ADVERTISEMENT

ജൊഹാനാസ്ബർഗ്∙ വിരാട് കോലിയെ ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് വിവാദം കത്തിനിൽക്കെ, അദ്ദേഹം മികച്ച ക്യാപ്റ്റനാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. കോലിയുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യൻ ക്രിക്കറ്റിനെ ഗ്രസിച്ചുനിൽക്കുന്ന സമയത്തും അതൊന്നും ടീമിനെ ബാധിക്കാതെ ഇന്ത്യയെ ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ കോലിക്കു സാധിച്ചെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ആഴ്ചയായി പരിശീലനത്തിലും ടീമംഗങ്ങളുമായുള്ള ബന്ധത്തിലും കോലി പുലർത്തുന്ന ശ്രദ്ധയും കരുതലും ശ്രദ്ധേയമാണെന്നും ദ്രാവിഡ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് ബിസിസിഐയുമായി ഇടഞ്ഞുനിൽക്കുന്ന കോലിയെ ദ്രാവിഡ് പുകഴ്ത്തിയത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപ് വാർത്താ സമ്മേളനത്തിൽ കോലി നടത്തിയ ചില പരാമർശങ്ങളും വെളിപ്പെടുത്തലുകളും ഇന്ത്യൻ ക്രിക്കറ്റിൽ വിവാദമായി മാറിയിരുന്നു. ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് തന്നെ നീക്കിയതുമായി ബന്ധപ്പെട്ടായിരുന്നു കോലിയുടെ പരാമർശങ്ങൾ. ഇതിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരായ ചില പരാമർശങ്ങളുമുണ്ടായിരുന്നു. വിവാദം കത്തിപ്പിടിച്ചെങ്കിലും അതേസമയത്ത് സെഞ്ചൂറിയനിലെ ഒന്നാം ടെസ്റ്റിൽ മികച്ച രീതിയിൽ ഇന്ത്യയെ നയിച്ച കോലി, 113 റൺസിന്റെ തകർപ്പൻ വിജയവും ടീമിനു സമ്മാനിച്ചു.

‘പുറത്ത് ഒട്ടേറെ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ സയമത്തും ഇതു തന്നെയായിരുന്നു സ്ഥിതി. ഇന്ത്യൻ ടീമിന്റെ നായകനായ വിരാട് കോലി ഉൾപ്പെട്ട പ്രശ്നമെന്ന നിലയിൽ, ടീമിന്റെ ആത്മവിശ്വാസം ഉയർത്തിപ്പിടിച്ച് മുന്നിൽനിന്ന് നയിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, കഴിഞ്ഞ 20 ദിവസത്തോളമായി പരിശീലനത്തിലും ടീമംഗങ്ങളുമായുള്ള ബന്ധത്തിലും കോലിയുടെ ഇടപെടലുകളെ ഉജ്വലമെന്നു തന്നെ പറയണം’ – ദ്രാവിഡ് പറഞ്ഞു.

‘പരിശീലകനെന്ന നിലയിൽ മത്സരം ആരംഭിച്ചു കഴിഞ്ഞാൽ എനിക്കു ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. പക്ഷേ, മത്സരത്തിനു മുൻപ് മികച്ച ഒരുക്കം ഉറപ്പാക്കാനും ടീമംഗങ്ങളുടെ ആത്മവിശ്വാസം ഉയർത്താനുമാണ് നമ്മൾ ശ്രദ്ധിക്കുന്നത്. ഇക്കാര്യത്തിൽ കോലിയെ സമ്മതിച്ചേ തീരൂ. കഴിഞ്ഞ രണ്ട് ആഴ്ചയായി പരിശീലനത്തിലും ടീമംഗങ്ങളുമായുള്ള ബദ്ധത്തിലും കോലി പുലർത്തുന്ന മികവിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഏറ്റവും മികച്ച നേതാവും ക്യാപ്റ്റനുമാണ് കോലി. പുറത്തെ പ്രശ്നങ്ങൾ ടീമിനെ ബാധിക്കാതെ മുന്നോട്ടുപോകാനും ടീമംഗങ്ങൾക്ക് ആത്മവിശ്വാസം നൽകാനും കോലിക്ക് കഴിഞ്ഞു’ – ദ്രാവിഡ് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിൽ വിരാട് കോലിയിൽനിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് ദീർഘനാളായതിനെക്കുറിച്ചും ദ്രാവിഡ് മനസ്സു തുറന്നു. ഏതാണ്ട് രണ്ടു വർഷത്തോളമായി കോലിയിൽനിന്ന് സെഞ്ചുറികൾ പിറന്നിട്ടില്ല.

‘കോലിയേപ്പോലൊരു വ്യക്തിക്കൊപ്പം ജോലി ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. വ്യക്തിപരമായും കോലി കൊള്ളാം. ബാറ്റിങ്ങിൽ അദ്ദേഹത്തിനു മികച്ച തുടക്കങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതൊന്നും വലിയ സ്കോറുകളാക്കി മാറ്റാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം. പക്ഷേ അത് താൽക്കാലികമായ പ്രശ്നം മാത്രമായിട്ടാണ് എനിക്കു തോന്നുന്നത്. കോലിയുടെ പരിശീലനം നിരീക്ഷിക്കുമ്പോൾത്തന്നെ വലിയ സ്കോറുകൾ പിറക്കുമെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷേ, അടുത്ത മത്സരത്തിൽത്തന്നെ എന്ന് ഉറപ്പിക്കാനാകില്ലെങ്കിലും വലിയ സ്കോറുകളുമായി കോലി ഉടൻ തിരിച്ചെത്തും’ – ദ്രാവി‍ഡ് പറഞ്ഞു. 

English Summary: Virat Kohli has been credit to Indian cricket in last 2 weeks despite all the noise around him: Rahul Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com