ADVERTISEMENT

ന്യൂഡൽഹി ∙ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ച വിവാദങ്ങൾക്കു മുന്നിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ‘സൈലന്റ് മോഡിൽ’ തന്നെ. കോലി നടത്തിയ വെളിപ്പെടുത്തലുകളോടു വിശദമായി പ്രതികരിക്കാതെ പ്രസിഡന്റ് സൗരവ് ഗാംഗുലി ഒഴിഞ്ഞു മാറി. ‘ഞങ്ങൾ അക്കാര്യം പരിശോധിക്കും. എല്ലാം ബോർഡിനു വിടൂ’– സംഭവങ്ങളിൽ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് കൊൽക്കത്തയിൽ ഇന്നലെ ഗാംഗുലിയുടെ മറുപടി ഇത്ര മാത്രം! ഇക്കാര്യത്തിൽ ഒരു പത്രക്കുറിപ്പു പോലും ബിസിസിഐ പുറത്തു വിട്ടതുമില്ല. ഇതോടെ കഴിഞ്ഞ ദിവസം കോലി ഉയർത്തിയ ആരോപണങ്ങളെച്ചൊല്ലിയുള്ള പുകമറ കുറച്ചു ദിവസത്തേക്കെങ്കിലും തുടരുമെന്നുറപ്പായി.

ട്വന്റി20 ടീം ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ കോലിയോട് താൻ ആവശ്യപ്പെട്ടിരുന്നെന്ന ഗാംഗുലിയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ കോലി നിഷേധിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് തൊട്ടു മുൻപാണ് തന്നെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കിയ കാര്യം അറിയിച്ചതെന്നും കോലി പറഞ്ഞു.

കോലിയുടെ വാക്കുകൾ വ്യക്തിപരമായി തന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതായിട്ടും ഗാംഗുലി ഇന്നലെ പ്രതികരണത്തിനു തയാറായില്ല. കോലിയുടെ വെളിപ്പെടുത്തലുകളോടുള്ള മറുപടിയായി പത്രസമ്മളനം നടത്താൻ ബിസിസിഐ സിലക്‌ഷൻ സമിതി ചെയർമാൻ ചേതൻ ശർമയെ നിയോഗിക്കുമെന്ന് ഇന്നലെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

∙ ഇപ്പോൾ വേണ്ടായിരുന്നു: കപിൽ

കോലി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ എന്തു തന്നെയായാലും അതിനു തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്ന് മുൻ ക്യാപ്റ്റൻ കപിൽ ദേവ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കായി ടീം പുറപ്പെടുന്നതിനു മുൻപായുള്ള പത്രസമ്മേളനത്തിലായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ.

‘‘തൊട്ടു മുൻപിൽ വളരെ പ്രധാനപ്പെട്ട ഒരു പരമ്പര നിൽക്കുന്നു. ആ സമയത്ത് ടീമിന്റെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് മാറ്റരുത്’’– കപിൽ പറഞ്ഞു. അതേ സമയം കോലിയുടെ വെളിപ്പെടുത്തലുകളെത്തുടർന്നുണ്ടായ ആശയക്കുഴപ്പം നീക്കാൻ ഗാംഗുലി പ്രതികരിക്കണമെന്ന് മുൻ താരം സുനിൽ ഗാവസ്കർ അഭിപ്രായപ്പെട്ടു. എന്നാൽ കോലിയുടെ പ്രസ്താവന ബിസിസിഐയെ പ്രതിക്കൂട്ടിലാക്കിയെന്ന് താൻ കരുതുന്നില്ലെന്നും ഗാവസ്കർ പറഞ്ഞു.

dravid
ജൊഹാനസ്ബർഗിിലെത്തിയ ഇന്ത്യൻ‌ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് വിമാനത്താവളത്തിൽനിന്നു പുറത്തേക്ക് വരുന്നു. ബിസിസിഐ ട്വിറ്ററിൽ പങ്കുവച്ച ചിത്രം.

∙ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ

ജൊഹാനസ്ബർഗ് ∙ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി. ഇന്നലെയാണ് ടീം ജൊഹാനസ്ബർഗിൽ വിമാനമിറങ്ങിയത്. ‘ടച്ച്ഡൗൺ സൗത്ത് ആഫ്രിക്ക’– താരങ്ങളുടെ ചിത്രം സഹിതം ബിസിസിഐ ട്വീറ്റ് ചെയ്തു. 3 വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് പര്യടനത്തിലുള്ളത്. സെഞ്ചൂറിയനിൽ 26നാണ് (ബോക്സിങ് ഡേ) ആദ്യ ടെസ്റ്റ്.

English Summary: Virat Kohli vs Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com