ഏകദിനത്തിലും കോലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുമോ? തീരുമാനം ഈ ആഴ്ച!

kohli
SHARE

മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ വിരാട് കോലിക്ക്, ഏകദിന ടീമിന്റെ നായകസ്ഥാനവും നഷ്ടമാകുമോ? ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ഈ ദിവസങ്ങളിൽ സിലക്ടർമാർ യോഗം ചേരാനിരിക്കെ, വിരാട് കോലിയുടെ ക്യാപ്റ്റൻ സ്ഥാനമാണ് ചർച്ചാകേന്ദ്രം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം പരമ്പരയ്ക്കു ഭീഷണിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, പരമ്പര മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്.

അടുത്ത വർഷവും ട്വന്റി20 ലോകകപ്പ് ഉള്ളതിനാൽ ഇന്ത്യയ്ക്ക് ഏകദിന മത്സരങ്ങൾ തീർത്തും കുറവാണ്. 2022ൽ ആകെ ഒൻപത് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുന്നത്. അതിൽ ആറെണ്ണം വിദേശത്തും മൂന്നെണ്ണം ഇന്ത്യയിലുമാണ്. വിദേശത്ത് നടക്കുന്ന ആറു മത്സരങ്ങളിൽ മൂന്ന് മത്സരങ്ങൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ്. ബാക്കി മൂന്നെണ്ണം ഇംഗ്ലണ്ടിലും.

അടുത്ത വർഷം ഇന്ത്യ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ കളിക്കുന്നുള്ളൂ എന്നതിനാൽ കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ അനുവദിക്കണം എന്നു വാദിക്കുന്നവരും ബിസിസിഐയിലുണ്ട്. എന്നാൽ, 2023ലെ ഏകദിന ലോകകപ്പ് മുൻനിർത്തി നല്ലൊരു ടീമിനെ വാർത്തെടുക്കുന്നതിന് രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറുന്നതാണ് നല്ലതെന്ന് മറുവിഭാഗം വാദിക്കുന്നു. ഈ ലോകകപ്പ് ഇന്ത്യയിലായതിനാൽ കിരീടസാധ്യതകളിൽ മുൻപന്തിയിലുള്ള ടീം കൂടിയാണ് ഇന്ത്യ.

ഏകദിനത്തിൽ കോലിയുടെ ക്യാപ്റ്റൻസി റെക്കോർഡ് പൊതുവെ നല്ലതാണെങ്കിലും, ഐസിസി ടൂർണമെന്റുകളിൽ അദ്ദേഹത്തിനു കീഴിൽ ടീം മോശം പ്രകടനം ആവർത്തിക്കുന്നതാണ് പുതിയ ക്യാപ്റ്റനെ തേടണമെന്ന് വാദിക്കുന്നവരുടെ പിടിവള്ളി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബ്ൾ നിലനിൽക്കുന്നതിനാൽ, ഇത്തവണയും ജംബോ സംഘത്തെയാകും ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കുക. ടെസ്റ്റ് മത്സരങ്ങളും നടക്കുന്നതിനാൽ 20 മുതൽ 23 പേർ വരെ സംഘത്തിലുണ്ടാകുമെന്നാണ് സൂചന.

English Summary: Virat Kohli's fate as ODI captain set to be decided in next few days as South Africa squad to be named this week

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS