്ങളെ നിലനിർത്തുന്ന ടീമുകൾക്കു മെഗാലേലത്തുകയുടെ 50 ശതമാനത്തിനടുത്തു ചെലവഴിക്കേണ്ടിവരും. നിലനിർത്തുന്ന ആദ്യതാരത്തിനു 16 കോടിയും രണ്ടാം താരത്തിനു 12 കോടിയും മൂന്നാം താരത്തിനു 8 കോടിയും നാലാം താരത്തിനു 6 കോടിയുമാണു നൽകേണ്ടത്. 90 കോടി ബജറ്റിൽ നിന്നു വെറും നാലു താരങ്ങളുടെ ഇനത്തിൽ കുറവ് ചെയ്യപ്പെടുന്നതു 42 കോടി രൂപ ! 

ഇനി മൂന്നു താരങ്ങളെ നിലനിർത്താനാണു തീരുമാനമെങ്കിൽ പ്രൈസ് ടാഗിൽ മാറ്റങ്ങൾ വരും.ആദ്യതാരത്തിനു 15 കോടിയും രണ്ടാം താരത്തിനു 11 കോടിയും മൂന്നാം താരത്തിനു 7 കോടിയും നൽകിയാൽ മതി. രണ്ടു താരത്തെ മാത്രമാണു റീട്ടെയ്ൻ ചെയ്യുന്നതെങ്കിൽ യഥാക്രമം 14 കോടി, 10 കോടിയാണു നൽകേണ്ടത്. ഒരാളെ മാത്രം നിലനിർത്താൻ 14 കോടിയാണു ടീമുകൾക്കു നൽകേണ്ടിവരുക. അൺക്യാപ്ഡ് താരങ്ങൾക്കു നാലു കോടിയാണു തുക നിശ്ചയിച്ചിട്ടുള്ളത്.

∙ പന്ത് താരങ്ങളുടെ കോർട്ടിൽ

ഫ്രാഞ്ചൈസികൾക്കല്ല, താരങ്ങളുടെ തീരുമാനമാണ് നിലനിർത്തുന്ന കാര്യത്തിൽ പ്രധാനം. പേരുകേട്ട വെടിക്കെട്ടു താരങ്ങൾക്കു ലേലത്തിൽ 10 കോടിയോളം രൂപ അനായാസം ലഭിക്കുമെന്നിരിക്കെ മൂന്നും നാലും സ്ഥാനങ്ങളിലായി സൂപ്പർ താരങ്ങളെ നിലനിർത്താൻ ടീമുകൾ പാടുപെടും. എന്നാൽ ഐപിഎൽ ഗവേണിങ് ബോഡി നിശ്ചയിച്ച റീട്ടെൻഷൻ സ്ലാബിനെക്കാൾ ഉയർന്ന തുക ചെലവഴിച്ചും ടീമുകൾക്കു വൻതാരങ്ങളെ നിലനിർത്താം. 

അധികം ചെലവിടുന്ന പണം അതതു ടീമുകളുടെ ലേലത്തുകയിൽ നിന്നു കുറയുമെന്നു മാത്രം. നിലവിലുള്ള ടീമിലെ താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കുന്നതും ഇക്കുറി അത്ര അനായാസമല്ല. റൈറ്റ് ടു മാച്ച് ഓപ്ഷൻ ഒഴിവാക്കിയാണ് ഈ സീസണിലെ താരലേലം. തലയെടുപ്പുള്ള താരങ്ങളെ കൈവിട്ടു തിരികെയെത്തിക്കാമെന്ന അജൻഡയും നടപ്പാകുന്ന കാര്യം സംശയമാണ്. രണ്ടു പുതിയ ഫ്രാഞ്ചൈസികൾ താരങ്ങളെ റാഞ്ചാൻ കാത്തുനിൽക്കുന്നതാണു കാരണം. അഹമ്മദാബാദിൽ നിന്നും ലക്നൗവിൽ നിന്നും പുതിയ ടീമുകൾ ഉദയം ചെയ്തതോടെ ലേലമെത്തും മുൻപേ തന്നെ കോടികൾ ഒഴുകും. പുതിയ ടീമുകൾക്കു ലേലത്തിനു മുന്നേ തന്നെ മൂന്നു താരങ്ങളെ സ്വന്തമാക്കാൻ അവസരമുണ്ട്. രണ്ട് ഇന്ത്യൻ താരം, ഒരു വിദേശതാരം എന്നതാണ് അനുപാതം. ഒന്നിലേറെ അൺക്യാപ്ഡ് താരത്തെ സ്വന്തമാക്കാനും അനുമതി ഇല്ല. 

