ഹർഷൽ പട്ടേൽ പുറത്ത്, സിറാജ് അകത്ത്; താരങ്ങളെ നിലനിർത്തിയതിലെ ‘കളികൾ’!

rcb-1
റോയൽ ചാലഞ്ചേഴ്സ് താരങ്ങൾ മത്സരത്തിനിടെ (ട്വിറ്റർ ചിത്രം)
SHARE

ഇതുവരെ 8 ടീമുകളായിരുന്നെങ്കിൽ അടുത്ത സീസൺ മുതൽ 10 ടീമുകളുള്ള ആവേശമേളമായി മാറുകയാണ് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ്. തങ്ങൾക്ക് ഏറ്റവുമധികം പ്രയോജനപ്പെടുമെന്നു കരുതുന്ന ഒരുപിടി താരങ്ങളെ നിലനിർത്തിയാണ് 8 ടീമുകൾ മെഗാലേലത്തിനായി ഒരുങ്ങിയത്. പുതിയ 2 ടീമുകൾക്ക് ഇപ്പോൾ പുറത്തായ താരങ്ങളിൽനിന്ന് 3 പേരെ വീതം പിടിക്കാൻ അവസരമുണ്ടാകും.

ചിലർ 4 താരങ്ങളെ നിലനിർത്തിയപ്പോൾ ചിലർ 2 പേരെ മാത്രം നിലനിർത്തിയാണു തന്ത്രമൊരുക്കിയത്. ഐപിഎൽ ടീമുകളുടെ ‘റീട്ടെൻഷൻ മാനേജ്മെന്റിനു’ പിന്നിലെ തന്ത്രങ്ങൾ എന്തെല്ലാമാണ്? ഇതിനോട് ആരാധകരുടെ പ്രതികരണമെന്താണ്? നോക്കാം... 

∙ പാവം പഞ്ചാബ്

ഓരോ ലേലത്തിലും അടിമുടി മാറ്റവുമായി ഇറങ്ങുന്ന പഞ്ചാബ് കിങ്സ് ഇക്കുറിയും അതേ പാതയിലേക്കാണു നീങ്ങുന്നത്. ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ നൈസായി ഒഴിവാക്കിയ പ്രീതി സിന്റയും സംഘവും നിലനിർത്തിയതു മയാങ്ക് അഗർവാളിനെയും യുവ പേസർ അർഷ്ദീപ് സിങ്ങിനെയും മാത്രം. രാഹുലിനു പഞ്ചാബിനൊപ്പം തുടരാൻ താൽപര്യമില്ലെന്നാണു റിപ്പോർട്ടുകൾ. താൻ ഉജ്വല ഫോമിൽ കളിച്ചിട്ടും ടീം ജയിക്കാത്തതിന്റെ സങ്കടവും നിരാശയും രാഹുലിനുണ്ടാവും.

മുഷ്താഖ് അലി ട്രോഫി ഫൈനലിൽ അവസാന പന്തിൽ സിക്സറടിച്ചു തമിഴ്നാടിനെ ജയിപ്പിച്ച ഷാറുഖ് ഖാൻ, പരിചയസമ്പന്നനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി എന്നിവരിൽ വിശ്വാസമർപ്പിക്കാതെ മയാങ്കിനെ തിരഞ്ഞെടുത്തതിൽ ആരാധകർ അമർഷം പ്രകടിപ്പിക്കുന്നതിൽ എതിരു പറയാനാവില്ല. 

∙ ‘ലോ’ദരാബാദ്

ഡേവിഡ് വാർണറെ ആദ്യം ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്നീടു പ്ലേയിങ് ഇലവനിൽനിന്നു തന്നെയും ഒഴിവാക്കിയ ടീമാണു സൺറൈസേഴ്സ് ഹൈദരാബാദ്. ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും കുടുംബസമേതം ഹൈദരാബാദ് ആരാധകരുമായി സംവദിച്ച താരത്തെ അവഗണിച്ച ടീം മാനേജ്മെന്റ് ടീമിനെ മൊത്തമായി അഴിച്ചുപണിയാനുള്ള ശ്രമത്തിലാണെന്നു വേണം കരുതാൻ.

