ADVERTISEMENT

ന്യൂഡൽഹി∙ തന്റെ ക്രിക്കറ്റ് കരിയർ പാകപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചത് മുൻ ഇന്ത്യൻ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണെന്ന് മുൻ ഇന്ത്യന്‍ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചതിനു പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോടാണു 41 കാരനായ ‘ഭാജി’ മനസ്സു തുറന്നത്.

ഗാംഗുലി, മഹേന്ദ്രസിങ് ധോണി എന്നീ 2 നായകൻമാർക്കു കീഴിൽ കളിച്ചിട്ടുള്ള താരമാണു ഹർഭജൻ. ഈ രണ്ടു വ്യത്യസ്ത കാലഘട്ടത്തെക്കുറിച്ചും ഹർഭജൻ മനസ്സു തുറന്നു.

‘ഞാൻ ഒന്നുമല്ലാതിരുന്ന കാലത്താണു സൗരവ് ഗാംഗുലി എന്നെ ചേർത്തു പിടിച്ചത്. പക്ഷേ, ധോണി ക്യാപ്റ്റന്‍ ആയപ്പോൾ ഞാൻ ആരെങ്കിലുമൊക്കെ ആയിക്കഴിഞ്ഞിരുന്നു. 

ഞാൻ പ്രതിഭാസമ്പന്നനാണെന്നു ഗാംഗുലിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്ക് റിസൾട്ട് നൽകാനാകുമോ എന്നു ഗാംഗുലിക്ക് ഉറപ്പില്ലായിരുന്നു. അതേ സമയം ധോണിയുടെ കാലഘട്ടത്തിലേക്കു വരുമ്പോൾ, ഞാൻ ഏറെ നാളായി ടീമിൽ ഉണ്ടായിരുന്നുവെന്നും ടീമിനു റിസൾട്ട് നൽകിയിട്ടുണ്ടെന്നും ധോണിക്ക് അറിയാമായിരുന്നു. 

ജീവിതത്തിലാണെങ്കിലും ജോലിയിൽ ആണെങ്കിലും, ഏറ്റവും അനിവാര്യമായ സമയത്ത് നമുക്ക് ഒരാളുടെ മാർഗ ദർശനം ആവശ്യമായി വരും. എന്റെ കാര്യത്തിൽ അതു നൽകിയത് ഗാംഗുലിയാണ്. അദ്ദേഹം എനിക്കു വേണ്ടി വാദിക്കുകയും ടീമിൽ എടുക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ നിങ്ങൾ‌ ഇപ്പോൾ എന്റെ അഭിമുഖം പോലും എടുക്കില്ലായിരുന്നു. എന്നെ ഞാനാക്കിയത് ഗാംഗുലിയുടെ നേതൃത്വമാണ്. 

അതുപോലെതന്നെ ധോണിയും ഒരു മികച്ച ക്യാപ്റ്റനാണ്. ഗാംഗുലി പകർന്നു നൽകിയ പൈതൃകം ധോണി മുന്നോട്ടു കൊണ്ടുപോയി. ഒട്ടേറെ മികച്ച ക്രിക്കറ്റ് മുഹൂർത്തങ്ങൾക്കു സാക്ഷിയാകാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുമുണ്ട്’– ഹർഭജന്റെ വാക്കുകൾ. 

 

English Summary: “Ganguly handheld me when I was 'no one'. When Dhoni became captain, I was ‘someone’” - Harbhajan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com