ഒരുക്കം വയനാട്ടിലെ ഭാഗ്യ ഗ്രൗണ്ടിൽ; ര‍ഞ്ജി ട്രോഫിക്കു കേരളം ‘റെഡി’യാണ് !

Sreesanth-Kerala-Ranji-Team-1248
കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തിനിടെ ടീമംഗങ്ങളോടു സംസാരിക്കുന്ന എസ്. ശ്രീശാന്ത്. ക്യാപ്റ്റൻ സച്ചിൻ ബേബി സമീപം. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙മനോരമ
SHARE

കൃഷ്ണഗിരി (വയനാട്) ∙ ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനൽ കളിച്ച മണ്ണാണു കൃഷ്ണഗിരിയിലേത്. ബെംഗളൂരുവിൽ അടുത്ത ര‍ഞ്ജി കളിക്കാൻ കേരളം പോകുന്നതും ഇവിടെനിന്നാണ്. വയനാട്ടിലെ ഈ ഭാഗ്യഗ്രൗണ്ടിൽ ടീം മെനയുന്ന തന്ത്രങ്ങൾ വിജയിച്ചാൽ ബെംഗളൂരുവിലെ രഞ്ജി ടൂർണമെന്റും ചരിത്രമായി മാറും.

കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഒരു മോട്ടിവേഷനൽ സ്പീക്കറുടെ റോളിൽ ടീമിനൊപ്പം എസ്. ശ്രീശാന്ത് ഉണ്ട്. ടീമിന്റെ മെന്ററായാണ് കോച്ച് ടിനു യോഹന്നാൻ എന്നെ കാണുന്നത്. കളിക്കാൻ അവസരം കിട്ടിയാൽ വലിയ ഭാഗ്യം- ശ്രീശാന്ത് പറഞ്ഞു. ടിനുവിന്റെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ടീം കൃഷ്ണഗിരിയിലുണ്ടാകും. ടീമംഗങ്ങളെ ചുറ്റുമിരുത്തിയാണു ശ്രീശാന്തിന്റെ മോട്ടിവേഷനൽ ടോക്ക്. അരമണിക്കൂറോളം സംസാരിക്കും. ‘നമ്മളിൽ പലരും ഒരുപക്ഷേ ആദ്യമായാവും കാണുന്നത്. പക്ഷേ, കുടുംബാംഗങ്ങളെപ്പോലെയാകണം ഇനിയുള്ള ദിവസങ്ങൾ. പരസ്പരം സഹായിക്കണം. പ്രചോദനമാകണം’- ശ്രീയുടെ ഉപദേശം.

ബത്തേരിയിലെ ഹോട്ടലിലാണ് എല്ലാവരും താമസം. കോവിഡ് നിയന്ത്രണങ്ങളായതിനാൽ ഗ്രൗണ്ട് വിട്ടാൽ ഹോട്ടൽ, ഹോട്ടൽ വിട്ടാൽ ഗ്രൗണ്ട്. വേറൊരു പരിപാടിയുമില്ല- ടിനു യോഹന്നാൻ പറഞ്ഞു. 3 ദിവസം കൂടുമ്പോൾ എല്ലാ കളിക്കാർക്കും ആർടിപിസിആർ നിർബന്ധം. പോസിറ്റീവായാൽ ഔട്ടാകും. 31നാണു ടീം വയനാട്ടിലെത്തിയത്. പുതുവത്സരാഘോഷവും ഇവിടെത്തന്നെയായിരുന്നു.

വിജയ് ഹസാരെ, മുഷ്താഖ് അലി ടൂ‍ർണമെന്റുകളിൽ മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസത്തോടെയാണു കേരളം ഇക്കുറി രഞ്ജിക്കിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച 3 ടൂർണമെന്റിലും നോക്കൗട്ടിലെത്തി. പ്രതിഭയ്ക്കൊത്ത പ്രകടനം നടത്താൻ കളിക്കാർക്കു കഴിയണം. ര‍ഞ്ജി ട്രോഫിയിൽ എല്ലാ കളികളിലും വലിയ സ്കോർ കണ്ടെത്തുക വളരെ പ്രധാനമാണ്.

കുറച്ചു ദിവസങ്ങളേയുള്ളൂവെങ്കിലും ഫിറ്റ്നസ് കൂട്ടാനുള്ള ശ്രമമാണു കൃഷ്ണഗിരിയിൽ ടീം നടത്തുന്നത്. 13ന് വിദർഭയ്ക്കെതിരെയാണ് ആദ്യ മാച്ച്. 2019ൽ കൃഷ്ണഗിരിയിൽ നടന്ന രഞ്ജി സെമിയിൽ വിദർഭയായിരുന്നു കേരളത്തിന്റെ എതിരാളികൾ. ബെംഗളൂരുവിലെ കാലാവസ്ഥയും വിക്കറ്റും വയനാട്ടിലേതുപോലെയാണ്. ബെംഗളൂരുവിൽ വിദർഭയെ മറികടക്കാനായാൽ കേരളത്തിനും പ്രതീക്ഷയ്ക്കു വകയുണ്ട്- ടിനു യോഹന്നാൻ പറഞ്ഞു.

English Summary: Kerala Ranji Team Training Session at Wayanad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA