നിലയുറപ്പിക്കാൻ പൂജാരയും രഹാനെയും; രണ്ടാം ദിനം ഇന്ത്യയ്ക്ക് 58 റൺസ് ലീഡ്

shardul thakur
ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ശാർദൂൽ ഠാക്കൂർ. (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം).
SHARE

ജൊഹാനസ്ബെർഗ്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യയ്ക്ക് 58 റണ്‍സ് ലീഡ്. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലാണ്. ചേതേശ്വർ പൂജാരയും (42 പന്തിൽ 35), അജിൻക്യ രഹാനെയുമാണു (22 പന്തിൽ 11) ക്രീസിൽ. ക്യാപ്റ്റൻ കെ.എൽ. രാഹുൽ (21 പന്തിൽ എട്ട്), മയാങ്ക് അഗർവാൾ (37 പന്തിൽ 23) എന്നിവരാണു പുറത്തായത്.

ശാർദൂലിന് 7 വിക്കറ്റ്, ദക്ഷിണാഫ്രിക്ക 229നു പുറത്ത്

2–ാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 229 റൺസിനു പുറത്തായിരുന്നു. 7 വിക്കറ്റ് പ്രകടനത്തോടെ കളം നിറഞ്ഞ ശാർദൂൽ ഠാക്കൂറാണ് കൈവിട്ടുപോയി എന്നു തോന്നിച്ച മത്സരത്തിൽ ഇന്ത്യയെ തിരികെയെത്തിച്ചത്. 17.5 ഓവറിൽ 61 റൺസ് വഴങ്ങിയാണ് ശാർദൂലിന്റെ 7 വിക്കറ്റ് പ്രകടനം. ടെസ്റ്റ് കരിയറിൽ ആദ്യമായാണ് ശാർദൂൽ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. മുഹമ്മദ് ഷമി 52 റൺസിനു 2 വിക്കറ്റെടുത്തപ്പോൾ, ജസ്പ്രീത് ബുമ്ര 49 റൺസിന് ഒരു വിക്കറ്റെടുത്തു. 

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 റൺസിനു പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ 27 റൺസിന്റെ നിർണായക ലീഡ് നേടാനായത് ആതിഥേയർക്കു നേട്ടമാണ്. ഒരു വിക്കറ്റിന് 88 എന്ന ശക്തമായ നിലയിൽനിന്ന് 4 വിക്കറ്റിന് 102 എന്ന സ്കോറിലാണ് ആതിഥേയർ ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. ദക്ഷിണാഫ്രിക്ക, സ്കോർബോർഡിൽ 14 റൺസ് ചേർക്കുന്നതിനിടെയാണു ശാർദൂല്‍ 3 വിക്കറ്റുകളും പിഴുതത്. അർധ സെഞ്ചുറി നേടിയ കീഗൻ പീറ്റേഴ്സനും (62), തെംബ ബവൂമയുമാണു (51) ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ആദ്യ സെഷനിൽ ക്യാപ്റ്റൻ ഡീൽ എൽഗാറിനെയും (28), പീറ്റേഴ്സനെയും പുറത്താക്കിയ ശാർദൂൽ, ലഞ്ചിനു തൊട്ടുമുൻപു റസ്സി വാൻ ഡർ ദസ്സനെ (1) ഋഷഭ് പന്തിന്റെ കൈകളിലുമെത്തിച്ചു.

2–ാം വിക്കറ്റിൽ 72 റൺ‌സ് ചേർത്ത പീറ്റേഴ്സൻ– എൽഗാർ സഖ്യം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മുൻതൂക്കം നൽകിയിരുന്നു. ക്യാപ്റ്റൻ ഡീൻ എൽഗാറാണ് (28) 2–ാം ദിനം ആദ്യം പുറത്തായത്. ഋഷഭ് പന്തിനായിരുന്നു ക്യാച്ച്. 120 പന്ത് നേരിട്ടാണ് എൽഗാർ 4 ബൗണ്ടറി സഹിതം 28 റൺസ് എടുത്തത്. ദക്ഷിണാഫ്രിക്കൻ ടോട്ടൽ 100 കടന്നതിനു പിന്നാലെ ശാർദൂലിനെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിനിടെ മയാങ്ക് അഗർവാളിനു ക്യാച്ച് നൽകി പീറ്റേഴ്സനും മടങ്ങി.

ലഞ്ചിനു ശേഷം 5–ാം വിക്കറ്റിൽ 60 റൺസ് ചേർത്ത ബവൂമ– വിക്കറ്റ് കീപ്പർ ബാറ്റർ കെയ്ൽ വെരെയ്ൻ സഖ്യം ഇന്ത്യയെ ആശങ്കയിലാക്കിയെങ്കിലും, പിന്നീട് 17 റൺസിനിടെ 3 വിക്കറ്റെടുത്ത് ഇന്ത്യ തിരിച്ചടിച്ചു.വെരെയ്നെ (21) വിക്കറ്റിനു മുന്നിൽ കുരുക്കിയ ശാർദൂൽ പിന്നീടു ബവൂമയെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. കഗീസോ റബാദയെ (0) പുറത്താക്കി മുഹമ്മദ് ഷമിയും കരുത്തുകാട്ടി. ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 191 എന്ന സ്കോറിലാണു ചായയ്ക്കു പിരിഞ്ഞത്. മാർക്കോ ജാൻസെൻ (21), കേശവ് മഹാരാജ് (21) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കു നിർണായക റൺ സംഭാവന നൽകി. 

English Summary: India vs South Africa Second test Day-2 live updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA