ADVERTISEMENT

അടുത്ത വർഷത്തെ ഐപിഎലിനു മുൻപുള്ള മെഗാ താരലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള മലയാളി ക്രിക്കറ്റ് താരം ആരാകും...? നിലവിലെ ഫോം നോക്കിയാൽ ഒന്നും ആലോചിക്കാനില്ല, ഒറ്റ ഉത്തരം മാത്രം – വിഷ്ണു വിനോദ്. വിഷ്ണുവിനെ അറിയാത്ത കേരള ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. ബാറ്റിലൊരു ‘പടക്കപ്പുരയുമായി’ ഇടയ്ക്കിടെ കളം നിറയുന്ന താരത്തിന്റെ പേര് വർഷങ്ങളായി മലയാളി ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽപുണ്ട്.

ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നത് വിഷ്ണു പതിവാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിലും വിജയ് ഹസാരെ ടൂർണമെന്റിലും അത് നാം കണ്ടതാണ്. ഓപ്പണറായി തകർത്തടിക്കാൻ കെൽപ്പുള്ള വിഷ്ണു ലോവർ മിഡിൽ ഓർഡറിൽ ഫിനിഷർ റോളും ഭദ്രമാക്കുകയാണ്. വിക്കറ്റ് കീപ്പർ, വേണമെങ്കിൽ പന്ത് കയ്യിലെടുത്ത് മീഡിയം പേസും എറിയുന്ന മൾട്ടി ഡയമൻഷനൽ താരം – അതാണിപ്പോൾ ഈ ഇരുപത്തെട്ടുകാരൻ.

ഏതൊരു ട്വന്റി20 ടീമും കൊതിക്കുന്ന ചേരുവകളെല്ലാം വിഷ്ണുവിൽ പാകത്തിനുണ്ടെന്നതാണ് ലേലത്തിൽ പ്രതീക്ഷ നൽകുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പറെയും പിഞ്ച് ഹിറ്ററെയും തേടുന്നവർ വിഷ്ണുവിനെ ടീമിലെത്തിക്കുമെന്ന് ഉറപ്പ്. 

∙ വേണം രണ്ടാം വരവ്

2017ൽ വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കുപ്പായത്തിൽ വിഷ്ണു ഐപിഎലിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കെ.എൽ. രാഹുലിന്റെ പകരക്കാരനായെത്തിയ അന്നു പക്ഷേ, അവസരം മുതലാക്കാനായില്ല. 3 മത്സരങ്ങളിൽനിന്ന് 19 റൺസേ നേടാനായുള്ളൂ. ഡൽഹിക്കെതിരായ മത്സരത്തിൽ സഹീർ ഖാനെ സിക്സർ പറത്തിയതാണ് ഓർത്തിരിക്കാനുള്ള നിമിഷം. അതേ വർഷം ദേവ്‌ധർ ട്രോഫിയിൽ ഇന്ത്യ എ ടീമിനായി കളിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. 

vishnu-vinod-1

കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ചേർത്തെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. എന്നാൽ റിക്കി പോണ്ടിങ്ങും പ്രവീൺ ആംറെയുമടങ്ങുന്ന പരിശീലക സംഘത്തിന്റെ സേവനം വിഷ്ണു കാര്യമായി ഉപയോഗപ്പെടുത്തിയെന്നു വേണം കരുതാൻ. ഇത്തവണത്തെ ആഭ്യന്തര ടൂർണമെന്റുകളിലെ പ്രകടനം അതാണ് അടിവരയിടുന്നത്. 4 വർഷം മുൻപ് ആർസിബിക്ക് കളിച്ച താരത്തിൽനിന്ന് ഏറെ പക്വത നേടിയിരിക്കുന്നു വിഷ്ണുവിലെ ക്രിക്കറ്റർ. 

∙ സിക്സറടിക്കാൻ ഇഷ്ടം

ബോളറെ പേടിപ്പിക്കുന്ന ആകാരമൊന്നുമില്ലെങ്കിലും ഇഷ്ടം പോലെ സിക്സറടിക്കാൻ പറ്റുന്നതാണ് വിഷ്ണുവിനെ അപകടകാരിയാക്കുന്നത്. ഫോമിന്റെ തിരി കത്തിത്തുടങ്ങിയാൽ പിന്നെ വെടിക്കെട്ടാണ്. വിഷ്ണു വന്നുപെടുന്ന മാച്ച് സിറ്റുവേഷനാണ് ആ പൊട്ടിത്തെറിയുടെ മാറ്റു കൂട്ടുന്നത്. അടുത്തിടെ മികച്ച പ്രകടനങ്ങൾ നടത്തിയതെല്ലാം വെല്ലുവിളി നേരിടുന്ന സന്ദർഭങ്ങളിലായിരുന്നു. അവയെല്ലാം ആരാധകരുടെ മനസ്സിൽ നിൽക്കുകയും ചെയ്യും.

vishnu-vinod-1

വിജയ് ഹസാരെയിൽ മഹാരാഷ്ട്രയെ അടിയറവു പറയിച്ചത് അത്തരത്തിലൊരു പ്രകടനമായിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ സെഞ്ചുറിയിൽ 293 റൺസെടുത്ത മഹാരാഷ്ട്രയെ പിന്തുടർന്ന കേരളം 120 റൺസിന് 6 വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയുടെ മുന്നിലായിരുന്നു. ഏഴാമാനായെത്തിയ വിഷ്ണു സിജോമോനെ കൂട്ടുപിടിച്ച് കളി ജയിപ്പിക്കുമ്പോൾ 82 പന്തിൽ സെഞ്ചുറിയിലെത്തിയിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിൽ ചില കളികളിൽ മുന്നേറ്റക്കാർ കളി ജയിപ്പിച്ചതിനാൽ ബാറ്റിങ്ങിന് വിഷ്ണുവിന് കാര്യമായി അവസരം ലഭിച്ചില്ല. കേരളം തോറ്റ കളികളിലെ വിഷ്ണുവിന്റെ പ്രകടനമാണ് ശ്രദ്ധ നേടിയത്. ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിനെതിരെ നേടിയത് 26 പന്തിൽ 65 റൺസാണ്. 7 സിക്സറുകളാണ് അഴകു വിടർത്തി ബൗണ്ടറിയെ ചുംബിച്ചത്. റെയിൽവേസിനോട് ചെറിയ റൺസിന് തോറ്റ മത്സരത്തിലും 43 പന്തിൽ 62 റൺസുമായി വിഷ്ണു പൊരുതി.

കേരളത്തിനായി 2014ൽ ട്വന്റി20 അരങ്ങേറ്റം കുറിച്ച വിഷ്ണു ഇതുവരെ 43 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1096 റൺസ് നേടി. 34.20 ശരാശരി. 141.56 ആണ് സ്ട്രൈക് റേറ്റ്. 38 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 5 സെഞ്ചുറിയോടെ 1499 റൺസും നേടിയിട്ടുണ്ട്. ശരാശരി 42.82. 2019ൽ 8 മത്സരങ്ങളിൽനിന്ന് 508 റൺസടിച്ച് വിജയ് ഹസാരെയിൽ കേരളത്തിന്റെ ടോപ് സ്കോററായിരുന്നു. 

English Summary: Vishnu Vinod proves his worth in white-ball cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com