മോഹവില നൽകി സൂപ്പർ താരങ്ങളെ വാങ്ങാൻ പുത്തൻ ടീമുകളിൽ നിന്നു ശ്രമങ്ങൾ ആരംഭിച്ചതോടെ റീട്ടെൻഷനും മുൻപേ തുടങ്ങിയിട്ടുണ്ട് ഐപിഎൽ ടീമുകളുടെ ഏറ്റുമുട്ടൽ. ഏതെല്ലാം ടീമുകൾ നാലു പേരെ നിലനിർത്തുമെന്ന കാര്യത്തിലും ഒരു പിടിയും തരുന്നില്ല. സൂപ്പർ താരങ്ങളും അൺക്യാപ്ഡ് പ്രതിഭകളുമായി എല്ലാ ടീമിലുമുണ്ട് കോടിക്കനം ഏറ്റുവാങ്ങാൻ അർഹതയുള്ള ക്രിക്കറ്റേഴ്സ്. ചെന്നൈ മുതൽ ഹൈദരാബാദ് വരെയുള്ള ഫ്രാഞ്ചൈസികളെ റീട്ടെൻഷൻ റഡാറിൽ തെളിയുന്ന താരത്തിളക്കങ്ങളെ അടുത്തറിയാം.

sanju-dhoni-1248

∙ കൺഫ്യൂഷൻ തീർക്കണമേ...

പരമാവധി സ്ഥിരം താരങ്ങളെ ചേർത്തുനിർത്തുന്ന ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും മുതൽ അഴിച്ചുപണിയുടെ ആശാൻമാരായ പഞ്ചാബ് കിങ്സും ഹൈദരാബാദ് സൺറൈസേഴ്സും വരെയുള്ള ഫ്രാഞ്ചൈസികൾ വരെ പലകുറി ആലോചിച്ചാകും ഇക്കുറി തീരുമാനത്തിലെത്തുക. മഹേന്ദ്ര സിങ് ധോണി മുതൽ സഞ്ജു സാംസൺ വരെ താരനക്ഷത്രങ്ങളായി തിളങ്ങുന്ന ടീമുകളുടെ ആരാധകരും റീട്ടെൻഷൻ താരങ്ങളുടെ കാര്യത്തിൽ ഏറെ തലപുകച്ചിട്ടുണ്ടാകും. 

ടീം വൃത്തങ്ങളിൽ നിന്നും ആരാധക സംഘങ്ങളിൽ നിന്നും ഇതിനകംതന്നെ ഒട്ടേറെ കണക്കുകൂട്ടലുകളും അഭ്യൂഹങ്ങളും പരന്നിട്ടുണ്ടെങ്കിലും തെല്ലും പിടിതരുന്നതല്ല യഥാർഥ ചിത്രം.  

ചെന്നൈ സൂപ്പർ കിങ്സിൽതന്നെ തുടങ്ങുന്നതാണു പ്രവചനത്തിനു പിടിതരാത്ത റീട്ടെൻഷൻ ടെൻഷൻ. ചെന്നൈയുടെ തല എം.എസ്.ധോണി തന്നെ ഇവിടെയും നായകൻ. അടുത്ത മൂന്നു വർഷത്തേയ്ക്കുള്ള നിക്ഷേപമായി കാണുന്ന താരത്തിരഞ്ഞെടുപ്പിൽ ഇനിയുമൊരു ബാല്യം നാൽപതു വയസ്സിലെത്തിയ ധോണിക്കുണ്ടോയെന്നു സംശയിക്കുന്നവരുടെ എണ്ണം ഏറെയാണ്. എന്നാൽ ഫിറ്റ്നസിൽ ഇപ്പോഴും ശ്രദ്ധ വയ്ക്കുന്ന ധോണിക്ക് ഐപിഎലിൽ തുടരാൻ ക്യാപ്റ്റൻസി എന്ന ഒറ്റ ആയുധം മാത്രം മതിയെന്ന പക്ഷത്തിനാണു ഭൂരിപക്ഷം. 

