ADVERTISEMENT

മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകനായി പേസ് ബോ‌ളർ ജസ്പ്രീത് ബുമ്രയെ നിയമിച്ച സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനം വിസ്മയിപ്പിച്ചെന്ന് മുൻ താരവും സിലക്ടറുമായ സാബാ കരിം. പരുക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ കെ.‌എൽ. രാഹുൽ നയിക്കുന്ന ടീമിന്റെ ഉപനായകനായാണ് സിലക്ടർമാർ ബുമ്രയെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി 18 അംഗ ടീമിനെയാണ് കഴിഞ്ഞ ദിവസം സിലക്ടർമാർ പ്രഖ്യാപിച്ചത്.‌‌

ഐപിഎൽ ടീമുകളെ നയിച്ച് പരിചയമുള്ള ഋഷഭ് പന്ത്, ശ്രേയസ് അയ്യർ തുടങ്ങിയവരെ തഴഞ്ഞാണ് ജസപ്രീത് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കിയത്. ഇന്ത്യൻ ടീമിന്റെ നേതൃസംഘത്തിന്റെ ഭാഗമാകാൻ ജസ്പ്രീത് ബുമ്രയ്ക്ക് ലഭിച്ച സുവർണാവസരമാണ് ഇതെന്ന് ടീം പ്രഖ്യാപിച്ചുകൊണ്ട് ചീഫ് സിലക്ടർ ചേതൻ ശർമ വ്യക്തമാക്കിയിരുന്നു.

കെ.‌എൽ. രാഹുലിനെ നായകനായി നിയോഗിച്ച സിലക്ഷൻ കമ്മിറ്റി, ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കുമെന്നാണ് താൻ കരുതിയതെന്ന് സാബാ കരിം പറഞ്ഞു.

‘സത്യത്തിൽ ആ തീരുമാനം എന്നെ വിസ്മയിപ്പിച്ചു. ജസ്പ്രീത് ബുമ്ര വൈസ് ക്യാപ്റ്റനായി എത്തുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല’ – സാബാ കരിം പറഞ്ഞു.

‘ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അദ്ദേഹവും എല്ലാ ഫോർമാറ്റിലും ടീമിൽ സ്ഥിരസാന്നിധ്യമാണല്ലോ. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20 ടീമിലും അദ്ദേഹം ഇന്ത്യൻ ‍ടീമംഗമാണ്. മാത്രമല്ല, ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് പന്തിന്റേത്. കളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവഗാഹവും നായകനെന്ന നിലയിലുള്ള വളർച്ചയും നാം കാണുന്നതുമാണ്’ – സാബാ കരിം പറഞ്ഞു.

‘ജസ്പ്രീത് ബുമ്ര പ്രതിഭാധനനായ താരമാണ്. ഇന്ത്യൻ ടീമിൽ സുപ്രധാന സ്ഥാനമാണ് ബുമ്രയ്ക്കുള്ളത്. അതിലൊന്നും തർക്കമില്ല. പക്ഷേ, അദ്ദേഹം ഇന്നുവരെ ഒരിടത്തും ക്യാപ്റ്റനായി നാം കണ്ടിട്ടില്ല. അതുകൊണ്ടാണ് സിലക്ടർമാരുടെ തീരുമാനം വിസ്മയിപ്പിക്കുന്നത്. ഋഷഭ് പന്തിനാണ് സാധ്യത കൂടുതലെന്നാണ് ഞാൻ കരുതിയത്’ – കരിം പറഞ്ഞു.

English Summary: Didn't expect Jasprit Bumrah to be named vice-captain, says former selector Saba Karim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com