ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ 3–ാം ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 185 റൺസിനു പുറത്തായി. ഒരു വിക്കറ്റിന് 61 എന്ന സ്കോറിൽ ആദ്യ ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ച ഓസ്ട്രേലിയ, 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിനു 124 റൺസ് പിന്നിലാണിപ്പോൾ.

പരുക്കിൽനിന്നു മോചിതനായി ടീമിലേക്കു മടങ്ങിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ഓസീസ് പേസ് ആക്രമണത്തിനു മുന്നിൽ ഇംഗ്ലണ്ട് ബാറ്റർമാർ തകർന്നടിയുന്ന കാഴ്ചതന്നെയാണു 3–ാം ടെസ്റ്റിലും കണ്ടത്.

36 റൺസ് വീതം വഴങ്ങി 3 വീതം വിക്കറ്റെടുത്ത കമ്മിൻസും നേഥൻ ലയണുമാണ് ഓസീസ് ബോളർമാരിൽ ഏറ്റവും മികച്ചു നിന്നത്. മിച്ചെൽ സ്റ്റാർക്ക് 54 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തപ്പോൾ കാമറോൺ ഗ്രീൻ 7 റൺസിന് ഒരു വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരൻ സ്കോട്ട് ബോളണ്ട് 48 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

അർധ സെഞ്ചുറി നേടിയ നായകൻ ജോ റൂട്ട് (50) മാത്രകമാണ് ഇംഗ്ലണ്ട് ബാറ്റർമാരിൽ കാര്യമായ ചെറുത്തു നിൽപു നടത്തിയത്. ബെൻ സ്റ്റോക്സിനും (25), ജോണി ബെയർസ്റ്റോയ്ക്കും (35) ലഭിച്ച തുടക്കം മുതലാക്കാനായില്ല. 

ഹസീബ് ഹമീദ് (0), സാക്ക് ക്രൗലി (12), ഡേവിഡ് മലാൻ (14), ജോസ് ബട്‌ലർ (3), മാർക്ക് വുഡ് (6), ഓലി റോബിൻസൻ (22), ജാക്ക് ലീഷ് (13), ജയിംസ് ആൻഡേഴ്സൻ (0 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം.

മറുപടി ബാറ്റിങ്ങിൽ 38 റൺസ് എടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്. ജയിംസ് ആൻഡേഴ്സനാണു വിക്കറ്റ് വീഴ്ത്തിയത്. മാർക്കസ് ഹാരിസ് (20), നേഥൻ ലയൺ (0), എന്നിവരാണു ബാറ്റു ചെയ്യുന്നത്. 5 മത്സര പമ്പരയിലെ ആദ്യ 2 ടെസ്റ്റും തോറ്റ ഇംഗ്ലണ്ട് 2–0നു പിന്നിലാണിപ്പോൾ.

 

English Summary: Ashes, Eng vs Aus Third test, day 1 live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com