ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ താരം ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് നാൽപ്പത്തൊന്നുകാരനായ ഹർഭജൻ സിങ് പ്രഖ്യാപിച്ചു. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഉൾപ്പെടെ ഇനി ഹർഭജനെ കാണാനാകില്ല. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഹർഭജൻ.

രാജ്യാന്തര വേദിയിൽ 23 വർഷം പിന്നിട്ട കരിയറിനാണ് ഹർഭജൻ ഇന്ന് തിരശീലയിട്ടത്. 1998ലായിരുന്നു രാജ്യാന്തര വേദിയിലെ അരങ്ങേറ്റം. വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇന്നാണെങ്കിലും 2016 മാർച്ചിനുശേഷം ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ടില്ല. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബോളറാണ്. 1998 മാർച്ചിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിൽ ടെസ്റ്റ് കളിച്ചാണ് ഹർഭജൻ രാജ്യാന്തര വേദിയിൽ എത്തുന്നത്. 2016 മാർച്ചിൽ യുഎഇയ്‌ക്കെതിരെ ധാക്കയിൽ കളിച്ച ട്വന്റി20 മത്സരമാണ് രാജ്യാന്തര വേദിയിലെ അവസാന മത്സരം.

‘പലവിധത്തിലും താൻ മുൻപേ തന്നെ വിരമിച്ചിരുന്ന’തായി ഹർഭജൻ വിരമിക്കൽ പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഹർഭജൻ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസൺ വരെ കളിച്ചിരുന്നു. കൊൽക്കത്തയുമായുള്ള കരാർ നിമിത്തമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം വൈകിയത്.

‘ജീവിതത്തിൽ വളരെ വിഷമകരമായ തീരുമാനങ്ങൾ കൈക്കൊണ്ട് മുന്നോട്ടു പോകേണ്ട അവസരങ്ങളുണ്ടാകും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രഖ്യാപനം നടത്താൻ ഞാൻ തയാറെടുത്തതാണ്. പക്ഷേ, ഇക്കാര്യം നിങ്ങളെ അറിയിക്കാൻ തക്ക സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും ഞാൻ വിരമിക്കുന്നു. പലവിധത്തിലും ക്രിക്കറ്റ് താരമെന്ന നിലയിൽ ഞാൻ മുൻപേ വിരമിച്ചതാണ്. പക്ഷേ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്താൻ കഴിഞ്ഞിരുന്നില്ല’ – ഹർഭജൻ വ്യക്തമാക്കി.

‘കുറച്ചുകാലമായി ഞാൻ ക്രിക്കറ്റിൽ ഒട്ടും സജീവമല്ല. പക്ഷേ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഐപിഎലുമായി ബന്ധപ്പെട്ട് എനിക്ക് ചില കരാറുകളുണ്ടായിരുന്നു. ഐപിഎൽ 14–ാം സീസണിൽ ഞാൻ അവർക്കായി കളിച്ചു. പക്ഷേ, കഴിഞ്ഞ സീസണിൽത്തന്നെ വിരമിക്കാനുള്ള തീരുമാനം ഞാൻ കൈക്കൊണ്ടിരുന്നു’ – ഹർഭജൻ വിശദീകരിച്ചു.

ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളിൽനിന്ന് 417 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇതിൽ 25 അഞ്ച് വിക്കറ്റ് പ്രകടനങ്ങളും അഞ്ച് 10 വിക്കറ്റ് പ്രകടനങ്ങളും ഉൾപ്പെടുന്നു. 84 റൺസ് വഴങ്ങി എട്ടു വിക്കറ്റ് പിഴുതതാണ് ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം. 217 റൺസ് വഴങ്ങി 15 വിക്കറ്റ് പിഴുതത് ഒരു മത്സരത്തിലെ മികച്ച പ്രകടനവും. ഭേദപ്പെട്ട ബാറ്റ്സ്മാൻ കൂടിയായിരുന്ന ഭാജി 145 ഇന്നിങ്സുകളിൽനിന്ന് 18.22 ശരാശരിയിൽ 3432 റൺസ് നേടിയിട്ടുണ്ട്. ഇതിൽ രണ്ടു സെഞ്ചുറികളും ഒൻപത് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 42 ക്യാച്ചുകളും നേടി. 1998 മാർച്ച് 25ന് ഓസ്ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2015 ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഗോളിലായിരുന്നു അവസാന ടെസ്റ്റ്.

236 ഏകദിനങ്ങളിൽനിന്ന് 269 വിക്കറ്റുകൾ വീഴ്ത്തി. 31 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. മൂന്നു തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 128 ഏകദിന ഇന്നിങ്സുകളിൽനിന്ന് 13.30 ശരാശരിയിൽ 1237 റൺസ് നേടി. 49 റൺസാണ് ഉയർന്ന സ്കോർ. 1998 ഏപ്രിൽ 17ന് ഷാർജയിലായിരുന്നു രാജ്യാന്തര ഏകദിന അരങ്ങേറ്റം. 2015 ഒക്ടോബർ 25ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മുംബൈയിൽ അവസാന മത്സരം കളിച്ചു.

28 ട്വന്റി20 മത്സരങ്ങളിൽനിന്ന് 25 വിക്കറ്റുകൾ സ്വന്തമാക്കി. 12 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 13 ട്വന്റി20 ഇന്നിങ്സുകളിൽനിന്ന് 13.50 ശരാശരിയിൽ 108 റൺസ് നേടി. 21 റൺസാണ് ഉയർന്ന സ്കോർ. 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബർഗിലായിരുന്നു ട്വന്റി20 അരങ്ങേറ്റം. 2016 മാർച്ച് മൂന്നിന് യുഎഇയ്‌ക്കെതിരെ ധാക്കയിൽ അവസാന ട്വന്റി20 മത്സരം കളിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 198 മത്സരങ്ങളിൽനിന്ന് 780 വിക്കറ്റുകളും ലിസ്റ്റ് എ ക്രിക്കറ്റിൽ 334 മത്സരങ്ങളിൽനിന്ന് 393 വിക്കറ്റും 268 ട്വന്റി20 മത്സരങ്ങളിൽനിന്ന് 235 വിക്കറ്റുകളും സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ രണ്ടു സെഞ്ചുറികളും 15 അർധസെഞ്ചുറികളും ഹർഭജന്റെ പേരിലുണ്ട്.

English Summary: Harbhajan Singh Announces Retirement From All Forms Of Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com