ADVERTISEMENT

തിരുവനന്തപുരം∙ എത്ര വലിയ തിരിച്ചടികളിലും തളരാതെ ലക്ഷ്യം നേടാനായി ആത്മാർഥമായി പരിശ്രമിക്കുന്നവർക്കൊപ്പം വിജയമുണ്ടാകുമെന്നു വീണ്ടും തെളിയിക്കുകയാണ് മുൻ ഇന്ത്യൻ പേസർ എസ്.ശ്രീശാന്ത്. 7 വർഷത്തെ വിലക്കു മറികടന്ന് കഴിഞ്ഞ വർഷം വീണ്ടും കേരളത്തിനു വേണ്ടി മൈതാനത്തിറങ്ങി വിക്കറ്റ് വീഴ്ത്തിയെങ്കിലും ഈ സീസണിൽ ട്വന്റി, ഏകദിന ടീമുകളിൽ ഇടം ലഭിക്കാതെ പോയ ശ്രീശാന്ത് വീണ്ടും രഞ്ജി ട്രോഫിക്കു വേണ്ടിയുള്ള ടീമിന്റെ സാധ്യതാ പട്ടികയിൽ. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലന ക്യാംപിൽ മികവു തെളിയിച്ചാൽ ശ്രീക്ക് രഞ്ജി ട്രോഫിയിൽ വീണ്ടും കേരളത്തിനു വേണ്ടി പന്തെറിയാം.

39–ാം വയസ്സിലാണ് ശ്രീ ചെറുപ്പക്കാരെ പോലും വിസ്മയിപ്പിക്കുന്ന തരത്തിൽ പന്തെറിയുന്നതും ഒരു ദിവസം പോലും മുടങ്ങാതെ പരിശീലനം നടത്തുന്നതും. കേരള ടീമിലെ താരങ്ങളുടെ വഴികാട്ടിയായ ബിഗ് ബ്രദർ കൂടിയാണ് ശ്രീ.

ഐപിഎൽ മത്സരത്തിലെ ഒത്തുകളിയുടെ പേരിൽ 2013 ഓഗസ്റ്റിലാണു ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കു കൽപിച്ചത്. 2015ൽ ഡൽഹിയിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 2018ൽ സുപ്രീം കോടതി നിർദേശപ്രകാരം വിലക്കിന്റെ കാലാവധി ബിസിസിഐ 7 വർഷമായി ചുരുക്കി. വിലക്കു നീങ്ങിയ ശേഷം, കഴി‍ഞ്ഞ വർഷം ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി ശ്രീശാന്ത് കളിച്ചിരുന്നു. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ റജിസ്റ്റർ ചെയ്തെങ്കിലും അന്തിമപട്ടികയിൽ ഇടം പിടിച്ചില്ല.

∙ തിരിച്ചടികളിൽ തളരാതെ

അടുത്തിടെ ശ്രീശാന്ത് മങ്ങിയ പേരുള്ള ടീ ഷർട്ടിന്റെ പടം പോസ്റ്റ് ചെയ്ത് ഇങ്ങനെ ഒരു കുറിപ്പിട്ടു: ‘ടീഷർട്ടിൽ പേരു പ്രിന്റ് ചെയ്തതു മങ്ങുന്നുണ്ടാകാം. പക്ഷേ, ഒരിക്കലും മനസ്സിൽ നിന്നോ ശരീരത്തിൽ നിന്നോ പ്രത്യേകിച്ച് ആത്മാവിൽ നിന്നോ അതു മായുന്നില്ല. ആത്മാവു പറയുന്നതു മുന്നോട്ടു പോകാനാണ്. നിങ്ങളുടെ അനുഗ്രഹവും ആശംസകളും എല്ലായിപ്പോഴത്തേതും പോലെ ഉണ്ടാകണം. മതിയാക്കും മുൻപ് ഒരുപാടു ദൂരം താണ്ടാനുണ്ട്. ഒരിക്കലും തളർന്നു മതിയാക്കാൻ ഞാനില്ല’. 

sreesanth-1

‘മുറിച്ചാൽ മുറി കൂടുന്ന ഇനം’ എന്നൊരു ചൊല്ലുണ്ട് നാട്ടിൻ പുറങ്ങളിൽ. തകർക്കാൻ ശ്രമിച്ചാലും അതിനെ മറികടന്ന് മുന്നോട്ടു പോകുന്നവരെ വിശേഷിപ്പിക്കുന്ന ചൊല്ല്. ശ്രീശാന്തിന് ചേരുന്ന വിശേഷണമാണിത്. 

