ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഋഷഭ് പന്തിന്റെ പുറത്താകലിനെ വിമർശിച്ചു മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. ‘റാസി വാൻ ഡർ ദസ്സനുമായുള്ള പന്തിന്റെ സ്ലെഡ്ജിങ് എനിക്കിഷ്ടപ്പെട്ടു. ക്രിക്കറ്റ് കളിക്കുന്നതു മനുഷ്യരാണ്. അതുകൊണ്ടു തന്നെ വൈകാരികത അവിടെ കടന്നുവരും. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റെന്നതു സമ്മർദങ്ങളോടു നിങ്ങളെങ്ങനെ പ്രതികരിക്കുന്നുവെന്നതു കൂടി അടിസ്ഥാനമാക്കിയുള്ളതാണ്’– ഗൗതം ഗംഭീര്‍ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘ഏകദിന ക്രിക്കറ്റിൽ പന്ത് ഇത്തരത്തിലുള്ള ഷോട്ടുകൾ കളിച്ചിരുന്നെങ്കിൽ ഇത്രയും വിമര്‍ശനം ഉണ്ടാകില്ലായിരുന്നു. എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിൽ ഈ ഷോട്ട് കളിക്കുന്നതു ധീരതയെന്നു നിങ്ങൾക്കു വിളിക്കാനാകില്ല, അതു വിഡ്ഢിത്തമാണ്. ഒരുപക്ഷേ 25 മുതൽ 30 റണ്‍സ് വരെ നിങ്ങൾ എടുത്തിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കു മികച്ച വിജയലക്ഷ്യം നൽകാമായിരുന്നു. അങ്ങനെയെങ്കിൽ ഈ മത്സരം ദക്ഷിണാഫ്രിക്കയ്ക്കു നിയന്ത്രിക്കാവുന്നതിനും അപ്പുറം എത്തുമായിരുന്നു.’

‘ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവരേണ്ട ആവശ്യം എന്തായിരുന്നു. ഏറെക്കാലമായി നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നു. ഇത്തരം സമ്മര്‍ദങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു നിങ്ങൾ അറിഞ്ഞിരിക്കണം’– ഗംഭീർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 266 റൺസിനാണ് ഇന്ത്യ പുറത്തായത്. നിലയുറപ്പിച്ചു കളിച്ച അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരുടെ പുറത്താകലിന് ശേഷമെത്തിയ ഋഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെ മടങ്ങുകയായിരുന്നു. മൂന്ന് ബോളുകൾ മാത്രം നേരിട്ട പന്ത് കഗിസോ റബാദയുടെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ വെരെയ്നു ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.

English Summary: 'Not bravery. It's stupidity': Gambhir slams Pant's shot selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com