ADVERTISEMENT

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നിരാശപ്പെടുത്തിയെങ്കിലും, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവരെ തുടർന്നും വിശ്വാസത്തിലെടുക്കണമെന്നു മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. പഴയ ഫോമിന്റെ അടുത്തെങ്ങുമെത്താത്ത ക്യാപ്റ്റൻ വിരാട് കോലിയെ ടീം മാനേജ്മെന്റ് പിന്തുണയ്ക്കുമ്പോൾ, ഇതു പൂജാരയ്ക്കും രഹാനെയ്ക്കും കൂടി ബാധകമാക്കണമെന്നും ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബസിനോടു നെഹ്റ പ്രതികരിച്ചു.

വാണ്ടറേഴ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പൂജാര 3 റൺസിനും രഹാനെ റൺ നേടാനാകാതെയുമാണു പുറത്തായത്. ഇതോടെ, ഇതുവരെയും ടീമിൽനിന്നു പുറത്താക്കണമെന്ന് മുൻ താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു.

‘വിരാട് കോലി അടുത്തിടെ നേടുന്ന റൺസ് നോക്കൂ. കോലിയും നിരാശപ്പെടുത്തുന്നുണ്ട്. പക്ഷേ കോലിയുടെ ടീം സ്ഥാനത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ? 

കോലി ക്യാപ്റ്റനാണെന്ന കാര്യത്തിലും, മറ്റു 2 ബാറ്റർമാരുമായി താരതമ്യം ഇല്ലാത്ത വിധത്തിലുമായിരുന്നു കോലിയുടെ പ്രകടനം എന്നതിലും തർക്കമില്ല. ഇവരെ താരതമ്യം ചെയ്യുന്നതു ശരിയല്ല. പക്ഷേ, മികച്ച ഫോമിൽ കളിച്ചിരുന്ന കാലത്തു കോലിക്കു മാത്രം പിന്നിലായിരുന്നു ഇരുവരുടെയും സ്ഥാനം. പൂജാരയുടേത് പ്രത്യേകിച്ച്.

ആദ്യ ടെസ്റ്റിൽ രഹാനെയെയാണു പിന്തുണച്ചതെങ്കിൽ, പരമ്പര അവസാനിക്കുന്നതു വരെ ഇതു തുടരുകയാകും ഉചിതം. ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച രഹാനെ, പരമ്പരിയിലെ 2–ാം ടെസ്റ്റിൽ കോലി മടങ്ങിയെത്തിയതോടെ ടീമിനു പുറത്തായിരുന്നു (പരുക്കിനെത്തുടർന്നാണിത് എന്നാണ് ഔദ്യോഗിക വിശദീകരണം). 

പൂജാരയും രഹാനെയും ഫോമിലല്ല എന്നതിനോടു ഞാൻ യോജിക്കുന്നു. പക്ഷേ, നിർണായക പരമ്പരയുടെ മധ്യത്തിൽ, താരങ്ങളെ മാറ്റുക എന്നതു ശ്രമകരമായ തീരുമാനമാണ്. 

ശ്രേയസ് അയ്യർ, ഹനുമ വിഹാരി എന്നിവരെക്കാൾ പരിഗണന നൽകി രഹാനെയെ ടീമിൽ ഉൾപ്പെടുത്തിയെങ്കിൽ, പരമ്പര അവസാനിക്കുന്നതുവരെ ഇതു തുടരണമെന്നാണ് എന്റെ പക്ഷം. ഒന്നോ രണ്ടോ ടെസ്റ്റിനിടെ ഒന്നും സംഭവിക്കാനില്ല. ഇരുവരും കുറച്ചേറെ നാളായി ഫോമിലല്ല. ടീം ജയിച്ചു നിൽക്കുന്ന സാഹചര്യമാണെങ്കിൽ ഇരുവർക്കും ഒന്നോ രണ്ടോ അവസരം കൂടി നൽകുന്നതിൽ എന്താണു തെറ്റ്? പരമ്പര അവസാനിച്ചതിനു ശേഷം ഇരുവരുടെയും കാര്യത്തിൽ തീരുമാനം എടുക്കുന്നതാകും ഉചിതം’– നെഹ്റയുടെ വാക്കുകൾ. 

 

English Summary: 'Even Kohli has similar numbers but nobody is questioning his place': Ex-India pacer backs Rahane, Pujara amid flop show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com