ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്നു പുറത്താക്കിയതിനുള്ള കാരണം എന്താണെന്ന് ആരും ഇതുവരെ തന്നോടു പറഞ്ഞിട്ടില്ലെന്നു മുൻ താരം ഹർഭജൻ സിങ്. 41–ാം വയസ്സിൽ, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചതിനു പിന്നാലെയാണ് ഹർഭജന്റെ പുതിയ വെളിപ്പെടുത്തൽ. 

ടീം മാനേജ്മെന്റിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ 500–550 ടെസ്റ്റ് വിക്കറ്റുകൾ എങ്കിലും നേടാൻ തനിക്കു കഴിഞ്ഞേനേ എന്നും ദേശീയ മാധ്യമത്തോടു ഹർഭജൻ പ്രതികരിച്ചു.

‘400ൽ  അധികം വിക്കറ്റുകൾ നേടിയിട്ടുള്ള ഒരാളെ ടെസ്റ്റ് ടീമിൽനിന്നു പുറത്താക്കുകയും, ടീമിൽനിന്ന് ഒഴിവാക്കാനുള്ള കാരണം അയാളോടു പറയാതെയിരിക്കുകയും ചെയ്താൽ, സ്വാഭാവികമായും പല ചോദ്യങ്ങളുയരും. ഇതേപ്പറ്റി പലരോടും ചോദിച്ചെങ്കിലും തൃപ്തികരമായ ഒരുത്തരം പോലും ലഭിച്ചില്ല. 

ഏറ്റവും അനിവാര്യമായ സമയത്താണ് നമുക്ക് ആരുടെയെങ്കിലുമൊക്കെ പിന്തുണ ആവശ്യമായി വരുന്നത്. അന്ന് ആരെങ്കിലും എന്നെ പിന്തുണച്ചിരുന്നെങ്കിൽ, 500–550 ടെസ്റ്റ് വിക്കറ്റുകൾ നേടിയതിനു ശേഷം, വളരെ നാളുകൾ‌ക്കു മുൻപുതന്നെ ഞാൻ വിരമിച്ചേനേ. കാരണം 31 വയസ്സുള്ളപ്പോൾ 400ൽ അധികം വിക്കറ്റുകൾ നേടിയ ആളാണു ഞാൻ.

മൂന്നോ നാലോ വർഷം കൂടി കളിച്ചിരുന്നെങ്കിൽ, 500 വിക്കറ്റ് നേട്ടം കൈവരിക്കാമായിരുന്നു. എന്തു ചെയ്യാം, അതു സംഭവിച്ചില്ല. 400 വിക്കറ്റെടുത്ത ഒരാൾക്ക് ഇതു സംഭവിക്കുമെങ്കിൽ, 40 വിക്കറ്റുള്ള മറ്റൊരാളോട് ആരും ഒന്നും ചോദിക്കില്ല. ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയവരെപ്പോലും ആവശ്യം കഴിയുമ്പോൾ തഴയുന്നു. ഇതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ വേദനാജനകമായ കഥ’– ഹർഭജന്റെ വാക്കുകൾ. 

103 ടെസ്റ്റിൽ 417 വിക്കറ്റും 239 ഏകദിനത്തിൽ 269 വിക്കറ്റും 28 ട്വന്റി20യിൽ 25 വിക്കറ്റും നേടിയതിനു ശേഷമാണു ഹർഭജന്റെ വിടവാങ്ങൽ.  2016ലാണ് ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചതെങ്കിലും, ഇക്കഴിഞ്ഞ സീസൺ വരെ ഹർഭജൻ ഐപിഎല്ലിന്റെ ഭാഗമായിരുന്നു. 

ടെസ്റ്റ് കിക്കറ്റിൽ, അനിൽ കുംബ്ലെ, കപിൽ ദേവ്, രവിചന്ദ്രൻ ആശ്വിൻ എന്നിവർക്കു പിന്നിൽ, ഏറ്റവും അധികം വിക്കറ്റുകൾ പേരിലാക്കിയ 4–ാമത്തെ ഇന്ത്യൻ താരമാണ് ഹർഭജൻ. 

 

English Summary: 'Had many big questions, no one told me why I was dropped': Harbhajan opens up on 'sad story of Indian cricket'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com