ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ദേശീയ ടീമിനായി അദ്ഭുതങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള താരമാണ് ഋതുരാജ് ഗെയ്ക്‌വാദെന്ന് സിലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ചേതൻ ശർമ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് ചേതൻ ശർമയുടെ വാക്കുകൾ. ഇന്ത്യൻ പ്രിമിയർ ലീഗിലെയും (ഐപിഎൽ) ആഭ്യന്തര ക്രിക്കറ്റ‌് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിലെയും മിന്നുന്ന പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സ് താരമായ ഈ മഹാരാഷ്ട്ര നായകെന ഇന്ത്യൻ ടീമിലെത്തിച്ചത്. ജനുവരി 19, 21, 23 തീയതികളിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ഏകദിന മത്സരങ്ങൾ കളിക്കുന്നത്.

ഐപിഎൽ 14–ാം സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്ന ഋതുരാജ് ഗെയ്‌ക്‌വാദിന്റെ പ്രകടനമാണ് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായത്. പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ കേരളം ഉൾപ്പെടെയുള്ള ടീമുകൾക്കെതിരെ തുടർച്ചയായി സെ‍‍ഞ്ചുറികൾ കുറിച്ച് തകർപ്പൻ പ്രകടനവുമായി കയ്യടി നേടി.

ചേതൻ ശർമ അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസാണ് ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയുടെ ‌അ‌ഭാവത്തിൽ കെ.‌എൽ. രാഹുലാണ് ഇത്തവണ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.‌‌

‘നോക്കൂ, ഋതുരാജ് ഗെയ്ക്‌വാദിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരിക്കുന്നത് കൃത്യസമയത്താണ്. ഇതിനു മുൻപ് അദ്ദേഹത്തെ ഇന്ത്യൻ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോ‌ൾ ഏകദിന ടീമിലും അവസരം ലഭിച്ചു. ഗെയ്ക്‌വാദിനെ ഏതു സ്ഥാനത്ത് ഉൾപ്പെടുത്തിയാലും ദേശീയ ടീമിനായി അദ്ഭുതങ്ങൾ ചെയ്യാൻ അദ്ദേഹത്തിനു കഴിയുമെന്ന് സിലക്ഷൻ കമ്മിറ്റിക്ക് ഉറപ്പുണ്ട്’ – ടീം പ്രഖ്യാപനത്തിനുശേഷം ചേതൻ ശർമ പറഞ്ഞു.‌‌

‘ഞങ്ങൾ ഗെയ്ക്‌വാദിനെ ടീമിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഇനി എപ്പോ‌ൾ കളിപ്പിക്കണമെന്നത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്. ടീം ഘടനയിൽ അദ്ദേഹത്തെ ‌എങ്ങനെ ഉൾപ്പെടുത്താം, എന്ത് ഉത്തരവാദിത്തമാകും ഗെയ്ക്‌വാദിനു നൽകുക തുടങ്ങിയ കാര്യങ്ങളും ടീം മാനേജ്മെന്റ് തീരുമാനിക്കും’ – ചേതൻ ശർമ പറഞ്ഞു.

‘നിലവിൽ ഗെയ്ക്‌വാദ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയിരുന്നു. ഇപ്പോ‌‌ൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമിലും ഇടം ലഭിച്ചു. മികച്ച പ്രകടനത്തിന് അദ്ദേഹത്തിനു ലഭിച്ച പ്രതിഫലമാണ് ഇന്ത്യൻ ടീമിലെ സ്ഥാനം’ – ശർമ ചൂണ്ടിക്കാട്ടി.

English Summary: Ruturaj Gaikwad will do wonders for Indian team, feels chief selector Chetan Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com