ADVERTISEMENT

മുംബൈ∙ വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും വിമർശിച്ച് മുൻ താരം ദിലീപ് വെങ്സർക്കാർ രംഗത്ത്. വിരാട് കോലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നം ബിസിസിഐ കുറച്ചുകൂടി പ്രഫഷനലായി കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് വെങ്സർക്കാർ അഭിപ്രായപ്പെട്ടു. കോലിയെ നീക്കിയ വിഷയത്തിൽ സിലക്ഷൻ കമ്മിറ്റിക്കു പകരം പ്രതികരിക്കേണ്ട കാര്യം ഗാംഗുലിക്കുണ്ടായിരുന്നില്ലെന്നും വെങ്സർക്കാർ ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച അവസരത്തിലാണ് വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കി പകരക്കാരനായി രോഹിത് ശർമയെ പ്രഖ്യാപിച്ചത്. വിരാട് കോലിയെ തൽസ്ഥാനത്തുനിന്ന് നിർബന്ധിച്ച് നീക്കിയതാണെന്ന വെളിപ്പെടുത്തൽ പിന്നീട് വലിയ വിവാദമായിരുന്നു. ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് താൻ ആവശ്യപ്പെട്ടിരുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശദീകരിച്ചെങ്കിലും, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് കോലി നേരിട്ട് വ്യക്തമാക്കിയതും വിവാദമായി.

ഈ വിഷയത്തിൽ സംഭവിച്ച കാര്യങ്ങൾ നിർഭാഗ്യകരമായിപ്പോയെന്നും വെങ്സർക്കാർ ചൂണ്ടിക്കാട്ടി. ‘സംഭവിച്ചതെല്ലാം വളരെ നിർഭാഗ്യകരമായിപ്പോയി. ഈ വിഷയം ക്രിക്കറ്റ് ബോർഡ് കുറച്ചുകൂടി പ്രഫഷനലായി കൈകാര്യം ചെയ്യേണ്ടതായിരുന്നു’ – വെങ്സർക്കാർ പറഞ്ഞു.

‘വേറൊരു കാര്യം, ഈ വിഷയത്തിൽ സിലക്ഷൻ കമ്മിറ്റിക്കു പകരം സൗരവ് ഗാംഗുലി അഭിപ്രായം പറയേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. ഗാംഗുലി ബിസിസിഐ പ്രസിഡന്റാണ്. ക്യാപ്റ്റൻസിയുമായോ ടീം സിലക്ഷനുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് സിലക്ഷൻ കമ്മിറ്റി ചെയർമാനാണ്’ – വെങ്സർക്കാർ ചൂണ്ടിക്കാട്ടി.

ക്യാപ്റ്റനെ മാറ്റുന്ന വിഷയം ബിസിസിഐ കൈകാര്യം ചെയ്ത രീതി വിരാട് കോലിയെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്നും വെങ്സർക്കാർ അഭിപ്രായപ്പെട്ടു.

‘ഗാംഗുലി ഈ വിഷയത്തിൽ എല്ലാക്കാര്യങ്ങളും പറഞ്ഞു. ഒരുപക്ഷേ, വിരാട് കോലിക്കും തന്റെ ഭാഗം വ്യക്തമാക്കണമെന്ന് തോന്നിക്കാണും. സത്യത്തിൽ ഈ പ്രശ്നം സിലക്ഷൻ കമ്മിറ്റി ചെയർമാനും ക്യാപ്റ്റനും തമ്മിലുള്ളതാണ്. സിലക്ഷൻ കമ്മിറ്റിയാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതും മാറ്റുന്നതും. അല്ലാതെ അത് ഗാംഗുലിയുടെ പരിധിയിൽ വരുന്ന കാര്യമല്ല’ – വെങ്സർക്കാർ പറഞ്ഞു.

‘ഒരു കാര്യം ഉറപ്പാണ്. മാറ്റം അനിവാര്യം തന്നെ. പക്ഷേ, വിരാട് കോലി രാജ്യത്തിനായി ഒരുപാടു സംഭാവനകൾ നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിന് അർഹിക്കുന്ന ആദരവും ബഹുമാനവും നൽകിയേ തീരൂ. പക്ഷേ, ബോർഡ് ഈ വിഷയം കൈകാര്യം ചെയ്ത രീതി കോലിയെ വേദനിപ്പിച്ചിരിക്കാം’  – വെങ്സർക്കാർ പറഞ്ഞു.

English Summary: Dilip Vengsarkar on Virat Kohli captaincy issue: Sourav Ganguly had no business to speak on behalf of selectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com