ADVERTISEMENT

ന്യൂഡൽഹി∙ സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ചെയ്തികൾക്കെതിരെ തുറന്നടിച്ച് ഹർഭജൻ സിങ്. 31–ാം വയസ്സിൽ ടെസ്റ്റിൽ 400 വിക്കറ്റ് കടമ്പ കടന്ന തനിക്ക്, അർഹിച്ച പിന്തുണ ലഭിച്ചിരുന്നെങ്കിൽ 100–150 വിക്കറ്റുകൾ കൂടി നേടാൻ അനായാസം സാധിക്കുമായിരുന്നുവെന്ന് ഹർഭജൻ അവകാശപ്പെട്ടു. താൻ ടീമിൽനിന്ന് പുറത്താകുന്ന കാലത്ത് മഹേന്ദ്രസിങ് ധോണിയായിരുന്നു ടീം നായകനെന്ന് ചൂണ്ടിക്കാട്ടിയ ഹർഭജൻ, ബിസിസിഐയിലെ ചിലരുടെ താൽപര്യമാണ് ടീമിൽ തന്റെ ഇടം നഷ്ടമാക്കിയതെന്നും തുറന്നടിച്ചു.

ടീമിൽനിന്ന് താൻ പുറത്താകാൻ കാരണം ബിസിസിഐയിലെ ചിലരാണെന്ന് പറഞ്ഞെങ്കിലും, അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിക്കും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നുവെന്നാണ് ഹർഭജന്റെ ആരോപണം. തന്നെ ടീമിൽനിന്ന് തഴയാനുള്ള നിർദ്ദേശം ബിസിസിഐ നൽകിയപ്പോൾ, അതിനെ ക്യാപ്റ്റനും പിന്തുണച്ചിരിക്കാമെന്നാണ് ഹർഭജന്റെ വാദം.

‘എക്കാലവും ഭാഗ്യം എനിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ, മറ്റു ചില ഘടകങ്ങൾ എക്കാലവും എനിക്കെതിരായിരുന്നു. പൂർണമായും അവ എനിക്ക് എതിരു നിന്നു. എന്റെ മികച്ച രീതിയിലുള്ള ബോളിങ്ങും കളത്തിലെ പ്രകടനങ്ങളുമാകാം അതിനു കാരണം. 31–ാം വയസ്സിൽ ടെസ്റ്റിൽ 400 വിക്കറ്റ് സ്വന്തമാക്കിയ ആളാണ് ഞാൻ. ഒരു 4–5 വർഷം കൂടി കളിച്ചിരുന്നെങ്കിൽ എന്റെ നിലവാരം വച്ച് 100–150 വിക്കറ്റ് കൂടി അനായാസം നേടാൻ കഴിയുമായിരുന്നു’ – ഹർഭജൻ പറഞ്ഞു.

‘ശരിയാണ്. അന്ന് മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യൻ നായകൻ. പക്ഷേ, എന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനങ്ങളും ധോണിയുടെ പരിധിയിൽ നിൽക്കുന്ന വിഷയമായിരുന്നില്ല. ഇക്കാര്യത്തിൽ ഇടപെട്ടിരുന്ന ചില ബിസിസിഐ അധികൃതരുമുണ്ടായിരുന്നു. അവർക്ക് എന്നെ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അതിനെ ക്യാപ്റ്റനെന്ന നിലയിൽ ധോണി പിന്തുണച്ചിട്ടുണ്ടാകും. പക്ഷേ, ക്യാപ്റ്റൻ ഒരിക്കലും ബിസിസിഐയ്ക്കു മുകളിലല്ല. എക്കാലവും ബിസിസിഐ അധികൃതർ തന്നെയാണ് ക്യാപ്റ്റനേക്കാളും പരിശീലകനേക്കാളും ടീമിനേക്കാളും വലുത്’ – ഹർഭജൻ പറഞ്ഞു.

അതേസമയം, ധോണിക്ക് ബിസിസിഐയിൽനിന്ന് ആവശ്യത്തിലധികം പിന്തുണ ലഭിച്ചിരുന്നതായും ഹർഭജൻ തുറന്നടിച്ചു.

‘മറ്റു താരങ്ങളേക്കാൾ ബിസിസിഐയിൽനിന്ന് ഉറച്ച പിന്തുണ ലഭിച്ച വ്യക്തിയാണ് ധോണി. മറ്റു കളിക്കാർക്കും സമാനമായ പിന്തുണ ലഭിച്ചിരുന്നെങ്കിൽ അവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു. അല്ലാതെ മറ്റു കളിക്കാർക്ക് കളിക്കാൻ അറിയാഞ്ഞിട്ടല്ല’ – ഹർഭജൻ പറഞ്ഞു.

വിരമിക്കൽ മത്സരം ലഭിക്കാതെ കളമൊഴിയേണ്ടി വന്നതിലുള്ള വിഷമമവും ഹർഭജൻ പങ്കുവച്ചു.

‘ഇന്ത്യൻ ജഴ്സി അണിഞ്ഞുതന്നെ കളമൊഴിയണമെന്നാണ് എല്ലാ താരങ്ങളുടെയും ആഗ്രഹം. പക്ഷേ, ഇക്കാര്യത്തിൽ ഭാഗ്യം എന്നെ സഹായിച്ചില്ല. ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കില്ലല്ലോ. വി.വി.എസ്. ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ് തുടങ്ങിയ വമ്പൻ താരങ്ങളെല്ലാം അർഹിക്കുന്ന രീതിയിൽ വിരമിക്കാനുള്ള അവസരം ലഭിക്കാതെ പോയവരാണ്’ – ഹർഭജൻ ചൂണ്ടിക്കാട്ടി.

English Summary: Harbhajan Singh blames MS Dhoni & BCCI for Team India ouster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com