ന്യൂഡൽഹി∙ ഐപിഎല്ലില്‍ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മൂന്നു താരങ്ങളെയാണു നിലനിർത്തിയത്. വിരാട് കോലി, ഗ്ലെൻ മാക്സ്‍വെൽ, മുഹമ്മദ് സിറാജ്. 15 കോടി രൂപയാണു കോലിയെ ടീമിൽ നിലനിർത്താൻ ബാംഗ്ലൂർ ടീം ചെലവാക്കിയത്. ഇതു കഴിഞ്ഞ ഐപിഎൽ സീസണിൽ കോലി വാങ്ങിയ തുകയേക്കാൾ കുറവാണ്. 2021 ഐപിഎൽ സീസണില്‍ 17 കോടി രൂപയാണ് ബാംഗ്ലൂർ ടീമിൽ കളിക്കുന്നതിനു കോലിക്കു ലഭിച്ചത്.
ഇന്ത്യൻ ടീമിന്റെയും ബാംഗ്ലൂരിന്റെയും ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോലിയെ പുതിയ സീസണിൽ രണ്ട് കോടി രൂപ കുറച്ചാണ് ബാംഗ്ലൂർ നിലനിർത്തിയത്. കോലിയുടെ പ്രതിഫല തുക കുറച്ച സംഭവത്തില്‍ ബാംഗ്ലൂരിന്റെ താരമായിരുന്ന പാർഥിവ് പട്ടേൽ പ്രതികരിച്ചു. ടീമിനുവേണ്ടി കോലി പ്രതിഫലത്തുക കുറയ്ക്കുകയായിരുന്നെന്നാണു പാർഥിവ് വ്യക്തമാക്കുന്നത്. 33 വയസ്സുകാരനായ കോലിയെ സംബന്ധിച്ചിടത്തോളം ഇതു ശരിയായ തീരുമാനമാണെന്നും പാർഥിവ് പട്ടേൽ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.
‘ആർസിബി ഫ്രാഞ്ചൈസിക്കു വേണ്ടി വിരാട് കോലി പേ കട്ടിന് തയാറായതെന്നാണ് എനിക്കു തോന്നുന്നത്. കോലി 17 കോടി തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിൽ ബാംഗ്ലൂരിന് ചെലവഴിക്കാവുന്ന തുകയിൽ രണ്ടു കോടി കൂടി നഷ്ടമാകുമായിരുന്നു. കോലിയുടേതു ശരിയായ തീരുമാനമാണ്’ പാർഥിവ് പട്ടേൽ പ്രതികരിച്ചു. ടീമിൽനിന്ന് നിലനിർത്തുകയാണെന്ന് അറിയിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം അറിയിക്കുകയായിരുന്നെന്നു വിരാട് കോലി നേരത്തേ പ്രതികരിച്ചിരുന്നു.
ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെല്ലിനെ 11 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ നിലനിർത്തിയത്. പേസർ മുഹമ്മദ് സിറാജിന് ഏഴ് കോടി ലഭിച്ചു. കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ഹർഷൽ പട്ടേലിനെയും യുസ്‍വേന്ദ്ര ചെഹലിനെയും ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെയും ബാംഗ്ലൂർ നിലനിർത്തിയില്ല.
English Summary: Virat Kohli has taken a pay cut in the larger interest of the RCB franchise: Parthiv Patel