ADVERTISEMENT

മൗണ്ട് മാൻഗാനുവി∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കളായ ന്യൂസീലൻഡ്, ബംഗ്ലദേശിൽനിന്ന് ഇത്തരത്തിലൊരു പ്രകടനം സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചു കാണില്ല, അതും സ്വന്തം നാട്ടിൽ. ബംഗ്ലദേശിനെതിരായ 2 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് 4–ാം ദിവസം പൂർത്തിയാകുമ്പോൾ തോൽവി ഒഴിവാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണു കിവീസ്. സ്കോർ– ന്യൂസീലൻഡ്: 328, 147–5; ബംഗ്ലദേശ്: 458.

5 വിക്കറ്റും ഒരു ദിവസത്തെ കളിയും ശേഷിക്കെ ബംഗ്ലദേശിനെക്കാൾ 17 റൺസ് മാത്രം മുന്നിലാണു കിവീസ്. ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് നേടിയ 130 റൺസിന്റെ നിർണായക ലീഡാണ് കിവീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. 

ആദ്യ ഇന്നിങ്സിൽ 176.2 ഓവർ ബാറ്റു ചെയ്ത ബംഗ്ലദേശ്, 2010നു ശേഷം ന്യൂസീലൻഡ് മണ്ണിൽ ഏറ്റവും അധികം ഓവർ ബാറ്റു ചെയ്യുന്ന സന്ദർശക ടീം എന്ന റെക്കോർഡും സ്വന്തമാക്കി. 2013ലെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് റെക്കോർ‌ഡാണ് (170 ഓവറിൽ 421–6) മറികടന്നത്. 

മെഹ്മദുൽ ഹസർ (78), ക്യാപ്റ്റൻ മോമിനുൽ ഹഖ് (88), ലിറ്റൻ ദാസ് (86), മെഹ്ദി ഹസൻ (47) എന്നിവരുടെ ബാറ്റിങ് മികവിലാണു ബംഗ്ലദേശ് നിർണായക ലീഡ് നേടിയത്. കൈൽ ജെയ്മിസൻ, ടിം സൗത്തി, ടെന്റ് ബോൾട്ട്, നീൽ വാഗ്നർ എന്നിവർ അടങ്ങുന്ന കിവീസിന്റെ ലോകോത്തര പേസ് നിരയ്ക്കെതിരെയായിരുന്നു ബംഗ്ല താരങ്ങളുടെ വീറുറ്റ പ്രകടനം.

2–ാം ഇന്നിങ്സിൽ 39 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത എബാദത്ത് ഹൊസൈന്റെ മാരക ബോളിങ്ങാണു കിവീസിനെ തകർത്തത്. ഓപ്പണർ ടോം ലാഥത്തെ (14) ടാസ്കിൻ അഹമ്മദ് ബോൾഡാക്കി. വിൽ യങ് (69), ഡെവോൺ കോൺവേ (13), ഹെൻറി നിക്കോൾസ് (0), ടോം ബ്ലണ്ടൽ (0) എന്നിവരുടെ വിക്കറ്റുകളാണ് ഹൊസൈൻ വീഴ്ത്തിയത്. റോസ് ടെയ്‌ലർ (37), രചിൻ രവീന്ദ്ര (6) എന്നിവരാണു ക്രീസിൽ. ന്യൂസീലൻഡ് മണ്ണിൽ ഇതുവരെ കളിച്ച എല്ലാ ടെസ്റ്റിലും ബംഗ്ലദേശിനു തോൽവിയായിരുന്നു ഫലം. ആദ്യ ടെസ്റ്റിൽ സമനില നേടാനായാൽപ്പോലും ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലദേശ് പുതുചരിത്രമെഴുതും.

 

English Summary: NZL vs BAN, First test, day 4- live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com