ADVERTISEMENT

ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ലക്നൗ ടീമിന്റെ നായകനായി ഇന്ത്യൻ താരം കെ.എൽ. രാഹുൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന്റെ നായകനായിരുന്ന രാഹുൽ, പുതിയ സീസണിന് മുന്നോടിയായി ടീം വിട്ടിരുന്നു. അന്നു മുതൽ ലക്നൗ, അഹമ്മദാബാദ് എന്നീ ടീമുകളിൽ ഒന്നിനെ നയിക്കാൻ രാഹുൽ എത്തുമെന്ന അഭ്യൂഹം ശക്തമാണ്.

അതിനിടെ, സിംബാബ്‍വെയുടെ മുൻ താരം ആൻഡി ഫ്ലവറിനെ ലക്നൗ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ന്യൂസീലൻഡ് താരം ഡാനിയൽ വെട്ടോറിയേയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, ഒടുവിൽ ആൻഡി ഫ്ലവറിനെത്തന്നെ ലക്നൗ ടീം പരിശീലകനായി നിയമിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

രാഹുലിനു പുറമേ സൺറൈസേഴ്സ് ഹൈദരാബാദ് ടീം വിട്ട അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ, മുംബൈ ഇന്ത്യൻസ് ലേലത്തിനു വിട്ട ഇഷാൻ കിഷൻ എന്നിവരെയും ലക്നൗ സ്വന്തമാക്കിയെന്നാണ് വിവരം. ഐപിഎലിന്റെ ഭാഗമായ ടീമുകൾക്ക് നാലു താരങ്ങളെ നിലനിർത്താൻ അവസരം നൽകിയ ഐപിഎൽ അധികൃതർ, പുതിയ ടീമുകൾക്ക് മൂന്നു താരങ്ങളെ ലേലത്തിനു മുൻപേ സ്വന്തമാക്കാനും അനുമതി നൽകിയിരുന്നു.

ലേലത്തിനു മുൻപേ രണ്ട് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശ താരത്തെയും വാങ്ങാനാണ് പുതിയ ടീമുകൾക്ക് അനുമതിയുള്ളത്. ഇതിനായി 33 കോടി രൂപ വരെ ഈ ടീമുകൾക്ക് മുടക്കാം. ഇതനുസരിച്ചാണ് കെ.എൽ. രാഹുൽ, റാഷിദ് ഖാൻ, ഇഷാൻ കിഷൻ എന്നിവരെ ലക്നൗ ടീം സ്വന്തമാക്കിയത്.

അതേസമയം, ഓരോ താരങ്ങൾക്കും നൽകുന്ന പ്രതിഫലം എത്രയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. രാഹുലിനെ ടീമിലെത്തിക്കാൻ ലക്നൗ ടീം 20 കോടി രൂപ വാഗ്ദാനം ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദുമായി പ്രതിഫലക്കാര്യത്തിൽ ധാരണയിലെത്താതെ പിരിഞ്ഞ അഫ്ഗാൻ താരം റാഷിദ് ഖാന് 16 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇവർക്കു പുറമെ, മൂന്നാമനായിട്ടാണ് മുംബൈ ഇന്ത്യൻസിൽനിന്ന് റിലീസ് ചെയ്ത ഇഷാൻ കിഷനെ പരിഗണിക്കുന്നത്. ‌കഴിഞ്ഞ ഐപിഎലിൽ അത്ര മികവു കാട്ടാനായില്ലെങ്കിലും, 2020–21 സീസണിൽ 13 ഇന്നിങ്സുകളിൽനിന്ന് 57.33 ശരാശരിയിൽ 516 റൺസ് അടിച്ചുകൂട്ടിയ താരമാണ് ഇഷാൻ കിഷൻ. ആ വർഷം മുംബൈയുടെ കിരീട വിജയത്തിലും ഇഷാൻ കിഷന്റെ പ്രകടനം നിർണായകമായിരുന്നു.

English Summary: KL Rahul, Rashid Khan and Ishan Kishan likely to play for Lucknow team in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com