എങ്കിലും എംഎസ്ഡി ഏതു വഴി സൂപ്പർ കിങ്സിൽ തിരിച്ചെത്തുമെന്നറിയാൻ ആകാംക്ഷ ഇനിയും ബാക്കിയാണ്. കഴിഞ്ഞ സീസണുകളിൽ ടീമിന്റെ റൺെമഷീനായി മാറിയ യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദും സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും തിരിച്ചെത്തുമെന്ന് ഉറപ്പിക്കാനാവുന്ന ചെന്നൈ മുഖങ്ങളാണ്. എന്നാൽ വിദേശതാരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ചിത്രം വ്യക്തമല്ല.

കഴിഞ്ഞ സീസണിലെ ഫൈനലിൽ തിളങ്ങിയ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസി, ഓൾറൗണ്ട് റോളിൽ കസറിയ ഇംഗ്ലിഷ് താരം മൊയീൻ അലി, ഐപിഎലിന്റെയും ട്വന്റി20 ലോകകപ്പിന്റെയും ഫൈനലിൽ മിന്നിയ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ്, ഇംഗ്ലണ്ടിന്റെ യുവ ഓൾറൗണ്ടർ സാം കറൻ എന്നീ താരങ്ങളുടെ പേരിൽ ചുറ്റിപ്പറ്റിയാണു സാധ്യതകൾ കറങ്ങുന്നത്. ഇക്കൂട്ടത്തിൽ, നിയന്ത്രിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ മോയീൻ അലി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളും ശക്തം.

Hardik Pandya

മുംബൈ ഇന്ത്യൻസിനുമുണ്ട് റീട്ടെൻഷൻ സംബന്ധിച്ച് ഏറെ ടെൻഷൻ. കിരീടങ്ങളിലേക്കു നയിച്ച, ടീമിന്റെ കോർ എന്നു പറയാവുന്ന താരനിരയിൽ നിന്നുള്ള വേർപിരിയലാണു രോഹിത് ശർമയുടെ സംഘത്തിൽ പിരിമുറുക്കം തീർക്കുന്നത്. രോഹിത് ശർമയും ജസ്പ്രീത് ബുമ്രയും ഉറപ്പുള്ള നിലനിർത്തലുകളായി തെളിയുമ്പോൾ ടീം ഇന്ത്യയുടെ മുഖങ്ങളായി മാറിക്കഴിഞ്ഞ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും പോലുള്ള താരങ്ങളുടെ സാന്നിധ്യം തുലാസിലാണ്.

വിദേശതാരങ്ങളിലേക്കു അന്വേഷണം നീണ്ടാൽ വിശ്വസ്തതാരമായ വിൻഡീസ് നായകൻ കെയ്റൻ പൊള്ളാർഡിനാകും നറുക്ക് വീഴുക. ന്യൂസീലൻഡ് പേസർ ട്രെന്റ് ബോൾട്ടും ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൻ ഡികോക്കും മുംൈബ വിലാസത്തിലേയ്ക്കു റീട്ടെൻഷനിലൂടെ തിരിച്ചെത്താൻ വിദൂരസാധ്യതകൾ മാത്രം.  

സഞ്ജു സാംസൺ നായക റോളിൽ അവതരിച്ചതോടെ മലയാളക്കരയുടെ കൂടി ടീമായ രാജസ്ഥാൻ റോയൽസിനും തല പുകഞ്ഞ് ആലോചിക്കേണ്ടിവരും റീട്ടെൻഷനിൽ ഒരു തീരുമാനത്തിലെത്താൻ. ഇക്കുറി ടീം മാറിയേക്കുമെന്ന തരത്തിലുള്ള വാർത്തകളും ഉയർന്നിരുന്നുവെങ്കിലും റോയൽസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന പ്രകാരം സഞ്ജു 14 കോടി രൂപയ്ക്കു രാജസ്ഥാനിൽ തുടരുമെന്നാണു റിപ്പോർട്ട്.

