ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ 1983ലെ ലോകകപ്പ് വിജയം പ്രമേയമാക്കുന്ന ‘83’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ, ഗാലറിയിൽ വിൻഡീസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് പ്രത്യക്ഷപ്പെട്ട സംഭവം വിവരിച്ച് ബോളിവുഡ് താരം രൺ‌വീർ സിങ്. ദേശീയ മാധ്യമത്തോടാണു റൺവീറിന്റെ വെളിപ്പെടുത്തൽ. 

‘1983ലെ ക്രിക്കറ്റ് ലോകകപ്പ് ടീം ഇന്ത്യ ഏറ്റുവാങ്ങുന്ന സീനാണു ഷൂട്ട് ചെയ്തിരുന്നത്. ഞങ്ങൾ ലോഡ്സ് സ്റ്റേഡിയത്തിലായിരുന്നു. 1983ൽ ഇന്ത്യയ്ക്കു ലഭിച്ച യഥാർഥ ലോകകപ്പ് തന്നെയാണു ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നത്. ലോഡ്സിലെ ചരിത്ര ബാൽക്കണിയിലായിരുന്നു ഞങ്ങളുടെ സ്ഥാനം. 

കപ്പ് കൈമാറുന്ന സീൻ സംബന്ധിച്ചു സംവിധായകൻ കബീർ ഖാന് നിർബന്ധമുണ്ടായിരുന്നു. ആഘോഷപ്രകടനം എങ്ങനെ വേണമെന്നതു സംബന്ധിച്ചു ഞങ്ങൾക്കെല്ലാം വ്യക്തമായ ധാരണയും ഉണ്ടായിരുന്നു.

50–80 ആളുകൾ ബാൽക്കണിയിൽ നിരന്നുനിന്നു. പല ക്യാമറകൾ ഉപയോഗിച്ചുള്ള ഷോട്ടാണ്. ടൈമിങ് ശരിയാക്കുന്നതിനായി എല്ലാ താരങ്ങളും വിഡിയോ ഫുട്ടേജ് ആവർത്തിച്ചു കണ്ടുകൊണ്ടിരുന്നു. പൊടുന്നനെ, മുൻ വിൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ് സെറ്റിലേക്കു കയറിവന്നു. പ്രേതത്തെ നേരിട്ടു കാണുകയാണോ എന്നാണ് എല്ലാവരും അപ്പോൾ ചിന്തിച്ചത്. അദ്ദേഹത്തിന് ഇവിടെ എന്താണു കാര്യം? ലോകകപ്പ് ഏറ്റുവാങ്ങുന്ന സീൻ ഷൂട്ടുചെയ്യുന്നതു കാണാൻ സെറ്റിലെത്തിയതായിരുന്നു അദ്ദേഹം. കബീർ ഖാനോടൊപ്പം ഇരുന്നാണു ലോയ്ഡ് ഷൂട്ടിങ് കണ്ടത്’– രൺവീർ പറഞ്ഞു.

സംഭവത്തെപ്പറ്റി കബീർ ഖാൻ മറ്റൊരു അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ, ‘ഷൂട്ടിങ് കാണാനായി എന്റെ അടുത്തുവന്നിരുന്ന ലോയ്ഡിനോട് ഞാൻ ചോദിച്ചു, അൽപം കൂടി മുന്നോട്ടു കയറി ഇരിക്കണോ എന്ന്. ലോകകപ്പ് നഷ്ടമാകുന്നതു 2–ാം തവണയും കാണണോ എന്നായിരുന്നു തമാശ രൂപേണയുള്ള അദ്ദേഹത്തിന്റെ മറുപടി.’

English Summary: Ranveer Singh thought he was ‘seeing a ghost’ when former West Indies captain Clive Lloyd walked onto 83 sets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com