∙ പ്രതികരിക്കാൻ ഭയമില്ലാതെ

ഇന്ത്യൻ ക്രിക്കറ്റിലെ അധികാരകേന്ദ്രങ്ങളെ പ്രീതിപ്പെടുത്തി നിൽ‍‍‍‍‍‍‍‍‍‍‍‍ക്കാൻ ശ്രമിക്കാത്തതു കൊണ്ടാണ് ഐപിഎൽ വാതുവയ്പ് കേസിൽ താൻ കുടുങ്ങിയതെന്ന് ശ്രീശാന്ത് അടുത്തിടെ തുറന്നടിച്ചിരുന്നു. വാതുവയ്പ് വിവാദവും തുടർന്നുള്ള മാസങ്ങളും തനിക്കു മരണത്തോടു മുഖാമുഖം നിന്ന പോലെ കഠിനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

sreesanth

‘ആരെയും അഭിനയിച്ച് പ്രീതിപ്പെടുത്തുന്നത് എനിക്കു വശമില്ല. ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹം അവിടെയുണ്ടാകും. അദ്ദേഹം ഇങ്ങോട്ടു വരും തുടങ്ങി അധികാരമുള്ള ആളുകളെക്കുറിച്ചു പറയുന്ന മുന്നറിയിപ്പുകളൊന്നും ഞാൻ കാര്യമായിട്ടെടുക്കാറില്ല. ഒരുപക്ഷേ അതായിരിക്കും എനിക്കു തിരിച്ചടിയായത്. കോടതിയിൽ നിരപരാധിത്വം തെളിയിക്കപ്പെട്ടെങ്കിലും പലരുടെയും കണ്ണിൽ ഇപ്പോഴും ഞാൻ കുറ്റവാളി തന്നെയാണ്. എല്ലാവരെയും സത്യം ബോധ്യപ്പെടുത്താനാവുമെന്ന് കരുതുന്നില്ല. ക്രിക്കറ്റിൽ സജീവമായിരിക്കെ 2 ലക്ഷം രൂപയ്ക്കു വരെ വിരുന്നു സൽക്കാരം നടത്തിയിരുന്ന താൻ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി ഒത്തുകളി നടത്തും എന്നു പറയുന്നത് സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യമല്ലേ’ – ശ്രീശാന്ത് ചോദിക്കുന്നു.

∙ തിരിച്ചു വരവിൽ തിളങ്ങിയിട്ടും

കഴിഞ്ഞ സീസണിൽ സയ്യിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫി ടൂർണമെന്റുകളിൽ ശ്രീശാന്ത് മികച്ച പ്രകടനം നടത്തിയിരുന്നു. ജനുവരിയിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പുതുച്ചേരിക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ രണ്ടാം വരവ്. രണ്ടാം ഓവറിൽ പുതുച്ചേരി ബാറ്റർ ഫാബിദ് അഹമ്മദിന്റെ കുറ്റി പിഴുതാണ് ശ്രീ തിരിച്ചു വരവ് ആഘോഷിച്ചത്. പിന്നീട് വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെതിരെ 30 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി പഴയ തീ കെട്ടടങ്ങിയിട്ടില്ലെന്ന് ശ്രീശാന്ത് തെളിയിച്ചു. പക്ഷേ, ഇത്തവണ രണ്ടു ടൂർണമെന്റുകളിലും കേരള ടീമിൽ ഇടം നേടാൻ ശ്രീശാന്തിനു കഴിഞ്ഞില്ല. 

∙ ഐപിഎല്ലിൽ ഇടം തേടി..

ആഭ്യന്തര ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ തിരിച്ചു വരവിന് ശ്രീശാന്ത് അതിയായി ആഗ്രഹിച്ചെങ്കിലും നടന്നില്ല. പ്രാഥമിക പട്ടികയിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുമായി ശ്രീശാന്തിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അന്തിമപട്ടികയിൽ ഇടം നേടാനായില്ല. തോറ്റുകൊടുക്കാൻ തയാറല്ലെന്നും കരുത്തോടെ തിരിച്ചുവരുമെന്നുമായിരുന്നു അന്നു ശ്രീശാന്തിന്റെ പ്രതികരണം. 

‘8 വർഷം കാത്തിരിക്കാമെങ്കിൽ ഇനിയുമാകാം. 38 വയസ്സേ ആയിട്ടുള്ളൂ. ഐപിഎലിൽ കളിക്കാൻ വിധിച്ചിട്ടുണ്ടെങ്കിൽ അടുത്ത സീസണിൽ അല്ലെങ്കിൽ അതിനടുത്തതിൽ നിശ്ചയമായും ഉണ്ടാകും. ആരുടെയും സഹതാപം വേണ്ട. എല്ലാവരും പിന്തുണ തുടരണം. ഒരു സർപ്രൈസ് കോൾ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയ്‍ലിനു ലഭിച്ചതുപോലെ ഒരവസരമാണു പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ആ വാശിയുടെ കരുത്ത് ഇപ്പോഴും ചോർന്നിട്ടില്ല. 

English Summary; S Sreesanth named in Kerala's preliminary Ranji Trophy squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com