നിലനിർത്താൻ സാധിക്കാത്തവരെ ലേലത്തിലൂടെ തിരിച്ചെത്തിക്കും: സഹീർ ഖാൻ

krunal-ishan-hardik
ക്രുണാൽ പാണ്ഡ്യ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർ മുംബൈ ജഴ്സിയിൽ (ട്വിറ്റർ ചിത്രം)
SHARE

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിന്റെ താരലേലത്തിനു മുന്നോടിയായി ടീമിൽ നിലനിർത്താൻ സാധിക്കാതെ പോയ പ്രധാന താരങ്ങളെ താരലേലത്തിലൂടെ ടീമിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാൻ. മുംബൈ ഇന്ത്യൻസിന്റെ പ്രധാന താരങ്ങളായിരുന്ന ഹാർദിക് പാണ്ഡ്യ–ക്രുണാൽ പാണ്ഡ്യ എന്നിവരെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനെയും ഇത്തവണ മുംബൈ നിലനിർത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവരെ താരലേലത്തിലൂടെ ടീമിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന സഹീർ ഖാന്റെ പ്രസ്താവന.

ഇത്തവണ താരലേലത്തിനു മുന്നോടിയായി നാലു താരങ്ങളെ നിലനിർത്താനാണ് ടീമുകൾക്ക് അനുമതിയുണ്ടായിരുന്നത്. ഇതനുസരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കയ്റൻ പൊള്ളാർഡ് എന്നിവരെയാണ് മുംബൈ നിലനിർത്തിയത്. ഇതിനു പിന്നാലെയാണ് നിലനിർത്താൻ സാധിക്കാതെ പോയ പ്രധാന താരങ്ങളെ ലേലത്തിലൂടെ തിരിച്ചെടുക്കുമെന്ന സഹീർ ഖാന്റെ പ്രസ്താവന.

‘സത്യത്തിൽ താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്ന മുഹൂർത്തം ഞങ്ങളെ സംബന്ധിച്ച് തികച്ചും വൈകാരികമായിരുന്നു. ഇതിന്റെയെല്ലാം പോസിറ്റീവായ വശം ആലോചിച്ചുനോക്കൂ. ഈ താരങ്ങളെല്ലാം മുംബൈ ഇന്ത്യൻസിലൂടെ വളർന്നുവന്നവരാണ്. വളരാൻ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭിച്ചവർ. അവരിൽ മിക്കവരും ദേശീയ ടീമിനായി കളിച്ചു. അക്കാര്യത്തിൽ ടീമിന് അഭിമാനമുണ്ട്’ – സഹീർ ഖാൻ പറഞ്ഞു.

‘ഈ താരങ്ങളെ ലേലത്തിന് വിട്ടെങ്കിലും അതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. അവരിൽ മിക്കവരെയും തിരിച്ചെത്തിക്കാനുള്ള അവസരമുണ്ട്. ആ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം’ – സഹീർ ഖാൻ പറഞ്ഞു.

‘താരങ്ങളെ പിരിയുന്നത് എപ്പോഴും ഹൃദയഭേദകമായ കാര്യമാണ്. എല്ലാ ടീമുകളും താരങ്ങളും അത്തരം നിമിഷങ്ങളിലൂടെ കടന്നുപോകും. മുംബൈ ഇന്ത്യൻസും അക്കാര്യത്തിൽ വ്യത്യസ്തരല്ല. പ്രഫഷനൽ താരങ്ങളെന്ന നിലയിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ രീതികൾ മനസ്സിലാക്കിയേ തീരൂ. അത്തരം സന്ദർഭങ്ങളിൽ ഏറ്റവും മികച്ചതു തിരഞ്ഞെടുക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ’ – സഹീർ ഖാൻ പറഞ്ഞു. 

English Summary: Zaheer Khan says Mumbai may attempt to bring back 3 star players

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA