ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാനിൽ ട്വന്റി20 പരമ്പര കളിക്കുന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിലെ അഞ്ച് അംഗങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വെസ്റ്റിൻഡീസ് താരങ്ങളായ ഷായ് ഹോപ്പ്, അകീൽ ഹുസൈൻ, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർക്കും സഹ പരിശീലകൻ റോഡി എസ്റ്റ്‌വിക്ക്, ടീം ഫിസിഷ്യൻ ഡോ. അക്ഷയ് മാൻസിങ് എന്നിവർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച അഞ്ചു പേരും 10 ദിവസത്തേക്ക് ഐസലേഷനിൽ പ്രവേശിക്കുമെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

വെസ്റ്റിൻഡീസ് താരങ്ങളായ ഷെൽഡൺ കോട്രൽ, റോസ്റ്റൺ ചേസ്, കൈൽ മയേഴ്സ് എന്നിവർക്ക് മുൻപുതന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിൻഡീസ് ടീമിലെ ഡിവോൺ തോമസ് പരുക്കേറ്റും പരമ്പരയിൽനിന്ന് പുറത്തായി. ഇതോടെ, പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയ വിൻഡീസ് ടീമിൽനിന്ന് കോവിഡ് നിമിത്തം ആറുപേരും പരുക്കേറ്റ് ഒരാളും പുറത്തായി.

വെസ്റ്റിൻഡ‍ീസ് സംഘത്തിലെ അഞ്ച് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനെതിരായ പരമ്പര തുടരുന്ന കാര്യവും അനിശ്ചിതത്വത്തിലായി. ഇപ്പോൾ നടന്നുവരുന്ന ട്വന്റി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തിലും തുടർന്നുള്ള ഏകദിന പരമ്പരയിലും കോവിഡ് ബാധിതരായ താരങ്ങൾ കളിക്കില്ലെന്ന് വിൻ‍ഡീസ് ബോർഡ് അറിയിച്ചിട്ടുണ്ട്. 10 ദിവസത്തെ ഐസലേഷനുശേഷം ഇവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിൽ മാത്രമേ ഇവരെ മറ്റു ടീമംഗങ്ങൾക്കൊപ്പം ചേരാൻ അനുവദിക്കൂ.

ഇപ്പോഴത്തെ സാഹചര്യത്തിൽ 13 പേരിൽനിന്നു വേണം ശേഷിക്കുന്ന ട്വന്റി20 മത്സരത്തിനും അതിനുശേഷമുള്ള ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങൾക്കുമായുള്ള വിൻഡ‍ീസ് ഇലവനെ തിരഞ്ഞെടുക്കാൻ. ടീമിനുള്ളിലെ കോവിഡ് വ്യാപനം ബാറ്റിങ് നിരയേയാണ് കൂടുതൽ ബാധിച്ചത്. നിക്കോളാസ് പുരാൻ, ബ്രാണ്ടൻ കിങ്, ഷമർ ബ്രൂക്സ്, ഡാരൻ ബ്രാവോ എന്നിവരാണ് ടീമിലെ ശേഷിക്കുന്ന സ്പെഷലിസ്റ്റ് ബാറ്റർമാർ.

വെസ്റ്റിൻഡീസ് ടീമിലെ എല്ലാ അംഗങ്ങളെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ പരമ്പരയുമായി മുന്നോട്ടു പോകുന്ന കാര്യം തീരുമാനിക്കൂ. താരങ്ങളുടെ പരിശോധനാ ഫലം ലഭിച്ചശേഷം ഇരു ക്രിക്കറ്റ് ബോർഡുകളുടെയും പ്രതിനിധികൾ യോഗം ചേരുന്നുണ്ട്. അതിനുശേഷമാകും പരമ്പരയുമായി മുന്നോട്ടു പോകണോ എന്ന കാര്യം തീരുമാനിക്കുക.

English Summary: Tour in doubt as Hope, Hosein and Greaves among five more positive for Covid-19 in West Indies camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com