ഒന്നോ രണ്ടോ താരങ്ങളെ മാത്രം നിലനിർത്തുന്ന നിലയ്ക്കുള്ള തുക ആയാണോ ഈ 14 കോടി എന്ന കാര്യത്തിൽ പക്ഷേ വ്യക്തതയില്ല. രാജ്യാന്തര ക്രിക്കറ്റിൽ മിന്നിത്തിളങ്ങുന്ന വിദേശതാരങ്ങളുള്ള ടീമായതിനാൽ നിർദിഷ്ട സ്ലാബിനെക്കാൾ ഉയർന്ന തുകയ്ക്ക് (എട്ട് കോടിക്കു പകരം 14 കോടി) മൂന്നാമനായിട്ടാണോ സഞ്ജുവിന്റെ പ്രവേശനമെന്നതും കാത്തിരുന്ന് അറിയേണ്ട കാര്യമാണ്.

റീട്ടെൻഷൻ വഴിയുള്ള വിദേശതാരങ്ങളുടെ ക്വാട്ട രണ്ടിൽ ഒതുക്കിയതിൽ ഏറ്റവും വിഷമിക്കുന്ന ടീമുകളിലൊന്നും രാജസ്ഥാനാകും. ഇംഗ്ലിഷ് നിരയിലെ ലോകോത്തര താരങ്ങളായ ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവരുടെ സാന്നിധ്യമാണ് റോയൽസ് മാനേജ്മെന്റിനെയും ആരാധകരെയും സങ്കടത്തിലാക്കുന്നത്. ഇതിൽ ഒരാളെ ഒഴിവാക്കി വേണം രാജസ്ഥാനു തീരുമാനമെടുക്കാൻ. ഉത്തരം കിട്ടാൻ ഏറെ വിഷമം പിടിച്ചൊരു ചോദ്യവുമാണത്.

നാലു പേരെ നിലനിർത്താനാണു രാജസ്ഥാന്റെ നീക്കമെങ്കിൽ നാലാമൻ ആരെന്ന കാര്യത്തിലും കൺഫ്യൂഷൻ ഉറപ്പാണ്. യുവതാരങ്ങളായ യശസ്വി ജയ്‍സ്വാളും ചേതൻ സകാരിയയും കാർത്തിക് ത്യാഗിയുമാണ് സഞ്ജുവിനൊപ്പം ഇന്ത്യൻ മുഖമാകാൻ രംഗത്തുള്ളത്. സകാരിയ ഒഴികെ രണ്ടു താരങ്ങളും അൺക്യാപ്ഡ് പ്ലെയേഴ്സ് ആണെന്നതു ‘രാജസ്ഥാൻ പഴ്സിന്’ അൽപം ആശ്വാസമേകുന്ന ഘടകമാണ്. 

രാജസ്ഥാൻ റോയൽസിൽ നിന്നു ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിലെത്തുമ്പോൾ ആലോചനകളിലെ സങ്കീർണതകൾക്കു തെല്ലൊരു അയവു വരും. പുതിയ സീസണിൽ പുതിയ നായകനെ കണ്ടെത്തേണ്ട ചാലഞ്ചേഴ്സിൽ വിരാട് കോലിയാണു റീട്ടെൻഷൻ ലിസ്റ്റിലെ ഉറപ്പും ഒന്നാമനും. എബി ഡിവില്ലിയേഴ്സ് യുഗം കഴിഞ്ഞതിനാൽ വിദേശ സാധ്യതകളിൽ മുൻപൻ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ ആണ്.

രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്കയുടെ പുതിയ തുറുപ്പുചീട്ടായിക്കഴിഞ്ഞ സ്പിന്നിങ് ഓൾറൗണ്ടർ വാനിന്ദു ഹസരംഗ അമ്പരപ്പിക്കുന്ന തിരഞ്ഞെടുപ്പാകാനും സാധ്യത സജീവം. ഇന്ത്യൻ മുഖങ്ങളിൽ യൂസ്‌വേന്ദ്ര ചെഹൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, മലയാളി ബന്ധമുള്ള ദേവ്‌ദത്ത് പടിക്കൽ എന്നിവരിലൂടെ നീളുന്നു റീട്ടെൻഷൻ സാധ്യതകൾ.  

ഡൽഹി ക്യാപിറ്റൽസിന്റെ നിലനിർത്തലുകളുമായി ബന്ധപ്പെട്ടാണ് ഉറപ്പിക്കാനാവുന്ന താരത്തിലുള്ള വാർത്തകൾ ഇറങ്ങിയത്. ക്യാപ്റ്റൻ ഋഷഭ് പന്ത്, ഓപ്പണിങ് ബാറ്റർ പൃഥ്വി ഷാ, ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ, ദക്ഷിണാഫ്രിക്കയുടെ വേഗതാരം ആൻറിച്ച് നോർട്യേ എന്നിവരാണു ഡൽഹിയുടെ റീട്ടെൻഷൻ റഡാറിലുൾപ്പെട്ട താരങ്ങൾ.

ദക്ഷിണാഫ്രിക്കയുടെതന്നെ സൂപ്പർ ഫാസ്റ്റ് ബോളർ കഗിസോ റബാഡയും ട്വന്റി 20 ലോകകപ്പിൽ തിളങ്ങിയ ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസും ബാറ്റിങ്ങിലെ വിശ്വസ്ത സാന്നിധ്യമായ ശിഖർ ധവാനും വെസ്റ്റിൻഡീസ് ബാറ്റർ ഷിമ്രോൺ ഹെറ്റ്‌മിയറും പേസിലെ പുത്തൻ സെൻസേഷനുകളിലൊന്നായ ആവേശ് ഖാനുമെല്ലാം പരിഗണനകൾക്കു പുറത്തുള്ള താരങ്ങളാണ്.

shubman-gill

ഇക്കഴിഞ്ഞ ഐപിഎലിൽ ഇംഗ്ലിഷ് സ്കിപ്പർ ഒയിൻ മോർഗന്റെ നായകത്വത്തിൽ അവിശ്വസനീയമാംവിധം തിരിച്ചുവരവു നടത്തിയ സംഘമാണു കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. എന്നാൽ ആ താരനിരയിൽ നിന്നാരെല്ലാം ഇന്നു തിരിച്ചെത്തുന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല. വെസ്റ്റിൻഡീസിൽ നിന്നു ട്വന്റി20 സ്പെഷലിസ്റ്റുകളായ ആന്ദ്രേ റസ്സലും സുനിൽ നരെയ്നുമാണു വിദേശതാരങ്ങളിൽ നിന്നു മുൻഗണനയുള്ളവർ.

ടീമിനെ മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ മോർഗനു പോലും അതുകഴിഞ്ഞേയുള്ളൂ പരിഗണന. കൊൽക്കത്തയിൽ നിന്നു ടീം ഇന്ത്യയുടെ ഭാഗമായ ഓൾറൗണ്ടർ വെങ്കടേഷ് അയ്യരും സ്പിന്നർ വരുൺ ചക്രവർത്തിയുമാണു തദ്ദേശനിരയിൽ നിന്നു ഇടംതേടാവുന്ന താരങ്ങൾ. പാറ്റ് കമ്മിൻസ്, ശുഭ്മാൻ ഗിൽ, ലോക്കി ഫെർഗൂസൺ, രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവരുടെ വഴി പുറത്തേയ്ക്കാണെന്നാണു സൂചനകൾ.

പുതിയ ടീമുകളുടെ വരവുമായി ബന്ധപ്പെട്ടു വാർത്തകളിൽ ഇടംനേടിയവയാണു പഞ്ചാബ് കിങ്സിന്റെയും ഹൈദരാബാദ് സൺറൈസേഴ്സിന്റെയും നിലനിർത്തലുകൾ.

സൺറൈസേഴ്സിന്റെ നായകസ്ഥാനത്തുനിന്നും പദ്ധതികളിൽ നിന്നും പോയ സീസണിൽ അവഗണിക്കപ്പെട്ട ഡേവിഡ് വാർണർ സ്വയമേ പിൻവാങ്ങൽ പ്രഖ്യാപിച്ചപ്പോൾ പഞ്ചാബിന്റെ നായകൻ ലോകേഷ് രാഹുൽ ഇനിയൊരു തിരിച്ചുവരവില്ലെന്നു അഭ്യൂഹങ്ങളിലൂടെയാണു സൂചന നൽകിയത്. ലക്നൗ ഫ്രാഞ്ചൈസിയുടെ നായക ഓഫറാണു രാഹുലിന്റെ മനംമാറ്റത്തിനു പിന്നിലെന്നാണു റിപ്പോർട്ടുകൾ. സൺറൈസേഴ്സിന്റെ വിശ്വസ്തൻ റാഷിദ് ഖാനും സമാനമായൊരു മനംമാറ്റത്തിന്റെ പാതയിലാണെന്നാണു കേൾക്കുന്നത്. ഇതിനു പിന്നിലും ലക്നൗ ടീമിന്റെ ഓഫർ തന്നെ.

റീട്ടെൻഷൻ പദ്ധതികൾ തകിടം മറിഞ്ഞതിനൊപ്പം ഹൈദരാബാദിനെയും പഞ്ചാബിനെയും പുതിയ ടീമിനെതിരെ പരാതികളുമായി നീങ്ങേണ്ട സ്ഥിതിയിൽ വരെ എത്തിച്ചു ഈ സംഭവവികാസങ്ങൾ. പ്രതിഷേധമെന്ന നിലയ്ക്കു ഒരാളെപ്പോലും നിലനിർത്താനില്ലെന്ന വാർത്തകളാണു കിങ്സിൽ നിന്നുയരുന്നത്. മയങ്ക് അഗർവാളും മുഹമ്മദ് ഷമിയും യുവതാരങ്ങളായ അർഷ്ദീപ് സിങ്ങും രവി ബിഷ്ണോയിയും ഷാരൂഖ് ഖാനും പോലുള്ള താരങ്ങളാണു രാഹുലിനൊപ്പം റീട്ടെൻഷൻ പരിഗണനയിലുണ്ടായിരുന്ന പഞ്ചാബി മുഖങ്ങൾ. ന്യൂസീലൻഡ്

നായകൻ കെയ്ൻ വില്യംസണും റാഷിദ് ഖാനുമായിരുന്നു അടിമുടി മാറ്റം ലക്ഷ്യമിടുന്ന സൺറൈസേഴ്സിന്റെ നിലനിർത്തൽ സാധ്യതകളിൽ സജീവമായിരുന്നത്. എന്നാൽ ലക്നൗവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സത്യമായാൽ അഫ്ഗാന്റെ സൂപ്പർ താരം റാഷിദ് ഖാന്റെ ഹൈദരാബാദ് കരിയറിനും അവസാനമായേക്കും. ട്വന്റി20 ലോകകപ്പിലെ താരമായ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ഇംഗ്ലിഷ് ബാറ്റർ ജോണി ബെയർസ്റ്റോയും ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറുമെല്ലാം എസ്ആർഎച്ചിന്റെ റീട്ടെൻഷൻ പരിഗണനകൾക്കു പുറത്തുള്ള ശ്രദ്ധേയ താരങ്ങളാണ്.  

butler-batting

∙ ഏകദേശം ഉറപ്പിക്കാവുന്ന പേരുകൾ:

ചെന്നൈ സൂപ്പർ കിങ്സ്: രവീന്ദ്ര ജ‍ഡേജ, എം.എസ്.ധോണി, മൊയീൻ അലി, ഋതുരാജ് ഗെയ്‌ക്‌വാദ്.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്: സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ.

സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ.

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ജസ്പ്രീത് ബുമ്ര.

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ: വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ.

ഡൽഹി ക്യാപിറ്റൽസ്: ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷർ പട്ടേൽ, ആൻറിച്ച നോർട്യ.

രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ.

പഞ്ചാബ് കിങ്സ്: –

English Summary: IPL Player Retention, speculative

.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA