ADVERTISEMENT

ന്യൂഡൽഹി∙ ഐപിഎൽ ടീം പഞ്ചാബ് കിങ്സിന് കെ.എൽ. രാഹുലിനെ‌ നിലനിർത്താനായിരുന്നു താൽപര്യമെന്നു പരിശീലകൻ അനിൽ കുംബ്ലെ. പക്ഷേ രാഹുലിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ടു പുതിയ ടീമിലേക്കു പോകാൻ രാഹുലിനെ അനുവദിക്കുകയായിരുന്നെന്നു കുംബ്ലെ പറഞ്ഞു. രാഹുലിന് പഞ്ചാബ് ടീമിൽ തുടരാൻ താൽപര്യമില്ലെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാഹുലിനെ ഒഴിവാക്കി പഞ്ചാബ് നിലനിർത്തിയ താരങ്ങളുടെ പട്ടികയും പുറത്തുവിട്ടു. ഈ സാഹചര്യത്തിലാണു വിഷയത്തിൽ വിശദീകരണവുമായി പരിശീലകനായ കുംബ്ലെ തന്നെ രംഗത്തെത്തിയത്.

നിലനിർത്തുന്ന കാര്യത്തിൽ ഞങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിച്ചത് രാഹുലാണ്. പഞ്ചാബ് കിങ്സിന് രാഹുലിനെ ടീമിൽ നിര്‍ത്താനായിരുന്നു താൽപര്യം. രണ്ടു വർഷം മുൻപ് രാഹുലിനെ ടീം ക്യാപ്റ്റനാക്കി, പഞ്ചാബ് ടീമിന്റെ കേന്ദ്രമാണു രാഹുല്‍. എന്നാൽ ലേലത്തിൽ പോകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം, ആ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു. ഇത്തരം കാര്യങ്ങളിൽ താരങ്ങളുടെ സവിശേഷാധികാരം കൂടി നോക്കണമെന്നും കുംബ്ലെ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഭാവിയിൽ ടീമിനെ മുന്നിൽനിന്നു നയിക്കാൻ കെൽപുള്ള താരമാണ് പഞ്ചാബ് നിലനിർത്തിയ മയാങ്ക് അഗർവാളെന്നും കുംബ്ലെ അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി മയാങ്ക് ഞങ്ങൾക്കൊപ്പമുണ്ട്, മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റേത്. പഞ്ചാബ് നിലനിര്‍ത്തിയ അർഷ്ദീപ് സിങിന് 21 വയസ്സാണു പ്രായം, പക്ഷേ താരത്തിന്റെ പക്വതയും സ്വഭാവവും കാരണം അദ്ദേഹത്തെ ടീമിനൊപ്പം നിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു. മയാങ്ക് അഗർവാളിനെയും അർഷ്ദീപ് സിങ്ങിനെയുമാണു ലേലത്തിനു മുൻപ് നിലനിർത്താൻ പഞ്ചാബ് തീരുമാനിച്ചത്. മയാങ്കിന് 14 കോടി നൽകുമ്പോള്‍ അർഷ്ദീപിന് നാല് കോടിയും ലഭിക്കും.

ഐപിഎല്ലിലെ പുതിയ ടീമായ ലക്നൗവിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു കെ.എല്‍. രാഹുലിനെ പരിഗണിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. 2018ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽനിന്നാണ് രാഹുൽ പഞ്ചാബിലെത്തിയത്. മികച്ച ബാറ്റിങ് പ്രകടനം നടത്തിയ താരത്തിന് 2020 ൽ പഞ്ചാബ് ക്യാപ്റ്റൻ സ്ഥാനവും നൽകി. എന്നാൽ രണ്ടു സീസണുകളിലും ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ രാഹുലിനു സാധിച്ചില്ല.

English Summary: PBKS wanted to retain KL Rahul, but respect his decision to enter the auction: Anil Kumble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com