ADVERTISEMENT

ചന്ദ്രോപരിതലത്തിൽ കാലു കുത്തിയ ആദ്യ മനുഷ്യനാകും മുൻപേ, കുട്ടിക്കാലത്ത് ആകാശത്ത് അമ്പിളി മാമനെ കാണുമ്പോൾ നീൽ ആംസ്ട്രോങ് സങ്കൽപിച്ചിട്ടുണ്ടാകുമോ തന്റെ ജീവിത നിയോഗത്തെക്കുറിച്ച്? 8–ാം വയസ്സിൽ ഇന്ത്യ വിടുംമുൻപ് ആദ്യമായി വാങ്കഡെ സ്റ്റേഡിയം കണ്ടപ്പോൾ അജാസ് പട്ടേൽ ആലോചിച്ചിട്ടുണ്ടാകുമോ തന്റെ ചരിത്ര നിയോഗത്തെക്കുറിച്ച്! ചന്ദ്രനിലിറങ്ങുന്നതും ടെസ്റ്റ് ക്രിക്കറ്റിൽ പത്തിൽ പത്തു വിക്കറ്റ് നേടുന്നതും താരതമ്യം ചെയ്യാമോ എന്നു സംശയം തോന്നുന്നുണ്ടെങ്കിൽ ഇതാ ഒരു കണക്ക് – ഇതുവരെ 12 മനുഷ്യർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയിട്ടുണ്ട്. പക്ഷേ, ഇതുവരെ മൂന്നേ മൂന്നു മനുഷ്യരേ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ളൂ! `

1996ൽ 8 വയസ്സുകാരൻ അജാസിനെയും കൊണ്ട് മുംബൈയിലെ ജോഗേശ്വരി ഏരിയയിൽ നിന്ന് ന്യൂസീലൻഡിലേക്കു പോയ ബിസിനസുകാരൻ യൂനുസ് പട്ടേലും അധ്യാപിക ഷഹ്നാസും ആദ്യം ശ്രമിച്ചതു മകനു നല്ല വിദ്യാഭ്യാസം നൽകാനാണ്. എന്നാൽ, അജാസ് മുംബൈയിൽനിന്നു തന്റെ ‘സ്കൂൾ ബാഗി’ലെടുത്തതു മറ്റൊന്നാണ്: ക്രിക്കറ്റിനോടുള്ള ഇഷ്ടം.

ajaz
അജാസിന്റെ കുട്ടിക്കാല ചിത്രം.

ഓക്‌ലൻഡിലെ അവോൻഡെയ്ൽ കോളജിൽ പഠിക്കുമ്പോൾ അജാസ് പേസ് ബോളറായിരുന്നു. ഒരു അണ്ടർ 19 സീസണിൽ വിക്കറ്റ് വേട്ടയിൽ മറ്റൊരു താരത്തിനൊപ്പം ഒന്നാമതെത്തി. ഇപ്പോൾ‌ ന്യൂസീലൻഡ് ടീമിൽ ഒപ്പം കളിക്കുന്ന പേസ് ബോളർ ടിം സൗത്തിയായിരുന്നു ആ താരം! 1.91 മീറ്റർ ഉയരമുള്ള സൗത്തിയെപ്പോലുള്ള പേസർമാരെ കണ്ടപ്പോൾ അജാസിനു തിരിച്ചറിവുണ്ടായി. 1.72 മീറ്റർ ഉയരമുള്ള താൻ ഇവരോടു മത്സരിക്കാൻ ബുദ്ധിമുട്ടും!

അജാസ് അങ്ങനെ പന്തിനോടുള്ള തന്റെ പരിചരണം മാറ്റി; സ്പിൻ ബോളറായി. അതിനു മാർഗനിർദേശം നൽകിയത് 1992 ലോകകപ്പിൽ ന്യൂസീലൻഡിനു വേണ്ടി ബോളിങ് ഓപ്പൺ ചെയ്തു ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വംശജനായ സ്പിന്നർ ദീപക് പട്ടേലാണ്. അങ്ങനെ 2018ൽ തന്റെ 30–ാം വയസ്സിൽ അജാസ് കാത്തിരുന്ന ആ വിളിയെത്തി. പാക്കിസ്ഥാനെതിരെ യുഇയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള കിവീസ് ടീമിൽ സ്ഥാനം. സന്തോഷ വാർത്ത തന്റെ ബന്ധുക്കളെ അജാസ് അറിയിക്കുന്നത് ഒരു രാത്രിവിരുന്നിനിടെയാണ്.

‘‘അതോടെ വീട് ഒരു ഉത്സവവേദി പോലെയായി. ശബ്ദവും ബഹളവും മൂലം അയൽക്കാർ പരാതിപ്പെടുമോ എന്നു പോലും ഞാൻ പേടിച്ചു..’’– അജാസ് ആ രാത്രി ഓർക്കുന്നു. കന്നി ടെസ്റ്റിലെ 2–ാം ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തി അജാസ് അരങ്ങേറ്റം അവിസ്മരണീയമാക്കി. പ്ലെയർ ഓഫ് ദ് മാച്ചും ആയി. ഈ ടെസ്റ്റിൽ അജാസിന്റെ അവിസ്മരണീയ നേട്ടത്തിനു സാക്ഷികളാകാൻ ബന്ധു ഒവൈസും മകൻ മുഹമ്മദ് സിയാനും വാങ്കഡെ ഗാലറിയിലുണ്ടായിരുന്നു.

ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം മുൻപു കൈവരിച്ചവർ

∙ ജിം ലേക്കർ (ഇംഗ്ലണ്ട്)

10/53, എതിരാളി: ഓസ്ട്രേലിയ

വേദി: മാഞ്ചസ്റ്റർ, വർഷം: 1956

∙ അനിൽ കുംബ്ലെ‌ (ഇന്ത്യ)

10/74 , എതിരാളി: പാക്കിസ്ഥാൻ

വേദി: ഡൽഹി, വർഷം: 1999

English Summary: Mumbai-born Ajaz Patel makes history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com