കെയ്ൻ വില്യംസനെയും ഉമ്രാൻ മാലിക്കിനെയും അബ്ദു സമദിനെയും മാത്രം നിലനിർത്തിയ ഹൈദരാബാദ് അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാനെ കൈവിട്ടു കളഞ്ഞു. റാഷിദിനെപ്പോലെയൊരു ക്ലാസ് സ്പിന്നറെ ടീമിൽ ഉൾപ്പെടുത്താൻ ഏതു ട്വന്റി20 ടീമും കൊതിക്കുമ്പോഴാണു ഹൈദരാബാദിന്റെ ‘കടുംവെട്ട്.’ ടി.നടരാജനിലും ഭുവനേശ്വർ കുമാറിലും വിശ്വാസമർപ്പിക്കാനും ഹൈദരാബാദ് തയാറായില്ല. 

∙ ‘വെൽ റൈഡേഴ്സ്’

ടീമിനോടു കൂറുപുലർത്തിയ 2 പേരെ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാന്യത കാട്ടി: വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രെ റസലിനെ 12 കോടിക്കും സുനിൽ നരെയ്നെ 6 കോടി രൂപയ്ക്കുമാണു ഷാറുഖ് ഖാന്റെ സംഘം നിലനിർത്തിയത്. റസലിന്റെ ഓൾറൗണ്ട് ഇഫക്ടും നരെയ്ന്റെ പവർപ്ലേ ബോളിങ്ങും ഇനിയും ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷ ടീം ഉടമകൾ നിലനിർത്തി. ഇവർക്കു പുറമേ പുതുമുഖം വെങ്കടേഷ് അയ്യരെയും മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെയും കൊൽക്കത്ത പിടിച്ചുനി‍ർത്തി.

കഴിഞ്ഞ 2 സീസണുകളിൽ ടീമിനായി ആത്മാർഥമായി കളിച്ച ബാറ്റർമാരായ രാഹുൽ ത്രിപാഠിയെയും നിതീഷ് റാണയെയും പരിഗണിക്കാതിരുന്നതും ടീമിന്റെ ഭാവി ക്യാപ്റ്റൻ എന്നുവരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയതുമാണു പ്രധാന  ചർച്ച.

∙ ‘സഞ്ജു’സ്ഥാൻ

മലയാളി ക്യാപ്റ്റൻ ‍സഞ്ജു സാംസണെ നിലനിർത്തിയ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റ് വിളിച്ചു പറയുന്നത് ഇതാണ്: ‘കേരള താരത്തിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്; ടീമിനെ ജയത്തിലേക്കു നയിക്കുമെന്ന പ്രതീക്ഷയും.’ പരുക്കുമൂലം ജോഫ്ര ആർച്ചറെയും ബെൻ സ്റ്റോക്സിനെയും നഷ്ടപ്പെട്ടതു ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചതിനാൽ ഇത്തവണ ഒരൊറ്റ വിദേശതാരത്തെ മാത്രമേ അവർ നിലനിർത്തിയുള്ളൂ: ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്‍ലറെ.

യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നിലനിർത്തി ഭാവിയിലേക്കു സന്ദേശം നൽകിയെങ്കിലും യുവ പേസർ കാർത്തിക് ത്യാഗിയെക്കൂടി കൈവിടാതെ നിലനിർത്തിയിരുന്നുവെങ്കിൽ ആ ഭാവിയെപ്പറ്റിയുള്ള വിശദമായ രൂപരേഖ ആരാധകരുടെ മനസ്സിൽ സൃഷ്ടിക്കാൻ ടീം മാനേജ്മെന്റിനു കഴിയുമായിരുന്നു. 

∙ ശ്രേയസ്സില്ലാ ഡൽഹി

ശ്രേയസ് അയ്യരെ ഒഴിവാക്കാൻ ഡൽഹി ക്യാപിറ്റൽസിന് എങ്ങനെ കഴിഞ്ഞുവെന്നാണ് ആരാധാകരുടെ ചോദ്യം. ഋഷഭ് പന്ത്, പൃഥ്വി ഷാ, ആൻറിച് നോർട്യ, അക്ഷർ പട്ടേൽ എന്നിവരെ നിലനിർത്തിയ സ്മാർട്ട്നെസിന് കയ്യടിക്കാമെങ്കിലും ശ്രേയസിന്റെ കാര്യത്തിൽ എന്താണു പറ്റിയതെന്നു സ്വാഭാവികമായും ചോദ്യമുയരും. യുവതുർക്കികൾക്കിടയിലും ബാറ്റ് കൊണ്ടു വീര്യമുയർത്തി പിടിച്ചു നിൽക്കുന്ന ശിഖർ ധവാനെ അങ്ങനെയങ്ങോട്ട് ഒഴിവാക്കി കളയുന്നതു നീതികേടല്ലേയെന്നും ചോദ്യമുയരുന്നുണ്ട്. 

∙ മാസ് ചെന്നൈ

പാരമ്പര്യത്തെ മുറുകെപ്പിടിക്കും. ഒപ്പം, പുതുമയെ പുൽകുകയും ചെയ്യും. പരസ്യവാചകം പോലെയാണു ചെന്നൈ സൂപ്പർ കിങ്സിന്റെ നിലനിർത്തലുകൾ. എം.എസ്.ധോണിയെയും രവീന്ദ്ര ജഡേജയെയും നിലനിർത്തിയ ചെന്നൈ സംഘം ഭാവി വാഗ്ദാനം ഋതുരാജ് ഗെയ്ക്‌വാദിനെയും നിലനിർത്തി. ആർക്കും, പ്രത്യേകിച്ച് ചെന്നൈ ആരാധകർക്ക്, ഒരു പരാതിയും പറയാൻ പറ്റാത്ത നീക്കങ്ങൾ.

പക്ഷേ, ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയെ നിലനിർത്തിയതിനെതിരെ വിമർശനമുയരുന്നു. പ്രായമായെങ്കിലും ബാറ്റ് കൊണ്ട് ആക്രമണം അഴിച്ചുവിടുന്ന, ഫീൽഡിൽ പറപറന്നു നിൽക്കുന്ന ഫാഫ് ഡുപ്ലെസിയോട് ഒരു സോഫ്റ്റ് കോർണർ ആകാമായിരുന്നു എന്നു ചിന്തിക്കുന്നവർ ഏറെയാണ്. 

∙ ബാംഗ്ലൂർ ചാലഞ്ച്

വിരാട് കോലിയെയും ഗ്ലെൻ മാക്സ്‍വെലിനെയും നിലനിർത്തിയതിനു കയ്യടി വാങ്ങുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വിമർശനമേറ്റു വാങ്ങുന്നതു കഴിഞ്ഞ സീസണിലെ വാഗ്ദാനം ഹർഷൽ പട്ടേലിനെയും ട്വന്റി20 സ്പെഷലിസ്റ്റ് യുസ്‌വേന്ദ്ര ചെഹലിനെയും റിലീസ് ചെയ്തതിലാണ്. ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പടിയിറങ്ങിയെങ്കിലും കോലിയെ ടീം നിലനിർത്തുമെന്ന് ഉറപ്പായിരുന്നു. മാക്സ്‍വെലിനെപ്പോലെ ഒരാളെ ഒഴിവാക്കാൻ ബാംഗ്ലൂരെന്നല്ല, ഒരു ടീമും ധൈര്യം കാട്ടില്ല. മുഹമ്മദ് സിറാജിനെ നിലനിർത്തിയതിനെച്ചൊല്ലി ചർച്ച നടക്കും; തീർച്ച. 

∙ അമ്പോ മുംബൈ

രോഹിത് ശർമ, ജസ്പ്രീത് ബുമ്ര... ഇരുവരെയും നിലനിർത്തിയ മുംബൈ ഇന്ത്യൻസ് പുതിയ സീസണിലും ഒരൊറ്റ ലക്ഷ്യമേ തങ്ങൾക്കുള്ളൂ എന്നു വ്യക്തമാക്കിയിരിക്കുകയാണ്: കപ്പ്. വെസ്റ്റിൻഡീസ് താരം കയ്റൻ പൊള്ളാർഡിനെ നിലനിർത്തിയ മുംബൈ പക്ഷേ, സൂര്യകുമാ‍ർ യാദവിനെ പിടിച്ചുനിർത്തിയതിൽ ആശങ്ക പ്രകടിപ്പിക്കുന്നവരുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷനെ ഇരട്ട വേഷത്തിൽ ഉപയോഗിക്കാമായിരുന്ന സാധ്യതയാണു ടീം തള്ളിക്കളഞ്ഞത്. 

English Summary: Reasons behind retention of players ahead of IPL 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA